ഇന്ത്യൻ ഫുട്ബോളിന്‍റെ ദുർഗതിക്കു പരിഹാരമുണ്ടാകണം

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) വന്നതോടെ ഫുട്ബോളിന് രാജ്യത്ത് ജനപ്രീതിയും ഗ്ലാമറും വർധിച്ചു എന്നത് യാഥാർഥ്യമാണ്.
There must be a solution to the plight of Indian football

ഇന്ത്യൻ ഫുട്ബോളിന്‍റെ ദുർഗതിക്കു പരിഹാരമുണ്ടാകണം

Updated on

ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ ഫിഫ റാങ്കിങ് രാജ്യത്തെ കായിക പ്രേമികളെ നിരാശയുടെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഏറ്റവും പുതിയ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ താഴേക്കു പതിച്ച് 142ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനോട് 0-1ന് തോറ്റതടക്കം, നമ്മുടെ രാജ്യത്തെ ഫുട്ബോൾ രംഗത്തിന്‍റെ ദയനീയ ചിത്രം മാത്രമാണ് ഇപ്പോൾ കാണാനുള്ളത്. മുൻ ഫിഫ പ്രസിഡന്‍റ് സെപ് ബ്ലാറ്റർ ഇന്ത്യൻ ഫുട്ബോളിനെ "ഉറങ്ങുന്ന സിംഹം' എന്നൊരിക്കൽ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ആ സിംഹം ഇപ്പോൾ വെറും ഉറക്കത്തിലല്ല, മറിച്ച് കോമയിലേക്ക് വഴുതി വീണിരിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയിട്ടും യോഗ്യതയുടെ ഏഴലയലത്തുപോലും എത്താൻ നമുക്ക് സാധിച്ചിട്ടില്ല. 140 കോടി ജനസംഖ്യയുള്ള ഇന്ത്യക്കു കിട്ടാത്ത യോഗ്യത, വെറും ഒന്നര ലക്ഷം ജനസംഖ്യയുള്ള കുറക്കാവോ എന്ന രാജ്യം വരെ നേടിയെടുത്തിട്ടുണ്ട്. 1996 ഫെബ്രുവരിയിൽ കൈവരിച്ച 94ാം സ്ഥാനമാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിഫ റാങ്ക്. അതിൽ നിന്ന് 40 സ്ഥാനങ്ങൾ താഴെയാണ് ടീം ഇപ്പോൾ നിൽക്കുന്നത് എന്ന വസ്തുത, നമ്മെ ഗൗരവമായി ചിന്തിപ്പിക്കണം.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) വന്നതോടെ ഫുട്ബോളിന് രാജ്യത്ത് ജനപ്രീതിയും ഗ്ലാമറും വർധിച്ചു എന്നത് യാഥാർഥ്യമാണ്. സ്റ്റേഡിയങ്ങളിലെ മെച്ചപ്പെട്ട സൗകര്യങ്ങളും, വിദേശ താരങ്ങളുടെ പങ്കാളിത്തവും, മികച്ച മാധ്യമ ശ്രദ്ധയും ലീഗിനു ലഭിച്ചു. നമ്മുടെ ദേശീയ ലീഗ് പോലും ഇതിനു മുന്നിൽ നിറം മങ്ങിപ്പോയി. എന്നാൽ, ഐഎസ്എല്ലിന്‍റെ ഈ വർധിച്ച പ്രചാരം ദേശീയ ടീമിന്‍റെ പ്രകടനത്തിൽ തീരെ പ്രതിഫലിക്കുന്നില്ല എന്നതിലാണ് പ്രശ്‌നം. അതുമാത്രമല്ല, ഇന്ത്യയിലെ ഫുട്ബോൾ ഭരണത്തിന്‍റെ കെടുകാര്യസ്ഥതയ്ക്ക് ഉത്തമോദാഹരണമായി ഐസിഎൽ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലുമായിരിക്കുന്നു.

വിദേശ കളിക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഐഎസ്എൽ ശൈലി ഇന്ത്യൻ കളിക്കാരുടെ വളർച്ചയ്ക്ക് തടസമുണ്ടാക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഐഎസ്എല്ലിലെ കോടിക്കണക്കിന് രൂപയുടെ കരാറുകൾ ലഭിക്കുമ്പോൾ, മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ട ദേശീയ ടീമിനോടുള്ള പ്രതിബദ്ധതയിൽ കളിക്കാർക്ക് വീഴ്ച സംഭവിക്കുന്നുണ്ടോ? കോടികൾ മുടക്കി ഒരു ഫ്രാഞ്ചൈസി ടീമിനായി കളിക്കുന്ന താരങ്ങൾക്ക്, ദേശീയ ജഴ്സിയിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദവും, അതിനനുസരിച്ചുള്ള പ്രകടന മികവും കാണിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഈ ലീഗ് ആർക്കു വേണ്ടിയാണ്? വിദേശ പരിശീലകരും വിദേശ കളിക്കാരും നിറയുന്ന ലീഗിൽ, ഇന്ത്യൻ ഫുട്ബോളിന്‍റെ ഭാവി എവിടെയാണ് എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. മുടങ്ങിക്കിടക്കുന്ന ഐഎസ്എൽ പുനരാരംഭിക്കുന്നതിനെക്കാൾ പ്രധാനം ദേശീയ ടീമിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കുക തന്നെയാണ് എന്നു ചുരുക്കം.

