കലാപശാലയാകുന്ന സർവകലാശാല

കേരള സർവകലാശാലയിൽ രൂപപ്പെട്ട വൈസ് ചാൻസലർ- രജിസ്ട്രാർ പോര് അസാധാരണ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്
The Vice Chancellor-Registrar feud at Kerala University

കേരള സർവകലാശാല

Updated on

സർക്കാർ- ഗവർണർ ഏറ്റുമുട്ടലിനും ഭാരതാംബ ചിത്ര വിവാദത്തിനും പിന്നാലെ കേരള സർവകലാശാലയിൽ രൂപപ്പെട്ട വൈസ് ചാൻസലർ- രജിസ്ട്രാർ പോര് അസാധാരണ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ഫലത്തിൽ രണ്ടു രജിസ്ട്രാർമാർ ഇപ്പോൾ സർവകലാശാലയിലുണ്ട്. ഒരാൾ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാറാണ്. മറ്റൊരാൾ വിസി പകരം ചുമതലപ്പെടുത്തിയ രജിസ്ട്രാറും. സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ വിസി വിലക്കിയിട്ടും ഓഫിസിലെത്തുന്നു, ഫയലുകൾ നോക്കുന്നു. ആ ഫയലുകൾ വിസി തിരിച്ചയയ്ക്കുന്നു. ഇനി ഫയൽ നൽകരുതെന്നു നിർദേശിക്കുന്നു. രജിസ്ട്രാറുടെ ചുമതല നൽകിയിരിക്കുന്ന ഡോ. മിനി കാപ്പൻ അയച്ച ഫയലുകൾ വിസി അംഗീകരിക്കുന്നു.

അതോടെ, മിനി കാപ്പന്‍റെ ഇടപെടൽ നിയമവിരുദ്ധമെന്നു പറഞ്ഞ് സിൻഡിക്കേറ്റിലെ ഇടതുപക്ഷ അംഗങ്ങൾ രംഗത്തുവരുന്നു. വിസിക്കെതിരേ സർവകലാശാലയിൽ കടന്നുകയറി എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങുതകർക്കുന്നു. സമരക്കാർ സർവകലാശാലാ ആസ്ഥാനം യുദ്ധക്കളമായി മാറ്റുന്നു. ആകെപ്പാടെ ജഗപൊഗ..! സർവകലാശാലാ ഭരണം അക്ഷരാർഥത്തിൽ വഴിമുട്ടിയിരിക്കുകയാണ്. വിദ്യാർഥികളുടെ ഭാവിയേക്കാൾ പ്രധാനം ചില രാഷ്‌ട്രീയ താത്പര്യങ്ങളായി മാറിയിരിക്കുന്നു. ഗവർണർ- സർക്കാർ പോരു മൂലം കുറെക്കാലമായി കാണുന്ന സർവകലാശാലാ ഭരണത്തിലെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് ലജ്ജാകരമായ തുടർച്ച.

ഗവർണർ- സർക്കാർ പോരിലെ കക്ഷികളായി വൈസ് ചാൻസലറും രജിസ്ട്രാറുമൊക്കെ മാറുന്നതു വിചിത്രമാണ്. അതിൽ വിദ്യാർഥി സംഘടനകൾക്കും പ്രത്യേക കാര്യമൊന്നുമില്ല. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖല അപ്പാടെ നാണം കെട്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ. രാഷ്‌ട്രീയ നാടകങ്ങൾക്ക് അരങ്ങുകൾ തീർക്കുക എന്നതായിരിക്കുന്നു നമ്മുടെ സർവകലാശാലകളുടെ പ്രധാന ദൗത്യം. കുട്ടികൾ പഠിച്ചാലെന്ത്, ഇല്ലെങ്കിലെന്ത്! എങ്ങനെയാണ് ഇവിടെനിന്നു വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും തേടിപ്പോകാതിരിക്കുക?

