പഠിക്കാനുണ്ട്, ജയത്തിലും തോൽവിയിലും| മുഖപ്രസംഗം

ജനാധിപത്യം ജനങ്ങൾക്കു മേലേയാണ് എന്നു തോന്നുന്ന അവസരങ്ങളുണ്ടായാൽ ആ തോന്നൽ അവസാനിപ്പിക്കാൻ കിട്ടുന്ന അവസരമാണ് ഓരോ തെരഞ്ഞെടുപ്പും
bjp,ldf,udf
bjp,ldf,udf

ലോക്സഭയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം എന്ന നിലയിൽ നിന്ന് താഴെയിറങ്ങേണ്ടി വന്നത് എന്തുകൊണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിനു പരിശോധിക്കേണ്ടതുണ്ട്. അതുപോലെ തന്നെയാണ് കേരളത്തിലെ ദയനീയ പരാജയം ഇടതു മുന്നണി വിലയിരുത്തേണ്ടതും. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും തെലങ്കാനയിലും കൂടുതൽ മെച്ചപ്പെട്ട പ്രകടനം എന്തുകൊണ്ട് ഉണ്ടായില്ലെന്ന് കോൺഗ്രസും പരിശോധന നടത്തേണ്ടതായിട്ടാണിരിക്കുന്നത്.

തൃശൂരിൽ കെപിസിസി മുൻ പ്രസിഡന്‍റ് കെ. മുരളീധരൻ എന്തുകൊണ്ടു സുരേഷ് ഗോപിക്കും സുനിൽകുമാറിനും പിന്നിൽ മൂന്നാം സ്ഥാനത്തായി, ആലത്തൂരിൽ രമ്യ ഹരിദാസ് തോറ്റതെങ്ങനെ എന്നിവ കേരളത്തിലെ കോൺഗ്രസ് പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്. തൃശൂരിലെ ജയവും തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും നിസാര വോട്ടിലെ തോൽവിയും നൽകുന്ന പാഠങ്ങൾ സംസ്ഥാനത്തെ ബിജെപിക്കും വിലപ്പെട്ടതാണ്.

ആന്ധ്ര പ്രദേശിലെയും ഒഡിഷയിലെയും പരാജയങ്ങൾ ജഗൻ മോഹനും നവീൻ പട്നായിക്കിനും ആത്മപരിശോധന നടത്താനുള്ള അവസരമാണു നൽകുന്നത്. അതേ, ജനവിധികൾ എപ്പോഴും അങ്ങനെയാണ്. രാഷ്‌ട്രീയ കക്ഷികൾക്ക് നിരവധി പാഠങ്ങൾ അതിൽനിന്നു പഠിക്കാനുണ്ട്. അതിന് അവർ സന്നദ്ധമാവുമ്പോഴാണ് ജനങ്ങൾ അവർക്കു വീണ്ടും അവസരങ്ങൾ നൽകുക.

കോൺഗ്രസിന്‍റെ മൊത്തത്തിലുള്ള അവസ്ഥ തന്നെ നോക്കാവുന്നതാണ്. കഴിഞ്ഞ രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലും കനത്ത പരാജയമാണ് പാർട്ടിക്കു നേരിടേണ്ടിവന്നത്. ജനങ്ങളുമായി അവർ ഏറെ അകന്നുപോയി. യുപിഎ ഭരണകാലത്തെ അഴിമതിയാരോപണങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് തകർന്നുപോയ പാർട്ടി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അടക്കം പദ്ധതികളിലൂടെയാണ് ജനങ്ങളുമായി വീണ്ടും അടുക്കുന്നത്. രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ മൊത്തം കുത്തക തങ്ങൾക്കാണ് എന്ന ചിന്ത വിട്ട്, പ്രാദേശിക കക്ഷികൾക്ക് ഉദാരമായി സീറ്റുകൾ വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പിനെ സമീപിച്ചതും ഗുണകരമായി. അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയെയും ഒരുമിച്ചു കണ്ടത് യുപിയിലെ വോട്ടർമാർ നല്ല ലക്ഷണമായാണു സ്വീകരിച്ചത്. തമ്മിലടിച്ചു നിൽക്കുന്ന പ്രതിപക്ഷത്തിന് ഈ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല.

അതുപോലെ തന്നെയാണ് ഭരണപക്ഷത്തെയും അവർ വിലയിരുത്തുന്നത്. ജനാധിപത്യം ജനങ്ങൾക്കു മേലേയാണ് എന്നു തോന്നുന്ന അവസരങ്ങളുണ്ടായാൽ ആ തോന്നൽ അവസാനിപ്പിക്കാൻ കിട്ടുന്ന അവസരമാണ് ഓരോ തെരഞ്ഞെടുപ്പും. അത് ഇന്ത്യൻ വോട്ടർമാർ നന്നായി മനസിലാക്കിയിട്ടുണ്ട്. നമ്മുടെ ജനാധിപത്യം കരുത്തോടെ തുടരുന്നതും അതുകൊണ്ടാണ്.

