
രാഷ്ട്രീയ പോരാട്ടത്തിലെ യുഡിഎഫ് വിജയം
അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്‍റെ വിജയം കോൺഗ്രസിനും യുഡിഎഫിനും പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ല. മാസങ്ങൾക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അതിനു പിന്നാലെ അടുത്ത വർഷം നിയമസഭയിലേക്കും തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. അതിനു തൊട്ടുമുൻപുള്ള വിജയം യുഡിഎഫ് പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിക്കും. അത് വരുന്ന തെരഞ്ഞെടുപ്പുകാലം വരെ നിലനിർത്താൻ കോൺഗ്രസിനെയും യുഡിഎഫിനെയും നയിക്കുന്ന നേതാക്കൾക്കു കഴിയുമോയെന്ന് രാഷ്ട്രീയ താത്പര്യമുള്ള മുഴുവനാളുകളും ഉറ്റുനോക്കും. അതുപോലെ തന്നെ പ്രധാനമാണ് ഈ തോൽവിയെ സിപിഎമ്മും എൽഡിഎഫും എങ്ങനെ കണക്കിലെടുക്കുന്നു എന്നതും. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്തിന്‍റെ വിജയം. എം. സ്വരാജിനെപ്പോലെ ശക്തനായ പാർട്ടിസ്ഥാനാർഥിയെ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിച്ച് നല്ലൊരു രാഷ്ട്രീയ പോരാട്ടത്തിന് അവസരമൊരുക്കുകയാണ് സിപിഎം ചെയ്തത്. ആ പരീക്ഷണം നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഒരു വിജയമായി മാറുമെന്നു പ്രതീക്ഷിച്ചിരുന്ന എൽഡിഎഫ് പ്രവർത്തകരുണ്ടാവാം. അങ്ങനെയൊരു സാധ്യത ഒഴിവാക്കാൻ യുഡിഎഫ് നേതാക്കളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു. ഇത് അഭിമാനപോരാട്ടമായി കണ്ട് ഒരേ മനസോടെ പ്രവർത്തിക്കാൻ യുഡിഎഫ് കക്ഷികൾ തയാറായി. പി.വി. അൻവർ ഒപ്പമുണ്ടായിരുന്നെങ്കിൽ ഇതിലും മികച്ച വിജയം യുഡിഎഫിനു ലഭിക്കുമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. 20,000ന് അടുത്ത് വോട്ട് നേടിയ അൻവർ തന്‍റെ കരുത്തു തെളിയിക്കുകയാണു ചെയ്തത്. അൻവർ മത്സരിക്കുന്നത് തങ്ങൾക്കൊരു സാധ്യതയായി എൽഡിഎഫ് കണ്ടിട്ടുണ്ടാവണം. എന്നാൽ, അതു സംഭവിച്ചില്ലെന്നത് തങ്ങളുടെ ജനപിന്തുണയ്ക്കു തെളിവായി യുഡിഎഫിനു ചൂണ്ടിക്കാണിക്കാവുന്നതാണ്.
കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം പ്രതിനിധാനം ചെയ്ത മണ്ഡലമാണു നിലമ്പൂർ. അതിനു ശേഷമാണ് ഇടതുപക്ഷത്തു നിന്ന് പി.വി. അൻവർ ഈ മണ്ഡലത്തിന്‍റെ എംഎൽഎയാവുന്നത്. 2016ലും 2021ലും നിലമ്പൂരിൽ എൽഡിഎഫ് വിജയം ഉറപ്പാക്കിയ അൻവർ സർക്കാരുമായി ഇടഞ്ഞ് എംഎൽഎ സ്ഥാനം രാജിവച്ചതുകൊണ്ടാണ് ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പു നടന്നതും. യുഡിഎഫും അൻവറും ഒന്നിച്ചുനിൽക്കുന്നതിനുള്ള നീക്കങ്ങൾ നടന്നുവെങ്കിലും അതു വിജയിച്ചില്ല. അൻവർ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് ഉറപ്പായപ്പോൾ പോരാട്ടം കടുപ്പമേറിയതാവുമെന്നും പ്രവചനങ്ങളുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയും നിശിതമായ ആരോപണങ്ങൾ ഉന്നയിച്ച അൻവർ ഇത്രയും വോട്ടുകൾ പിടിച്ചത് ഇരു മുന്നണികളെയും ഞെട്ടിച്ചു. അൻവറുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ യുഡിഎഫിൽ തുടരുമോയെന്നു കണ്ടറിയേണ്ടതുണ്ട്. എന്തായാലും ആര്യാടൻ മുഹമ്മദിന്‍റെ മകൻ തന്നെ യുഡിഎഫിനു വേണ്ടി നിലമ്പൂർ തിരിച്ചുപിടിച്ചിരിക്കുന്നു. ആദ്യമേ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനും പ്രചാരണ രംഗത്ത് സജീവമാകാനും യുഡിഎഫിനു കഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെ സ്ഥാനാർഥി ജനങ്ങളെ സമീപിച്ചു. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്‍റും നഗരസഭയായപ്പോൾ അതിന്‍റെ ആദ്യ ചെയർമാനുമായി പ്രവർത്തിച്ച് ജനങ്ങളുടെ അംഗീകാരം നേടിയ നേതാവു കൂടിയാണ് ആര്യാടൻ ഷൗക്കത്ത്. സിനിമയിലും സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണു നിയമസഭയിലെത്തുന്നതെന്നതും ഓർക്കേണ്ടതുണ്ട്.
