
കോളെജ് ഹോസ്റ്റലിലെ കഞ്ചാവ് കച്ചവടം! | മുഖപ്രസംഗം
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യമായി നടക്കുന്ന മയക്കുമരുന്നു കച്ചവടവും ഉപയോഗവും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായ രീതിയിൽ നടത്തുന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നതും. എന്നാൽ, അതൊന്നും വേണ്ടരീതിയിൽ ഫലിക്കുന്നില്ലെന്നതാണു വാസ്തവം. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വ്യാപിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു കരുതണം. മയക്കുമരുന്നു ലോബിയുടെ കൈകളിൽ അകപ്പെട്ട് യുവതലമുറ നശിച്ചുപോകാതിരിക്കാൻ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളൊന്നും മതിയാവില്ല. എങ്ങനെയാണ് ഈ വിപത്തിനെ നേരിടേണ്ടതെന്ന് സർക്കാരിനെയും പൊതുസമൂഹത്തെയും നയിക്കുന്നവർ ആലോചിക്കേണ്ടതുണ്ട്. കടലാസുകളിലും വാക്കുകളിലും ഒതുങ്ങുന്ന പദ്ധതികൾ കൊണ്ട് പുതിയ തലമുറയെ സംരക്ഷിക്കാനാവുമെന്നു തോന്നുന്നില്ല. കളമശേരി ഗവൺമെന്‍റ് പോളിടെക്നിക് കോളെജ് മെൻസ് ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവം കേരളത്തെയാകെ ഞെട്ടിക്കുന്നതാണ്.
ഒരു കോളെജ് ഹോസ്റ്റലിൽ ഏതാനും ചിലർ ഇത്രയധികം കഞ്ചാവ് കൊണ്ടുവന്നു വച്ചിരിക്കുന്നു എന്നു പറഞ്ഞാൽ എങ്ങനെയാണ് അതിനെ ചെറുതായി കാണാൻ കഴിയുക. ആരോപണ വിധേയരാവുന്നത് വിദ്യാർഥി സംഘടനകളുടെ നേതാക്കളാണ് എന്നു കൂടിയാവുമ്പോൾ ഭയം ഇരട്ടിക്കുകയാണ്. വിദ്യാർഥി സംഘടനകൾക്കു പരസ്പരം പഴിചാരി രക്ഷപെടാൻ കഴിയില്ല. ഇനിയെങ്കിലും ഈ സംഘടനകളുടെ സംസ്ഥാന നേതാക്കൾ ഒന്നിച്ചുനിന്ന് ഈ സാമൂഹിക വിപത്തിനെതിരേ പോരാടിയാൽ നല്ലത്. താഴെത്തട്ടിലുള്ള കുട്ടിനേതാക്കളെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുത്ത് അഴിച്ചുവിട്ടാൽ കലാലയങ്ങളുടെ അന്തരീക്ഷം ആകെ മോശമാവും. മര്യാദയ്ക്കു പഠിക്കുന്ന കുട്ടികൾക്കു പോലും അവിടെ സ്വസ്ഥമായി ജീവിക്കാൻ കഴിയാതാവും. ഹോസ്റ്റലുകളും ക്യാംപസുകളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെ നിയന്ത്രണത്തിലായിപ്പോവാതിരിക്കേണ്ടതുണ്ട്. കളമശേരി ഹോസ്റ്റലിലെ റെയ്ഡിൽ ചില കുട്ടികളുടെ മുറിയിൽ നിന്നു കണ്ടെടുത്തത് കഞ്ചാവു മാത്രമല്ല, മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കൂടിയാണ്! ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നു പൊലീസിനു ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലിൽ പരിശോധന നടത്തിയത്. രാത്രി ഒമ്പതിനു തുടങ്ങിയ പരിശോധന അവസാനിച്ചതു പുലർച്ചെയായിരുന്നു.
