നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം

അഫാൻ എന്തുകൊണ്ട് ഇങ്ങനെയൊരു പൈശാചിക കൃത്യം ചെയ്തു എന്നു വിശദമായി പരിശോധിക്കേണ്ടതുണ്ട്.
the massacre that shook the country
നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം
Updated on

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഇരുപത്തിമൂന്നുകാരൻ അഫാൻ സ്വന്തം കുടുംബത്തിലെ നാലു പേരെയും പെൺസുഹൃത്തിനെയും നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയതിന്‍റെയും അമ്മയെ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ചതിന്‍റെയും റിപ്പോർട്ടുകൾ കണ്ടും കേട്ടും ഭീതിയോടെ വിറങ്ങലിച്ചു നിൽക്കുകയാണു കേരളം. അക്രമം പെരുകുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതേക്കുറിച്ചുള്ള ആശങ്കകൾ മുൻപ് പലപ്പോഴും മെട്രൊ വാർത്ത പങ്കുവച്ചിട്ടുണ്ട്. ദയയുടെ ഒരു ചെറുകണിക പോലും ശേഷിക്കാത്ത അതിക്രൂര മനസുള്ള ആളുകൾ മനുഷ്യ ജീവനുകൾ കവരുന്നതിൽ യാതൊരു മടിയും കാണിക്കാത്ത സംസ്ഥാനമായി കേരളം മാറുന്നത് ആരെയും ഞെട്ടിക്കുന്ന വിധത്തിലാണ്.

അതിനൊരു പ്രധാന കാരണമായി ലഹരി വസ്തുക്കൾ മാറുന്നുണ്ട് എന്നതും യാഥാർഥ്യം. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരോടു കാണിക്കാവുന്ന ക്രൂരതയുടെ പരമാവധിയും പുറത്തെടുത്ത ഒരു ചെറുപ്പക്കാരൻ എത്ര ഗുരുതരമായ അവസ്ഥയിലേക്കാണ് പുതിയ തലമുറയിലെ ചിലരുടെയെങ്കിലും മാനസിക നില പോകുന്നത് എന്നു കാണിക്കുന്നുണ്ട്. ഇത്തരക്കാരെ എത്രയും പെട്ടെന്നു തിരുത്താൻ കഴിഞ്ഞില്ലെങ്കിൽ വിവരവും വിദ്യാഭ്യാസവുമുള്ള, സാംസ്കാരികമായി ഉയർന്ന നിലവാരം പുലർത്തുന്ന സംസ്ഥാനം എന്ന അഭിമാനം നമുക്കു കാത്തുസൂക്ഷിക്കാനായി എന്നു വരില്ല. അക്രമവാസന വർധിച്ചുവരുന്നതു കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റവും സമാധാനപരമായ ജീവിതത്തിനു സഹായകരമാവില്ല.

അഫാൻ എന്തുകൊണ്ട് ഇങ്ങനെയൊരു പൈശാചിക കൃത്യം ചെയ്തു എന്നു വിശദമായി പരിശോധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഇതിനു പിന്നിലുള്ളത് എന്നു കണ്ടുപിടിക്കേണ്ടതുണ്ട്. ഇനിയൊരു ചെറുപ്പക്കാരനും ഈ വിധത്തിൽ വഴിതെറ്റാതിരിക്കാൻ എന്തൊക്കെയാണു വേണ്ടതെന്നു തീരുമാനിക്കേണ്ടതുണ്ട്. ഒരു ദിവസം പലയിടത്ത് പല സമയങ്ങളിലായാണ് അഫാൻ ഈ കൊലപാതകങ്ങളൊക്കെ നടത്തിയത്. അതെല്ലാം കഴിഞ്ഞ് പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് അറിയിക്കുമ്പോഴാണു പുറംലോകം അറിയുന്നത്. അടുത്തടുത്തു വീടുകളുള്ള സ്ഥലത്തു നടന്ന കൊലപാതകങ്ങൾ പോലും ആരും അറിഞ്ഞില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.

പേരുമലയിലെ വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള കല്ലറ പാങ്ങോട് പോയാണ് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സൽമാ ബീവിയെ അഫാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നത്. തുടർന്ന് എസ്എൻ പുരത്തു താമസിക്കുന്ന പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തി. തുടർന്ന് സ്വന്തം വീട്ടിലെത്തി അനുജൻ അഫ്സാൻ, ഫർസാനയെന്ന പെൺസുഹൃത്ത് എന്നിവരെ വധിച്ചു. അമ്മ ഷെമിയെയും അതിക്രൂരമായി ആക്രമിച്ചു. ഇതു കഴിഞ്ഞ് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകങ്ങൾ ഏറ്റുപറഞ്ഞത്. ഒമ്പതാം ക്ലാസുകാരനായ അനുജൻ അഫ്സാനെ ഹോട്ടലിൽ കൊണ്ടുപോയി കുഴിമന്തി വാങ്ങിച്ചുകൊടുത്ത ശേഷമാണ് കൊല നടത്തിയത് എന്നു പറയുന്നുണ്ട്.

