
തിരുവനന്തപുരം വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം നിലവിൽ വന്നു.
കൊച്ചി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും തിരക്കുള്ള അന്താരാഷ്‌ട്ര വിമാനത്താവളമാണ് തിരുവനന്തപുരം. 1932ൽ സ്ഥാപിതമായ ഇത് കേരളത്തിലെ ആദ്യത്തെ വിമാനത്താവളവും1991ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളവുമാണ്. അദാനി ഗ്രൂപ്പാണ് ഇപ്പോൾ എയർപോർട്ടിന്‍റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. അന്താരാഷ്‌ട്ര ട്രാഫിക്കിന്‍റെ കണക്കെടുത്താൽ ഇന്ത്യയിലെ എട്ടാമത്തെ തിരക്കുള്ള വിമാനത്താവളമാണിത്.
അവിടെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ- ടിടിപി) നിലവിൽ വന്നിരിക്കുകയാണ്. കേരളത്തിൽ കൊച്ചിയിലും കോഴിക്കോട്ടും ഈ സംവിധാനം ഇപ്പോൾത്തന്നെയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷായാണ് തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, കോഴിക്കോട്, അമൃത്‌സർ, ലക്നൗ വിമാനത്താവളങ്ങളിലെ എഫ്ടിഐ-ടിടിപി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്ററും ഉൾപ്പെടെ നിരവധി പ്രമുഖർ ആ ചടങ്ങിൽ പങ്കെടുത്തു.
ഈ പദ്ധതി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുക മാത്രമല്ല, രാജ്യത്തു സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പീഡ്, സ്കെയിൽ, സ്കോപ്പ് എന്ന ദർശനവുമായി ചേർന്നുകൊണ്ട്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ അടുത്ത ഘട്ടം ഈ പരിപാടിയോടെ ആരംഭിക്കുകയാണ്. സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസം വർധിപ്പിക്കാനും പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ഈ പരിപാടി ആ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
എഫ്ടിഐ- ടിടിപി ഉപയോഗപ്പെടുത്തുന്നതിലൂടെ തിരുവനന്തപുരത്തടക്കം തടസമില്ലാത്ത ഇമിഗ്രേഷൻ സൗകര്യങ്ങൾ ലഭ്യമാകും. സൗകര്യം ഒരുക്കിയാൽ മാത്രം പോരാ, പരമാവധി യാത്രക്കാർക്ക് അതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് അമിത് ഷാ പറഞ്ഞത്. ഈ നേട്ടം കൈവരിക്കാൻ പാസ്‌പോർട്ടുകളും ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ (ഒസിഐ) കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണം. ഇത് നടപ്പാക്കാൻ കഴിഞ്ഞാൽ യാത്രക്കാർക്ക് വിരലടയാളം പതിക്കാനോ രേഖകൾ തയാറാക്കാനോ വേണ്ടി തിരികെ വരേണ്ടതില്ല. അവർക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകും. ഇന്ത്യൻ പൗരന്മാർക്ക് തീർച്ചയായും ഗുണമുണ്ടാകും. എന്നാൽ, ഒസിഐ കാർഡ് ഉടമകൾക്കായിരിക്കും ഇതിന്‍റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക.
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ദേശീയ സുരക്ഷയെയും വർധിപ്പിക്കും. 2024ൽ ഡൽഹിയിൽ നിന്നാണ് ഈ പരിപാടി ആരംഭിച്ചത്. തുടർന്ന് മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ ഇത് നടപ്പിലാക്കി. ഈ പദ്ധതി ഇപ്പോൾ രാജ്യത്തെ 13 വിമാനത്താവളങ്ങളിൽ പ്രവർത്തനക്ഷമമാണ്. വരാനിരിക്കുന്ന നവി മുംബൈ, ജെവാർ വിമാനത്താവളങ്ങളിലും പദ്ധതി സജ്ജമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ഇതുവരെ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുള്ള എല്ലാവരും വളരെ സന്തോഷത്തിലാണ്. യാത്രക്കാർക്ക് ഇപ്പോൾ നീണ്ട വരികളോ മാനുവൽ പരിശോധനയോ ഇല്ല. കാലതാമസമില്ലാതെ വെറും 30 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കും. ഏകദേശം 3 ലക്ഷം യാത്രക്കാർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 2.65 ലക്ഷം പേർ യാത്രകളിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ 11 വർഷമായി അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തു ഗണ്യമായ വർധനവുണ്ടായി. 2014ൽ വിദേശത്തേക്ക് സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 3.54 കോടിയായിരുന്നു. അത് 2024ൽ ഏകദേശം 73 ശതമാനം വർധിച്ച് 6.12 കോടിയായി. ഇന്ത്യ സന്ദർശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണം 2014ൽ 1.53 കോടിയായിരുന്നു. അത് 31 ശതമാനം വർധിച്ച് 2024ൽ ഏതാണ്ട് 2 കോടിയായി. രണ്ടു കണക്കുകളും ചേർത്താൽ 2014ൽ ആകെ യാത്രക്കാരുടെ എണ്ണം 5.07 കോടിയായിരുന്നു. 2024ൽ അത് 8.12 കോടിയായി. അതായത് ആകെ 60 ശതമാനം വർധനവിനെ സൂചിപ്പിക്കുന്നു.
ഓൺലൈൻ പോർട്ടൽ വഴിയാണ് എഫ്ടിഐ- ടിടിപി നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരാൻ അപേക്ഷകർ പോർട്ടലിൽ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജ്യണൽ രജിസ്ട്രേഷൻ ഓഫിസിലോ, അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും. രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിങ് പാസും പാസ്പോർട്ടും ഇ- ഗേറ്റിൽ സ്കാൻ ചെയ്യണം. ആഗമനം, പുറപ്പെടൽ പോയിന്‍റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ- ഗേറ്റുകളിൽ യാത്രക്കാരന്‍റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായാലുടൻ ഇ- ഗേറ്റ് യാന്ത്രികമായി തുറക്കും, ഇമിഗ്രേഷൻ ക്ലിയറൻസ് നൽകുന്നു.
ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യകൾ നമ്മുടെ വിമാനത്താവളങ്ങളിലും എത്തുന്നു എന്നതു നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. പ്രതിവർഷം 50 ലക്ഷത്തോളം പേരാണ് തിരുവനന്തപുരത്തു നിന്നു യാത്രകൾ നടത്തുന്നത്. 30,000ത്തിലേറെ വിമാനങ്ങൾ ഇവിടെ നിന്ന് പറന്നുയരുകയും പറന്നിറങ്ങുകയും ചെയ്യുന്നു. യാത്രികരുടെ സൗകര്യമാണു മുഖ്യം എന്ന നയം എല്ലായിടത്തേക്കും വ്യാപിക്കണം. ഒപ്പം, മാറുന്ന കാലത്തിനനുസരിച്ച് രാജ്യരക്ഷയും നടപ്പാകുന്നു എന്നതു ശ്രദ്ധേയമായ കാര്യമാണ്.