ഇതിനു മുൻപും ഈ ഹോസ്റ്റലിൽ മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടാവാം. പല കുട്ടികളും ഇതിന് അടിമകളായിട്ടുണ്ടാവാം. രണ്ടാഴ്ച മുൻപ് ഏതാനും പൂർവ വിദ്യാർഥികളെ കോളെജിനു സമീപത്തുനിന്ന് കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നതായി പറയുന്നുണ്ട്. ഇതിനു ശേഷം ഇവിടെ പൊലീസ് നിരീക്ഷണമുണ്ടായിരുന്നുവെന്നും പറയുന്നു. വരും ദിവസങ്ങളിലെ പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. അതിന് അന്വേഷണം ആരും തടസപ്പെടുത്താതിരിക്കണം. രാഷ്ട്രീയ സ്വാധീനങ്ങൾ പൊലീസിനു തടസമാവരുത്. വിഷയം ലഘൂകരിച്ച് അധ്യായം അവസാനിപ്പിച്ചതുകൊണ്ടു കാര്യമില്ല. ഹോസ്റ്റലിനെ ചുറ്റിപ്പറ്റി വിശദമായ അന്വേഷണം അത്യാവശ്യമാണ്. കുറ്റക്കാർ രക്ഷപെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും അനിവാര്യം. മയക്കുമരുന്ന് എത്തിക്കുന്നവരെയും അത് അകത്തു വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തണം. ഇനി ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികളും ഹോസ്റ്റലിൽ ഉണ്ടാവണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകൾ ഇത്തരത്തിലാണു പ്രവർത്തിക്കുന്നതെങ്കിൽ എന്തു വിശ്വസിച്ചാണ് രക്ഷിതാക്കൾ കുട്ടികളെ പഠിക്കാൻ അയയ്ക്കുന്നത്. ഹോസ്റ്റലിലുള്ള മുഴുവൻ വിദ്യാർഥികളും തെറ്റുകാരല്ല. വളരെ കുറച്ചു പേർ മാത്രമേ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരായി ഉണ്ടാവൂ. പക്ഷേ, ഒരാൾ പോലും വഴിതെറ്റാതെ നോക്കേണ്ടത് ഹോസ്റ്റൽ നടത്തിപ്പുകാരുടെ ഉത്തരവാദിത്വമാണ്. മയക്കുമരുന്നു ലോബി ഒരു വിദ്യാർഥിയെയും സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൊച്ചിയിലെ കോളെജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മറ്റ് കോളെജ് ഹോസ്റ്റലുകളിലും ഇതുപോലെ മയക്കുമരുന്ന് എത്തിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് ആരൊക്കെയാണ്, എത്രമാത്രം വിദ്യാർഥികൾ അതു വാങ്ങുന്നുണ്ട് എന്നൊക്കെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞാൽ നല്ലത്. കോളെജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ശക്തമായ പൊലീസ് നിരീക്ഷണമുണ്ടെന്നറിഞ്ഞാൽ വിൽപ്പനക്കാർ പിന്തിരിഞ്ഞേക്കാം. വിദ്യാർഥികളെ മയക്കുമരുന്നിൽ നിന്നു രക്ഷപെടുത്താൻ പൊലീസിന് നല്ലൊരു പങ്ക് വഹിക്കാൻ കഴിയുമെന്നു സാരം.
സംസ്ഥാനത്ത് സമീപവർഷങ്ങളിലെ മയക്കുമരുന്നു കേസുകളിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന കണക്കുകൾ അതീവ ഗൗരവത്തിൽ കാണേണ്ടതുണ്ട്. എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം 2020ൽ 4968 കേസുകളും 2021ൽ 5695 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഒരു വർഷം ഇരുപത്താറായിരവും ഇരുപത്തേഴായിരവും മുപ്പതിനായിരവുമൊക്കെ കേസുകളായി കുതിച്ചുയർന്നിരിക്കുകയാണ്. യുവാക്കളും കൗമാരക്കാരും കൂടുതലായി ഇതിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. സംസ്ഥാനത്തു നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും നല്ലൊരു പങ്കും മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്നു പൊലീസ് പറയുന്നുണ്ട്. സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങളും വർധിച്ചിരിക്കുകയാണ്. യുവതലമുറയെ നേർവഴി നടത്താൻ മയക്കുമരുന്നിനു തടയിട്ടേ തീരൂ.