പിജി വിദ്യാർഥിനിയായ ഫർസാനയെ അവളുടെ വീട്ടിൽ നിന്ന് അഫാൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവത്രേ. വീടിന്‍റെ മുകളിലത്തെ നിലയിൽ എത്തിച്ച ശേഷമാണ് തലയിൽ കുത്തിയും ചുറ്റിക കൊണ്ട് അടിച്ചും മുഖമാകെ വികൃതമാക്കിയും കൊലപ്പെടുത്തിയത്. താൻ മരിച്ചാൽ കാമുകി തനിച്ചാവുമെന്നു കരുതിയാണ് ഫർസാനെയെ വധിച്ചതെന്ന് അഫാന്‍റെ മൊഴിയിലുണ്ട്. കൂട്ടക്കൊലയ്ക്കു പിന്നാലെ എലിവിഷം കഴിച്ച അഫാൻ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുമാണ്. പ്രതി ലഹരി ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണു പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ഏതുതരം ലഹരിയാണ് ഉപയോഗിച്ചതെന്നു വ്യക്തമാവണമെങ്കിൽ ശാസ്ത്രീയ പരിശോധനാഫലം പുറത്തുവരണമെന്നും പൊലീസ് പറയുന്നു. എന്തായാലും ലഹരി ‌ഉപയോഗം പുതുതലമുറയെ വഴിതെറ്റിക്കുന്നതിന്‍റെ ഏറ്റവും ഭയാനകമായ ഉദാഹരണമായി ഈ കൂട്ടക്കൊല മാറുകയാണ്.

സംസ്ഥാനത്ത് പല നഗരങ്ങളിലും ലഹരി മാഫിയകളുടെ വലിയ തോതിലുള്ള സാന്നിധ്യം പൊലീസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതിനെക്കാൾ ‍എത്രയോ മടങ്ങുവരുന്നതാണ് യഥാർഥത്തിലുള്ള വലയമെന്നും ആലോചിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളിൽ നിന്നുൾപ്പെടെ പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവിൽ വൻ വർധനയാണു സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. പല കുറ്റകൃത്യങ്ങളുടെയും പിന്നിൽ പ്രധാന ഘടകമായി കണ്ടുവരുന്നതും മയക്കുമരുന്നുകളാണ്. ലഹരിക്കടത്തുകാരുടെയും വിൽപ്പനക്കാരുടെയും വലയിൽ അകപ്പെട്ട് യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാവി നശിച്ചുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത അനിവാര്യമായിരിക്കുന്നു. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണമൊക്കെ കേവലം ചടങ്ങു മാത്രമായി അവസാനിക്കുന്നു എന്നതാണു വസ്തുത. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കു കടുത്ത ശിക്ഷ നൽകുക, അതിർത്തികളിൽ പരിശോധന കർശനമാക്കുക, സംസ്ഥാന വ്യാപകമായി പൊലീസിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുക തുടങ്ങി അടിയന്തര പ്രാധാന്യത്തോടെ നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ലഹരിക്ക് അടിമകളായി മാറുന്നവരിൽ ഭൂരിപക്ഷം പേരും അതിന്‍റെ ഉപയോഗം തുടങ്ങുന്നത് 10-15 വയസിലാണെന്ന് നേരത്തേ എക്സൈസ് വകുപ്പ് അവരുടെ സർവെയിൽ കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളിൽ ലഹരിക്കെതിരായ പ്രചാരണം ‍അതിശക്തമായി ഉണ്ടാവണമെന്ന് ഇതു കാണിക്കുന്നു. സ്കൂൾ തലം കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിലും ലഹരിയിൽ വീണുപോകാനുള്ള സാഹചര്യം മാഫിയകൾ ഒരുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കോളെജ് അടക്കം ഉയർന്ന വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലും ബോധവത്കരണം അത്യന്താപേക്ഷിതമാണ്.

ലഹരി സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്നവരുണ്ടെങ്കിൽ അവർ ആരായാലും പിടികൂടപ്പെടുകയും ജനങ്ങൾക്കു മുന്നിൽ തുറന്നു കാണിക്കപ്പെടുകയും വേണം. ലഹരിയുടെ ചതിക്കുഴികളിൽ നിന്ന് കുട്ടികളെയും യുവാക്കളെയും രക്ഷിക്കാതെ നാടിനെ രക്ഷിക്കാനാവില്ലെന്ന് ഉത്തരവാദപ്പെട്ട എല്ലാവരും തിരിച്ചറിയണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com