യുഡിഎഫിന്‍റെ തിരിച്ചുവരവ് | മുഖപ്രസംഗം

The return of the UDF read editorial
യുഡിഎഫിന്‍റെ തിരിച്ചുവരവ്

കേരളത്തിലെ കോൺഗ്രസും യുഡിഎഫും കനത്ത പരാജയം ഏറ്റുവാങ്ങിയത് മൂന്നു വർഷം മുൻപാണ്. 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ‌ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഗംഭീര വിജയമാണ് എൽഡിഎഫ് നേടിയത്. ഇപ്പോഴത്തെ മുന്നണി സംവിധാനം നിലവിൽ വന്നശേഷം ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്കു ഭരണത്തുടർച്ച കിട്ടി എന്നതാണ് ആ തെരഞ്ഞെടുപ്പിന്‍റെ സവിശേഷത. ഓരോ മുന്നണിയുടെയും മാറിമാറിയുള്ള ഭരണം കണ്ടു ശീലിച്ച നാടിന് കൊവിഡിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നൽകിയ പുതുചരിത്രം എക്കാലവും ഓർക്കപ്പെടും. 2016ലെ തെരഞ്ഞെടുപ്പിൽ 91 സീറ്റ് നേടി അധികാരത്തിൽ വന്ന എൽഡിഎഫ് 2021ൽ കരസ്ഥമാക്കിയത് 99 സീറ്റുകളാണ്. അതേസമയം, യുഡിഎഫ് സീറ്റുകൾ 47ൽ നിന്ന് 41 ആയി കുറഞ്ഞു. സംസ്ഥാന നിയമസഭയിൽ ബിജെപിക്കുണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.

എൽഡിഎഫ് സർക്കാരിന്‍റെ ഭരണത്തുടർച്ച യുഡിഎഫിന്‍റെ അടിത്തറ ഇളകിയതിന്‍റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. കോൺഗ്രസിനുള്ളിലെ തമ്മിലടികൾ പാർട്ടിക്കു വലിയ ദോഷം ചെയ്യുന്നുവെന്ന് അതിനു മുൻപു തന്നെ അനുഭവങ്ങളുള്ളതാണ്. അതേ അനുഭവം ആവർത്തിക്കുന്നുവെന്നു നിരീക്ഷണങ്ങളുണ്ടായി. 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ 19 സീറ്റ് വിജയത്തിനു ശേഷം അതിന്‍റെ ആവേശം മുന്നോട്ടുകൊണ്ടുപോകാൻ യുഡിഎഫിനു കഴിഞ്ഞില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചുവന്ന ഇടതുമുന്നണി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഭരണത്തുടർച്ചയിൽ എത്തുകയായിരുന്നു. ഈ തിരിച്ചടികൾ കോൺഗ്രസ് പ്രവർത്തകരിലുണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല. യുഡിഎഫിന്‍റെ ഭാവിയെക്കുറിച്ചുപോലും ആശങ്കകൾ ഉയർന്നു. അവിടെ നിന്നാണ് പുതിയ നേതൃത്വം സംസ്ഥാനത്തെ കോൺഗ്രസിനെ ഏറ്റെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും കോൺഗ്രസിന് ജീവൻ പകർന്നു. സിറ്റിങ് സീറ്റുകളായിരുന്നെങ്കിലും തൃക്കാക്കര, പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ നേടിയ മികച്ച വിജയങ്ങൾ പാർട്ടിക്കാരിൽ ആത്മവിശ്വാസം വളർത്തി.

എൽഡിഎഫ് സർക്കാർ പലവിധ ആരോപണങ്ങളിലൂടെ കടന്നുപോവുമ്പോൾ ജനവികാരം അനുകൂലമാക്കി മാറ്റാനുള്ള കരുത്ത് കോൺഗ്രസിനും യുഡിഎഫിനുമുണ്ട് എന്നു കാണിക്കുന്നതാണ് പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ഇപ്പോഴത്തെ 18 സീറ്റ് വിജയം. 2019ൽ പാർലമെന്‍റ് തെരഞ്ഞെടുപ്പു ജയിക്കാൻ പ്രധാനമായി രണ്ട് അനുകൂല ഘടകങ്ങളുണ്ടായിരുന്നു. ഒന്ന് ശബരിമല വിഷയം, മറ്റൊന്ന് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം. ഇതു രണ്ടും വലിയ തോതിൽ യുഡിഎഫിലേക്ക് വോട്ടെത്തിച്ചിട്ടുണ്ട്. അതിനൊപ്പമാണ് കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കണമെങ്കിൽ കോൺഗ്രസിനു സീറ്റ് വേണം എന്ന രാഷ്ട്രീയ പ്രചാരണം. കേരളത്തിലെ വോട്ടർമാർ കോൺഗ്രസിനെ തുണച്ചെങ്കിലും ദേശീയതലത്തിലെ പാർട്ടിയുടെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ലഭിക്കാനുള്ള സീറ്റ് പോലും പാർട്ടിക്ക് ഉണ്ടായിരുന്നില്ല. കേന്ദ്രത്തിൽ ബിജെപിയുടെ തുടർഭരണം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി കോൺഗ്രസ് നേതാക്കളെ ബിജെപിയിൽ എത്തിക്കുകയും ചെയ്തു.

