ധർമസ്ഥലയിലെ നുണ ബോംബ്

കർണാടകവും കേരളവുമൊക്കെ അക്ഷരാർഥത്തിൽ മുൾമുനയിലായി.
The hoax bomb in Dharmasthala

ധർമസ്ഥലയിലെ നുണ ബോംബ്

Updated on

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ കേരളത്തിന്‍റെ കൂടി അതിർത്തി പ്രദേശമാണു ബെൽത്തങ്ങാടി താലൂക്കിലെ മഹാ ക്ഷേത്രനഗരം ധർമസ്ഥല. ജൈന മതസ്ഥർ ആരാധിക്കുന്ന അവിടത്തെ ശ്രീ മഞ്ജുനാഥ ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തമായ തീർഥാടന കേന്ദ്രമാണ്. ആയിരക്കണക്കിനു മലയാളികൾ ധർമസ്ഥലിൽ ദർശനത്തിനു പോകാറുണ്ട്. കർണാടകയിലെ ലിംഗായത്ത് സമൂഹവും ഈ ക്ഷേത്രത്തെ പരിപാവനമായി കാണുന്നു.

ആ ക്ഷേത്രം ട്രസ്റ്റിനെതിരേ മുൻ ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യ ഉന്നയിച്ച ആരോപണം രാജ്യത്തെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. ധർമസ്ഥലയിൽ നൂറുകണക്കിനു സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു ചിന്നയ്യയുടെ ആരോപണം. താനാണ് ഇവ മറവു ചെയ്തതെന്ന് ചിന്നയ്യ അവകാശപ്പെടുക കൂടി ചെയ്തതോടെ അതു വലിയ ചർച്ചാവിഷയമായി. കർണാടകവും കേരളവുമൊക്കെ അക്ഷരാർഥത്തിൽ മുൾമുനയിലായി. ധർമസ്ഥലയിൽ കൊലപാതക പരമ്പരകൾ തന്നെ നടന്നു എന്ന ചിന്നയ്യയുടെ അവകാശവാദം വാർത്താ മാധ്യമങ്ങളിലും വലിയ വാർത്തയായതു സ്വാഭാവികം.

മഞ്ജുനാഥ ക്ഷേത്രത്തിലെ അധികാരികളുടെ ഭീഷണിക്കു വഴങ്ങിയാണു കൊലപ്പെടുത്തിയ പെൺകുട്ടികളുടെ മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടതെന്നായിരുന്നു ചിന്നയ്യ പറഞ്ഞത്. ഇതിനു പിന്നാലെ ധർമസ്ഥലയിലെ ക്ഷേത്രത്തിലെത്തിയ തന്‍റെ മകളെ കാണാനില്ലെന്ന പരാതിയുമായി സുജാത ഭട്ട് എന്ന സ്ത്രീയും രംഗത്തുവന്നത് എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകാമെന്ന ഭയം പലരിലും സൃഷ്ടിച്ചു. എന്നാൽ, എല്ലാം കെട്ടിച്ചമച്ച കഥകളാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ദീർഘനാളത്തെ അന്വേഷണത്തിനു ശേഷമാണ് അന്വേഷണ സംഘം ചിന്നയ്യ പറഞ്ഞതെല്ലാം കള്ളമാണെന്ന നിഗമനത്തിലെത്തിയത്.

മൃതദേഹങ്ങൾ മറവു ചെയ്തതെന്ന് അവകാശപ്പെട്ട് ചിന്നയ്യ ചൂണ്ടിക്കാട്ടിയ 17 സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം മണ്ണു മാറ്റി പരിശോധന നടത്തിയിരുന്നു. അവിടെ നിന്നൊന്നും പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ഒരു സൂചനയും ലഭിച്ചില്ല. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടേതെന്നു ചിന്നയ്യ അവകാശപ്പെട്ട ഒരു തലയോട്ടി പുരുഷന്‍റേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമാവുകയും ചെയ്തു.

കള്ളമൊഴി നൽകി ധർമസ്ഥല ക്ഷേത്രം ട്രസ്റ്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനു ചിന്നയ്യയെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്. നാടിനെ മുഴുവൻ നടുക്കിയ ഇതുപോലൊരു ആരോപണം എന്തിന് ഉന്നയിച്ചു എന്നു വ്യക്തമാവേണ്ടതുണ്ട്. ചിന്നയ്യയെ ചോദ്യം ചെയ്യുന്ന പൊലീസിന് ഇതു കണ്ടെത്താൻ കഴിയുമെന്നു കരുതാം. വെളിപ്പെടുത്തലുകൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയം പലരും ഉന്നയിക്കുന്നു. അങ്ങനെയെങ്കിൽ അതിനു പിന്നിൽ ആരൊക്കെയാണെന്നു കണ്ടെത്തണം.

അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നും അറിയണം. പ്രശസ്തമായൊരു ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ബോധപൂർവം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അതു ചെറിയൊരു വിഷയമല്ല. ഗൂഢാലോചനയ്ക്കു പിന്നിലുള്ള നിരവധി പേരുകൾ ചിന്നയ്യ വെളിപ്പെടുത്തിയിട്ടുണ്ടെന്നു റിപ്പോർട്ടുണ്ട്. മറ്റു തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുമെന്നാണു പറയുന്നത്.

ചിലരുടെ ഭീഷണിക്കു വഴങ്ങിയാണു ധർമസ്ഥലയിൽ മകളെ കാണാതായെന്ന് ആരോപിച്ചതെന്നു സുജാത ഭട്ട് മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു മകളേയില്ലെന്നാണ് ഇപ്പോൾ അവർ പറയുന്നത്. സുജാത ഭട്ടിന്‍റെ നുണക്കഥ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. മത, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ധർമസ്ഥല ക്ഷേത്രം അധികൃതർ. അവരെ കരുതിക്കൂട്ടി സംശയത്തിന്‍റെ മുൾമുനയിൽ നിർത്താൻ ശ്രമിച്ചതാണെങ്കിൽ അത് ആരു ചെയ്താലും ഗുരുതരമായ കുറ്റമാണ്.

കേസ് കൈകാര്യം ചെയ്ത കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി ധർമസ്ഥലയ്ക്കു മോശം പേരു നൽകാനിടയാക്കിയെന്നു ബിജെപി ആരോപിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറും ധർമസ്ഥലയ്ക്കെതിരേ ഗൂഢാലചന നടക്കുന്നതായി പറയുന്നു. എന്നാൽ, സംസ്ഥാന വ്യാപകമായി സർക്കാരിനെതിരേ പ്രചാരണത്തിനുള്ള തയാറെടുപ്പിലാണു ബിജെപിയും ഹിന്ദു സംഘടനകളും. വിഷയത്തിൽ രാഷ്‌ട്രീയം കയറിവരുന്നതു സ്വാഭാവികമാണ്. എന്തായാലും ചിന്നയ്യയുടെയും സുജാത ഭട്ടിന്‍റെയും ആരോപണങ്ങൾക്കു പിന്നിലുള്ള എല്ലാ സത്യവും വൈകാതെ പുറത്തുവരുമെന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാര്യക്ഷമമായ അന്വേഷണത്തിന് കർണാടക സർക്കാർ തയാറാവട്ടെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com