
ഡോ. ഹാരിസ് ചിറയ്ക്കൽ
ആരോഗ്യ വകുപ്പിനെക്കുറിച്ചു ജനങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ തുറന്നു പറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെ മോശക്കാരനായി ചിത്രീകരിക്കാനുള്ള അണിയറ നാടകം ആസൂത്രണം ചെയ്ത ആരോഗ്യ വകുപ്പിലെ ഉന്നതാധികൃതർ ഒന്നോർക്കുന്നതു നല്ലതാണ്. ഡോക്റ്റർ ചൂണ്ടിക്കാണിച്ച വിഷയത്തിൽ ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ് എന്നതാണത്. മെഡിക്കൽ ഉപകരണം മോഷണം പോയി എന്നൊക്കെയുള്ള സൂചനകൾ പുറത്തുവിട്ട് ഡോക്റ്ററെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ ജനങ്ങൾക്കു മനസിലായിട്ടുണ്ട് പോക്ക് എവിടേക്കാണെന്ന്. അതു ജനങ്ങൾക്കു മനസിലായി എന്നുപോലും മനസിലാക്കാതെ വീണ്ടും വീണ്ടും നാടകം കളിച്ച് കൂടുതൽ അപഹാസ്യരാവേണ്ടതുണ്ടോയെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവരൊക്കെ ആലോചിക്കുന്നതു നല്ലതാണ്.
ആരോ എഴുതിയ തിരക്കഥയിൽ അഭിനയിക്കുന്നവരെപ്പോലെ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ സൂപ്രണ്ടും പ്രിൻസിപ്പലും കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർക്കു മുന്നിൽ വന്ന് പറഞ്ഞൊപ്പിച്ചതൊന്നും സാധാരണ ജനം വിശ്വസിച്ചിട്ടില്ല. അവരൊട്ടു വിശ്വസിക്കും എന്നു കരുതാനും വയ്യ. വാർത്താസമ്മേളനത്തിനിടെ ഫോണിൽ മുകളിൽ നിന്നു നൽകുന്ന നിർദേശങ്ങൾ അതി വിനയത്തോടെ ഇവർ സ്വീകരിക്കുന്നതു കണ്ടപ്പോൾ തന്നെ തിരക്കഥ മറ്റാരുടെയൊക്കെയോ ആണെന്ന് ആളുകൾക്കു വ്യക്തമായിക്കാണും. ചുരുങ്ങിയപക്ഷം എന്തൊക്കെ എങ്ങനെയൊക്കെ പറയണമെന്ന് മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചിട്ടു വേണ്ടേ ഇത്തരം നാടകങ്ങൾ കളിക്കാൻ! നൂറു കണക്കിനു പാവപ്പെട്ട രോഗികൾക്ക് ആശ്രയമായ മെഡിക്കൽ കോളെജിൽ ചികിത്സയ്ക്ക് ആവശ്യത്തിന് ഉപകരണങ്ങൾ സമയത്തു ലഭ്യമാവുന്നില്ലെന്നു പല തവണ അധികൃതരോടു പരാതി പറഞ്ഞിട്ടും യാതൊരു ഫലവും കാണാതായപ്പോഴാണ് ദുഃഖത്തോടെയും നിരാശയോടെയും ഡോക്റ്റർ അതു പൊതുജനസമക്ഷം തുറന്നു പറഞ്ഞത്. ഉത്തരവാദപ്പെട്ട ഒരു ഡോക്റ്റർ സത്യം പറഞ്ഞു എന്നതല്ലാതെ പറഞ്ഞതൊരു പുതിയ കാര്യമാണ് എന്നും കരുതേണ്ടതില്ല.