2019ൽ അനുകൂലമായിരുന്ന ഘടകങ്ങളൊന്നും ഇക്കുറി യുഡിഎഫിനും കോൺഗ്രസിനും ഉണ്ടായിരുന്നില്ല എന്നു സാരം. പ്രത്യേകിച്ച് തരംഗങ്ങളൊന്നുമില്ലാത്ത തെരഞ്ഞെടുപ്പിൽ ജനവിശ്വാസമാർജിക്കുന്ന പ്രവർത്തനങ്ങളിലൂടെ വിജയിക്കാൻ കഴിഞ്ഞു എന്നതാണ് യുഡിഎഫിന് ആവേശം ഇരട്ടിപ്പിക്കുന്നത്. ഇക്കുറി സ്ഥാനാർഥി പ്രഖ്യാപനത്തിൽ ആശയക്കുഴപ്പങ്ങളുണ്ടായില്ല. സമയം വൈകിയില്ല. പ്രചാരണ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചു. മുസ്‌ലിം ലീഗിന്‍റെ മൂന്നാം സീറ്റ് അടക്കമുള്ള വിഷയങ്ങൾ വിവാദമാകാതെ ചർച്ച ചെയ്തു പരിഹരിച്ചു. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോയി. പല സ്ഥാനാർഥികൾക്കും ലഭിച്ച മികച്ച ഭൂരിപക്ഷത്തിൽ പ്രവർത്തനങ്ങളുടെ നേട്ടം പ്രതിഫലിക്കുന്നുണ്ട്. ഇതു നൽകുന്ന ആത്മവിശ്വാസം നിലനിർത്തുകയെന്നതാണ് യുഡിഎഫിന് ആവശ്യമായിട്ടുള്ളത്. ഇനി തദ്ദേശ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നു. അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പു വരുന്നു. സ്ഥാനമാനങ്ങൾക്കു വേണ്ടി തമ്മിലടിക്കുകയും ഗ്രൂപ്പുകളിക്കുകയുമൊക്കെ ചെയ്യുന്നത് ഇപ്പോഴുള്ള ആവേശം തണുപ്പിക്കുമെന്നു നേതാക്കൾ തിരിച്ചറിയണം. അണികൾ അതാണ് ആഗ്രഹിക്കുക.

തൊഴുത്തിൽകുത്തും വടംവലികളും ദോഷം ചെയ്യുമെന്ന് തൃശൂരിലെ അനുഭവം കാണിക്കുന്നുണ്ട്. എത്രയോ വട്ടം ഇതു കോൺഗ്രസിനു ബോധ്യമായിട്ടുള്ളതുമാണ്. കെ. മുരളീധരനെ മൂന്നാം സ്ഥാനത്തെത്തിച്ചതിന് ചിലരുടെ വാശി കാരണമായിട്ടുണ്ടെന്ന് കെ. സുധാകരൻ തുറന്നു പറയുന്നുണ്ട്. ഈ തോൽവി പഠിച്ച് എത്രയും പെട്ടെന്നു പരിഹാര നടപടിയെടുക്കുമെന്ന് പാർട്ടി പ്രവർത്തകർ കരുതുന്നുണ്ടാവും. ആലത്തൂരിൽ രമ്യ ഹരിദാസും ഡിസിസി നേതൃത്വവും തമ്മിലുള്ള തർക്കങ്ങളും ഇതോടൊപ്പം കാണേണ്ടതാണ്. പരാജയത്തിനു ശേഷം പരസ്പരം പഴി ചാരുന്നതിനു പകരം അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളുകയാണു വേണ്ടത്. അതുപോലെ തന്നെ വിജയത്തിൽ അമിത വിശ്വാസം വളർന്ന് സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചു രാഷ്ട്രീയക്കളികൾ തുടങ്ങിയാൽ അതു മുന്നണിയെ വീണ്ടും തളർത്തുകയാവും ചെയ്യുക. എന്താണ് വിജയവും പരാജയവും കൊണ്ടുവന്നത് എന്നു തിരിച്ചറിയാൻ കഴിയുകയാണു പ്രധാനം.

Trending

No stories found.

Latest News

No stories found.