ഇന്ത്യൻ ഫുട്ബോളിനും ഒരു സുവർണ കാലമുണ്ടായിരുന്നു എന്നു കേട്ടാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും. 1950കളും 60കളുമായിരുന്നു ആ പുഷ്കല കാലം. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ തലയുയർത്തി നിന്ന കാലം. ഇവിടത്തെ ഫുട്ബോൾ പ്രതിഭകളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന കോൽക്കത്തയായിരുന്നു അന്ന് ഇന്ത്യൻ ഫുട്ബോളിന്‍റെ ആസ്ഥാനം. 1951, 1962 ഏഷ്യൻ ഗെയിംസുകളിൽ നമ്മുടെ ഫുട്ബോൾ ടീം സ്വർണം നേടിയത് രാജ്യത്തിന് അഭിമാനമായിരുന്നു. ആ ഇന്ത്യക്ക് ഇന്ന് ഏഷ്യൻ റാങ്കിങ്ങിൽപ്പോലും 27ാം സ്ഥാനം മാത്രമാണുള്ളത്!

1956ലെ മെൽബൺ ഒളിംപിക്സിൽ സെമിഫൈനലിൽ പ്രവേശിച്ചത് ഇന്ത്യൻ ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നു. അന്ന് ലോകമെമ്പാടുമുള്ള ഫുട്ബോൾ പണ്ഡിതർ ഇന്ത്യയുടെ കുതിപ്പിനെ അദ്ഭുതത്തോടെയാണു കണ്ടത്. നമ്മുടെ എക്കാലത്തെയും വലിയ നഷ്ടമായി കണക്കാക്കുന്നത് 1950ലെ ലോകകപ്പ് യോഗ്യതയാണ്. അന്ന് യോഗ്യതയുണ്ടായിരുന്നിട്ടും, ചില സാങ്കേതിക പ്രശ്‌നങ്ങളും മറ്റും കാരണം ട‌ീമിനു ബ്രസീലിലേക്കു പറക്കാനായില്ല. ആ ഒരൊറ്റ ലോകകപ്പ് പങ്കാളിത്തം മതിയായിരുന്നു ഇന്ത്യൻ ഫുട്ബോളിന്‍റെ പിന്നീടുള്ള ഗതി മാറ്റാൻ. എന്നാൽ, അതൊക്കെ ഇന്ന് മൺമറഞ്ഞുപോയ സുവർണ ചരിത്രം മാത്രം.

ദേശീയ ടീമിന്‍റെ ഇപ്പോഴത്തെ പരിശീലകനായ ഖാലിദ് ജമീൽ പോലും പലപ്പോഴും ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ മാസം ഗോവയിൽ സിംഗപ്പുരിനോടു തോറ്റതോടെ ടീം ഏഷ്യൻ കപ്പ് യോഗ്യതയിൽ നിന്ന് പുറത്തായിരുന്നു. 2003നു ശേഷം ആദ്യമായി ബംഗ്ലാദേശിനോട് തോൽക്കുന്ന നാണംകെട്ട അവസ്ഥയിലേക്ക് ടീം എത്തി. ടീം സെലക്ഷനിലും മത്സര തന്ത്രങ്ങളിലും വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തതാണ് ഈ തുടർച്ചയായ തോൽവികൾക്കു കാരണമെന്നു കരുതണം. പരിശീലകരെ മാറ്റിയതുകൊണ്ടോ, പുതിയ കളിക്കാരെ കൊണ്ടുവന്നതുകൊണ്ടോ മാത്രം ഇന്ത്യൻ ഫുട്ബോൾ രക്ഷപെടില്ല. അതിന് അടിത്തട്ടിൽ നിന്നു തന്നെ മാറ്റങ്ങൾ തുടങ്ങണം. ഫുട്ബോളിനെ ഒരു കായിക വിനോദം എന്നതിലുപരി ഒരു സംസ്കാരമായി വളർത്താൻ സാധിക്കണം.

ലോകകപ്പ് യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പായതു മുതൽ ചൈന ഗ്രാസ് റൂട്ട് ലെവൽ ഫുട്ബോൾ വികസനത്തിനുള്ള വമ്പൻ പദ്ധതികൾ നടപ്പാക്കിത്തുടങ്ങി. ഇവിടെയാകട്ടെ, നമ്മുടെ "സിംഹം' ഗാഢനിദ്രയിൽനിന്ന് അബോധാവസ്ഥയിലേക്കു വഴുതിക്കഴിഞ്ഞിരിക്കുന്നു. ഈ കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കാൻ, വെറുതേ കുലുക്കി വിളിച്ചതുകൊണ്ടു മാത്രമായില്ല, തീവ്ര ശബ്ദത്തിൽ അപായമണി തന്നെ മുഴങ്ങണം. കൃത്യമായ ആസൂത്രണവും ദീർഘവീക്ഷണമുള്ള ഭരണ നേതൃത്വവും, കളിയിലെ അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള തയാറെടുപ്പും കൂടിയേ തീരൂ. ഇല്ലെങ്കിൽ, ഈ സിംഹത്തിന്‍റെ ഓർമകൾ പോലും ഫുട്ബോൾ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഏടായി കുഴിച്ചുമൂടേണ്ടി വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com