കേരളത്തിലേക്കു വരാം. നടന്നതു ദേശീയ തെരഞ്ഞെടുപ്പാണ്. പ്രതിപക്ഷത്തെ നയിക്കുന്നത് കോൺഗ്രസാണ്. അതിനാൽ തന്നെ ബിജെപിക്കെതിരായ വോട്ടുകൾ നേരിട്ടു കോൺഗ്രസിനു കൊടുക്കുന്നതാണു ബുദ്ധി. യുഡിഎഫിന്‍റെ വോട്ടും സീറ്റും അങ്ങനെയുണ്ടായതാണെന്ന് ഇടതുപക്ഷത്തിനു പുറമേയ്ക്കു വാദിക്കാം. സംസ്ഥാന സർക്കാരിന്‍റെ പ്രകടനവുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്ന് അടിവരയിടാം. പക്ഷേ, 2019ൽ ഉണ്ടായതിലും ആഴത്തിലുള്ള തോൽവി ഇടതുപക്ഷത്തിൽ ജനങ്ങൾ അത്ര തൃപ്തരല്ല എന്നു കാണിക്കുന്നുണ്ട്. അതു തിരിച്ചറിയാതെ പോയാൽ എൽഡിഎഫിനു തന്നെയാണു ദോഷമാവുക.

ആകെയുള്ള 20ൽ 12 സീറ്റ് വരെ നേടുമെന്ന് അവകാശപ്പെട്ടിടത്താണ് എൽഡിഎഫിന് അരൂർ നഷ്ടമായി ആലത്തൂർ മാത്രം കിട്ടിയത്. അതിനsക്കാൾ ശ്രദ്ധിക്കേണ്ടത് യുഡിഎഫിന്‍റെ 10 സ്ഥാനാർഥികൾ ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടി എന്നതാണ്. ഇടതുപക്ഷ സ്ഥാനാർഥികൾ മികവുള്ളവർ തന്നെയായിരുന്നു. അതിനൊത്തതായില്ല പലയിടത്തും അവരുടെ വോട്ട് വിഹിതം.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില വച്ചു നോക്കിയാൽ 11 നിയമസഭാ സീറ്റുകളിൽ ബിജെപി ഒന്നാമതെത്തി. എട്ടോളം മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത്. സംസ്ഥാന മന്ത്രിമാരുടെ മണ്ഡലങ്ങളിൽ വരെ ബിജെപി മുന്നിലെത്തി. സിപിഎം കോട്ടകളിലേക്ക് ബിജെപി കടന്നുകയറി. എൽഡിഎഫ് നിലവിൽ 19 നിയമസഭാ മണ്ഡലങ്ങളിലാണു മുന്നിലുള്ളത്. 110 മണ്ഡലങ്ങളിൽ യുഡിഎഫിനാണു മേൽക്കൈ. ഈ കണക്കിൽ വലിയ കാര്യമൊന്നുമില്ലെന്നു വാദിച്ചാലും ബിജെപി എൽഡിഎഫിന് അടുത്തുവരുന്ന അവസ്ഥ സംസ്ഥാന രാഷ്‌ട്രീയത്തിൽ പുതുമയാണ്.

തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ബിജെപി കടന്നുകയറുന്നു എന്ന് ഇടതു നേതാക്കൾ മനസിലാക്കേണ്ടിയിരിക്കുന്നു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പുറമേ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്‍റെയും ആറ്റിങ്ങലിൽ വി. മുരളീധരന്‍റെയും ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്‍റെയും പ്രകടനം ഇടതു, വലതു കോട്ടകളിൽ ബിജെപിക്കു കടന്നുകയറാനാവുമെന്ന് കാണിക്കുന്നതാണ്. ഈ മണ്ഡലങ്ങളിലെ വർധിച്ചുവരുന്ന സ്വീകാര്യത എങ്ങനെ വിജയത്തിലെത്തിക്കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പഠിക്കേണ്ടതുണ്ട്. സംസ്ഥാനത്തു മൊത്തത്തിലുള്ള പാർട്ടിയുടെ വോട്ട് വിഹിതം ഇത്തവണ 12ൽ നിന്ന് 17 ശതമാനത്തിൽ എത്തിച്ചിട്ടുണ്ട്. അത് വർധിപ്പിക്കുന്നതിനെക്കുറിച്ചും ബിജെപി നേതൃത്വത്തിനു ചിന്തിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളാകും ഇനി നിർണായകം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com