സർവകലാശാലാ ഭരണത്തിന് ഉത്തരവാദപ്പെട്ടവരെല്ലാം ഒരുമിച്ചു നിൽക്കുമ്പോഴേ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടാകൂ. ചാൻസലറായ ഗവർണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സർക്കാരും സിൻഡിക്കേറ്റും സെനറ്റും രജിസ്ട്രാറും ജോയിന്‍റ് രജിസ്ട്രാറും എല്ലാം ലക്ഷ്യമിടുന്നത് വിദ്യാർഥികളുടെ പഠനം ഏറ്റവും മികച്ചതാക്കാൻ ആയിരിക്കണമല്ലോ. സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആകണം. അതിനു പകരം തെരുവു രാഷ്‌ട്രീയം കളിച്ചാൽ ഉന്നത പഠനത്തിനായി മലയാളി വിദ്യാർഥികൾ നാടുവിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്നത് ഇനിയും കൂടിക്കൊണ്ടിരിക്കും. ലോൺ എടുത്തായാലും പുറത്തുപോയി പഠിക്കാൻ കുട്ടികൾക്ക് ആവേശം പകരുന്ന നടപടികളാണ് ഇപ്പോൾ ഉത്തരവാദപ്പെട്ട എല്ലാവരും സ്വീകരിച്ചുകാണുന്നത്.

ജൂൺ 25ന് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായുള്ള ഒരു സ്വകാര്യ പരിപാടിക്കു സംഘാടകർ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിൽ നിന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ തുടങ്ങുന്നത്. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ പരിപാടിക്ക് അനുമതി നിഷേധിച്ചു. ഇതു ഗവർണറോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാണിച്ചാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഹാളിന് അനുമതി നിഷേധിച്ചത് ബാഹ്യസമ്മർദത്തിനു വിധേയമായിട്ടാണെന്ന് ഗവർണർക്കു നൽകിയ റിപ്പോർട്ടിൽ വിസി വ്യക്തമാക്കുകയും ചെയ്തു. സർവകലാശാലാ ആസ്ഥാനത്തെ ഹാളിൽ മത ചിഹ്നം ഉപയോഗിക്കുന്നു എന്ന നിലയിൽ പരിപാടിക്കെതിരേ ശക്തമായ രാഷ്‌ട്രീയ എതിർപ്പ് ഉയർന്നിരുന്നു. രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഗവർണർ പരിപാടിയിൽ പങ്കെടുത്തു. ഇതോടെ സർവകലാശാലാ ആസ്ഥാനത്ത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങളും അലയടിച്ചു.

രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി സിൻഡിക്കേറ്റ് യോഗം ചേർന്ന് റദ്ദാക്കി. എന്നാൽ, ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്തുപോയ ഈ സമയത്ത് വിസിയുടെ താത്കാലിക ചുമതല വഹിച്ച ഡോ. സിസ തോമസ് സിൻഡിക്കേറ്റിന്‍റെ നടപടി അംഗീകരിച്ചില്ല. രജിസ്ട്രാർക്ക് ക്യാംപസിൽ പ്രവേശിക്കുന്നതിന് അവർ വിലക്കേർപ്പെടുത്തി. വിലക്ക് മറികടന്ന് അനിൽകുമാർ സർവകലാശാലയിൽ എത്തുകയാണ്. ഇതിനിടെ അദ്ദേഹം അവധിക്ക് അപേക്ഷ നൽകിയെങ്കിലും സസ്പെൻഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് എന്തു പ്രസക്തി എന്നാണു വിസി ചോദിച്ചത്. വിദേശത്തുനിന്ന് തിരിച്ചുവന്ന ശേഷവും ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്കെതിരേ താനെടുത്ത നടപടിയിൽ ഉറച്ചുനിൽക്കുകയാണ്.

ഇതിനിടെ, വിവാദങ്ങൾക്കു താത്പര്യമില്ലാത്തതിനാൽ രജിസ്ട്രാറുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മിനി കാപ്പൻ വൈസ് ചാൻസലർക്കു കത്തു നൽകിയെന്നും റിപ്പോർട്ടുണ്ട്. താൻ ഇപ്പോഴും സർവകലാശാലാ രജിസ്ട്രാറാണെന്നും സിൻഡിക്കറ്റാണ് തന്നെ നിയമിച്ചതെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡോ. അനിൽകുമാർ. വിസിയും രജിസ്ട്രാറും ഗവർണറും സർക്കാരും എല്ലാം തമ്മിലുള്ള പോരാട്ടങ്ങൾ ബാധിക്കുന്നത് വിദ്യാർഥികളുടെ ഭാവിയെയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞില്ലെങ്കിൽ. സർവകലാശാലകളിലെ അമിതമായ രാഷ്‌ട്രീയ ഇടപെടലുകൾക്ക് എത്രയും വേഗം അന്ത്യം കുറിച്ചില്ലെങ്കിൽ അവയുടെ അക്കാദമിക് നിലവാരത്തെ അതു ഗൗരവമായി ബാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com