സംസ്ഥാന സർക്കാരിനെതിരായ ശക്തമായ ജനവികാരം കേരളത്തിലുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് എൽഡിഎഫിന്‍റെ ഈ തോൽവി. നിലമ്പൂരിലെ ജനവിധിയെക്കുറിച്ച് വിശദമായ പരിശോധനകൾ എൽഡിഎഫിനു വേണ്ടിവരും. അഡ്വ. മോഹൻ ജോർജിനെ സ്ഥാനാർഥിയാക്കിക്കൊണ്ട് നടത്തിയ പരീക്ഷണത്തെക്കുറിച്ച് ബിജെപിയിലും ചർച്ചകളുണ്ടാവും. എണ്ണായിരത്തിലേറെ വോട്ടുകൾ കിട്ടിയ മോഹൻ ജോർജിന് ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നിലനിർത്താനായിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ നൂറിലധികം വോട്ട് കൂടുതലാണു ലഭിച്ചത് എന്നതു കൊണ്ടു തന്നെ വോട്ട് ചോർച്ച എന്ന ആരോപണം നിഷേധിക്കാനാവും. എന്നാൽ, മോഹൻ ജോർജിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയോ എന്നതാണു വിഷയം. നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ ഉപതെരഞ്ഞെടുപ്പ് അനാവശ്യമെന്ന നിലപാടായിരുന്നു ആദ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്. പിന്നീടാണ് മോഹൻ ജോർജ് എന്‍ഡിഎ സ്ഥാനാർഥിയായി എത്തുന്നത്. സ്ഥാനാർഥിയില്ലെങ്കിൽ വോട്ട് മറിക്കൽ ആരോപണം ഉയരുമെന്ന് ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നിരുന്നു.
ഈ സർക്കാരിന്‍റെ കാലത്ത് ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ അട്ടിമറികളൊന്നും സംഭവിച്ചിരുന്നില്ല. വോട്ടു വിഹിതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും എംപി, എംഎൽഎ സ്ഥാനങ്ങളിൽ നിലവിലുള്ള അവസ്ഥ തുടരുന്ന ഫലങ്ങൾ തന്നെയാണു നിലമ്പൂരിൽ എത്തുംവരെ കാണാനായിരുന്നത്. പി.ടി. തോമസ് അന്തരിച്ചതിനെത്തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ പത്നി ഉമ തോമസ് വിജയിച്ചത് ഇരുപത്തയ്യായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഉമ തോമസിനു ലഭിച്ചത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ പുത്രൻ ചാണ്ടി ഉമ്മന് 37,000ൽ ഏറെ വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷം കിട്ടിയിരുന്നു. രണ്ടിടത്തും കോൺഗ്രസിനും യുഡിഎഫിനും ലഭിച്ചതു പ്രതീക്ഷിച്ച വിജയങ്ങളായിരുന്നുവെങ്കിലും ഭൂരിപക്ഷത്തിന്‍റെ കണക്ക് എൽഡിഎഫിനെ നിരാശപ്പെടുത്തുന്നതായി.
പിന്നീടു നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പാലക്കാടും ചേലക്കരയിലുമാണ്. സിറ്റിങ് എംഎൽഎമാരായിരുന്ന ഷാഫി പറമ്പിലും കെ. രാധാകൃഷ്ണനും ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചപ്പോൾ ഒഴിവുവന്നത്. ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും ചേലക്കര എൽഡിഎഫ് പക്ഷത്തു നിലനിർത്താൻ സിപിഎമ്മിലെ യു.ആർ. പ്രദീപിനു കഴിഞ്ഞു. 12,000ൽ ഏറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പ്രദീപിന്‍റെ വിജയം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ 18,000ൽ ഏറെ വോട്ടിന്‍റെ വിജയം നേടിയത് കോൺഗ്രസിനും യുഡിഎഫിനും ആവേശം പകർന്നുകൊണ്ടാണ്. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നേടിയ തിളക്കമാർന്ന വിജയം കോൺഗ്രസിന്‍റെ ആവേശം പതിന്മടങ്ങു വർധിപ്പിക്കുകയും ചെയ്തു. രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതിനെത്തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ആരുടെ കൈയിലാണോ മണ്ഡലമിരുന്നത് അവരിൽ നിന്നു പിടിച്ചുവാങ്ങിക്കൊണ്ടുള്ള നിലമ്പൂരിലെ ജനവിധി എല്ലാ രാഷ്ട്രീയ പാർട്ടികളും വിശദമായി വിലയിരുത്തട്ടെ. വിജയത്തിലേക്കും തോൽവിയിലേക്കും നയിച്ച ഘടകങ്ങൾ വിലയിരുത്തി വേണമല്ലോ തുടർ പ്രവർത്തനങ്ങൾക്കു രൂപം നൽകേണ്ടത്.