മെഡിക്കൽ കോളെജുകൾ അടക്കം കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്നും ഉപകരണങ്ങളും പലപ്പോഴും ഉണ്ടാവാറില്ലെന്നത് ഈ ആശുപത്രികളെ ആശ്രയിക്കുന്ന മുഴുവനാളുകൾക്കും ബോധ്യമുള്ളതാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികൾ കൈയിൽ നിന്നു പണം കൊടുത്ത് ചികിത്സയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങേണ്ടിവരുന്നത് ഒറ്റപ്പെട്ട സംഭവവുമല്ല. ഈ ഗതികേടിനൊരു മാറ്റമുണ്ടാവണമെന്ന് ആത്മാർഥതയുള്ള ഏതെങ്കിലും ഡോക്റ്റർമാർ ആഗ്രഹിച്ചാൽ അവരെ കള്ളന്മാരും വില്ലന്മാരുമൊക്കെയാക്കി ഒതുക്കിക്കൂട്ടുക എന്നതാണു പദ്ധതിയെങ്കിൽ അതിനു വേണ്ടി തലപുകയുന്നവർ ഇതു കേരളമാണ് എന്നെങ്കിലും ആലോചിക്കണം. എട്ടും പൊട്ടും തിരിയാത്ത ജനങ്ങളല്ല ഇവിടെയുള്ളത്. നേരത്തേ, സിസ്റ്റത്തിന്‍റെ തകരാറിനെക്കുറിച്ച് ആരോഗ്യ മന്ത്രി പറയുകയുണ്ടായി. ആ തകരാർ എന്താണെന്ന് ഇപ്പോൾ പകൽ പോലെ വ്യക്തമായിട്ടുണ്ട്. ഇനി ആരോഗ്യ വകുപ്പിലെ ഉന്നതർ സ്വയം തിരുത്തിയാൽ മതി.
തിരുവനന്തപുരം മെഡിക്കൽ കോളെജിനുവേണ്ടി ശശി തരൂർ എംപിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഉപകരണം കാണാതായെന്ന് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ അത് ഡോക്റ്റർ ഹാരിസിനെ ലക്ഷ്യമിട്ടാണെന്നു സംശയം ഉയർന്നതാണ്. മോഷണക്കേസിൽ ഡോക്റ്ററെ പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്നു പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഡോക്റ്റർ ഹാരിസും അന്നു പറഞ്ഞു. ഡോ. ഹാരിസിന്‍റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്‍റെ ഓഫിസ് മുറിയിൽ നടത്തിയ പരിശോധനയിൽ കാണാതായ ഉപകരണത്തിനു പകരം ഉപകരണം വാങ്ങി രഹസ്യമായി കൊണ്ടുവച്ചതു കണ്ടെത്തിയെന്നു സൂചന നൽകാനായിരുന്നു വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പലും സൂപ്രണ്ടും പദ്ധതിയിട്ടതെന്നു കരുതണം. ഡോക്റ്റർ ഹാരിസിന്‍റെ മുറിയിൽ നിന്ന് പുതിയൊരു ബോക്സും ബില്ലും ലഭിച്ചു എന്ന വെളിപ്പെടുത്തലിനെക്കുറിച്ചു കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നായി മറുപടി. എല്ലാം അന്വേഷിച്ച് ഉറപ്പിക്കുന്നതിനു മുൻപ് തിടുക്കത്തിൽ ഒരു വാർത്താസമ്മേളനം തന്നെ സംശയകരമാണല്ലോ. എന്തായാലും റിപ്പയർ ചെയ്യാനായി അയച്ച മറ്റൊരു ഉപകരണം ചെലവു കൂടുതലായതിനാൽ ഒന്നും ചെയ്യാതെ തിരിച്ചുകൊണ്ടുവന്നതാണ് ഡോക്റ്റർ ഹാരിസിന്‍റെ മുറിയിൽ കണ്ടെത്തിയതെന്നു റിപ്പയർ ചെയ്യാനയച്ച സ്ഥാപനത്തിന്‍റെ ഉടമ സ്ഥിരീകരിച്ചതോടെ ഇവരുടെ വാദം പൊളിയുകയായിരുന്നു. സത്യം തുറന്നു പറഞ്ഞതിന് ഡോക്റ്ററെ ക്രൂശിക്കാനുള്ള നീക്കങ്ങളിൽ നിന്ന് ഇനിയെങ്കിലും ആരോഗ്യ വകുപ്പ് പിന്മാറണം. ഹാരിസിനെതിരേ നടപടി ഉണ്ടാകില്ലെന്ന് മെഡിക്കൽ കോളെജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎക്കു സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ വരുന്നത്. പോരായ്മകളുള്ളത് പോരായ്മകളാണെന്നു സമ്മതിക്കാതെ പ്രതികാര നടപടിക്കിറങ്ങുന്നതുകൊണ്ട് സ്വയം അപഹാസ്യരാവാമെന്നേയുള്ളൂ.