

മറ്റത്തൂരിലെ അസാധാരണ നീക്കം
പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ നാടകീയമായ പല സംഭവവികാസങ്ങളും ഉണ്ടായി. സംസ്ഥാനത്തു നിലവിലുള്ള രാഷ്‌ട്രീയ കൂട്ടുകെട്ടുകൾക്ക് അപ്പുറത്തുള്ള ചില ധാരണകളും സഖ്യങ്ങളും ചിലയിടങ്ങളിൽ കാണാനായി. കൂറുമാറ്റവും കാലുമാറ്റവും ചിലരുടെ സാധ്യതകളെ ഇല്ലാതാക്കുകയും മറ്റു ചിലർക്കു സാധ്യതകൾ തുറക്കുകയും ചെയ്തു. ഭൂരിപക്ഷം വാർഡുകളിൽ വിജയിച്ച മുന്നണിക്കു ഭരണം കിട്ടാതെ പോയ പഞ്ചായത്തുകൾ വരെയുണ്ട്. നാട്ടിൻപുറത്തെ രാഷ്‌ട്രീയത്തിൽ ചില പ്രാദേശിക, വ്യക്തിഗത താത്പര്യങ്ങൾക്കനുസരിച്ചു മാറ്റം മറിച്ചിലുകളുണ്ടാവുന്നതാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കു വഴി തെളിക്കുന്നത്. പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ഇത്തരം ചില നാടകീയ സംഭവവികാസങ്ങൾ പതിവുള്ളതുമാണ്.
എന്നാൽ, തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഇത്തവണ സംഭവിച്ചത് സംസ്ഥാന തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. വരും ദിവസങ്ങളിലും മറ്റത്തൂരിനെച്ചൊല്ലി രാഷ്‌ട്രീയ ചർച്ചകളുണ്ടാവുകയും ചെയ്യും. ആകെ 24 അംഗങ്ങളുള്ള പഞ്ചായത്തിൽ എട്ടു പേരാണ് കോൺഗ്രസ് അംഗങ്ങളായി ഉണ്ടായിരുന്നത്. ഏറ്റവും വലിയ മുന്നണി എൽഡിഎഫായിരുന്നു- 10 അംഗങ്ങൾ. നാലു ബിജെപി അംഗങ്ങളും കോൺഗ്രസ് വിമതരായ രണ്ടുപേരുമായിരുന്നു മറ്റുള്ളവർ. ഭൂരിപക്ഷത്തിനു വേണ്ടത് 13 പേരുടെ പിന്തുണ. അത് ആർക്കുമില്ലാത്ത അവസ്ഥയിലാണ് അസാധാരണ രാഷ്‌ട്രീയ നാടകത്തിനു കളമൊരുങ്ങിയത്. കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച ഔസേപ്പിനെ എൽഡിഎഫ് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കുന്നു. ഇതുവഴി കാൽ നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണം നിലനിർത്താനുള്ള അവരുടെ ശ്രമം പൊളിയുന്നത് കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടി വിട്ടതോടെയാണ്. കോൺഗ്രസിൽ നിന്നു രാജിവച്ച എട്ടു പേരും കോൺഗ്രസ് വിമതയായ ടെസി ജോസ് കല്ലറക്കലിനെ പിന്തുണയ്ക്കുന്നു. ബിജെപിയും ടെസിക്കു പിന്തുണ നൽകുന്നു. ഒരു ബിജെപി അംഗത്തിന്‍റെ വോട്ട് അസാധുവായെങ്കിലും 12 വോട്ടോടെ ടെസി പ്രസിഡന്‍റായി. എൽഡിഎഫ് സ്ഥാനാർഥിക്കു 11 വോട്ടാണു ലഭിച്ചത്.
പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് കോൺഗ്രസിൽ നിന്ന് അംഗങ്ങളുടെ നാടകീയമായ രാജിയെന്നു പറയുന്നുണ്ട്. എൽഡിഎഫ് ഭരണത്തിനു തടയിടാൻ വേണ്ടിയാണു കൂറുമാറ്റം ഉണ്ടായതെന്നും പറയുന്നു. ബിജെപി നടത്തിയ കുതിരക്കച്ചവടമാണിതെന്നും രാഷ്‌ട്രീയ എതിരാളികൾ ആരോപിക്കുന്നുണ്ട്. എന്തായാലും കോൺഗ്രസിലെ മുഴുവൻ അംഗങ്ങളും ഒറ്റയടിക്ക് ബിജെപി പക്ഷത്തായി എന്നതാണ് എൽഡിഎഫ് ആയുധമാക്കുന്നത്. ഒറ്റച്ചാട്ടത്തിനു ബിജെപിയിലെത്താൻ തക്കംപാർത്തിരിക്കുന്ന പാർട്ടിയാണു കോൺഗ്രസ് എന്നു മുഖ്യമന്ത്രി ആരോപിക്കുന്നുണ്ട്. കേരളം പരിചയിച്ച രാഷ്‌ട്രീയ കാഴ്ചയല്ല ഇതെന്നും അദ്ദേഹം പറയുന്നു. രണ്ടു വിമതരെയും ഒപ്പം നിർത്തി ഭരണം പിടിക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾ എൽഡിഎഫ് പൊളിച്ചതോടെയാണ് അപ്രതീക്ഷിത മലക്കം മറിച്ചിലുകളുണ്ടായത് എന്നാണു കേൾക്കുന്നത്. എന്തായാലും മറ്റത്തൂരിലെ രാഷ്‌ട്രീയ സംഭവവികാസങ്ങൾ എവിടെവരെ എത്തും എന്നു കേരളം ഉറ്റുനോക്കുന്നുണ്ട്.
എൽഡിഎഫ് ഭരണത്തിനു തടയിടാൻ യുഡിഎഫ്, ബിജെപി അംഗങ്ങൾ യോജിച്ച സംഭവവികാസം കുമരകം പഞ്ചായത്തിലും ഉണ്ടായിട്ടുണ്ട്. മുൻ സിപിഎം നേതാവായ സ്വതന്ത്രൻ എ.പി. ഗോപി കുമരകം പഞ്ചായത്ത് പ്രസിഡന്‍റായത് യുഡിഎഫും ബിജെപിയും പിന്തുണച്ചതുകൊണ്ടാണ്. എൽഡിഎഫിന് എട്ടും യുഡിഎഫിനു നാലും അംഗങ്ങളാണ് 16 അംഗ പഞ്ചായത്തിലുള്ളത്. മൂന്ന് എന്‍ഡിഎ അംഗങ്ങളും സ്വതന്ത്രനുമായിരുന്നു മറ്റുള്ളവർ. വോട്ടിങ്ങിൽ 8-8 തുല്യത വന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഗോപി പ്രസിഡന്‍റായത്. വർഷങ്ങളുടെ ഭരണത്തുടർച്ചയാണ് ഇതോടെ എൽഡിഎഫിനു നഷ്ടമായത്. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങളാണു പാർട്ടിയിൽ നിന്നു പുറത്തായതെങ്കിൽ കുമരകത്ത് ബിജെപി അംഗങ്ങൾക്കെിരേയാണു കടുത്ത നടപടിയുണ്ടായിരിക്കുന്നത്. മൂന്ന് അംഗങ്ങളെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാണ് അംഗങ്ങൾ വോട്ടു ചെയ്തത് എന്നാണ് ഔദ്യോഗികമായി ബിജെപി അവകാശപ്പെടുന്നത്.
ഈ രണ്ടിടത്തും എൽഡിഎഫ് നീക്കങ്ങളാണു പാളിയതെങ്കിൽ പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ബിജെപിയെ ഒഴിവാക്കാൻ യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു കൂട്ടുകെട്ട്. സ്വതന്ത്ര സ്ഥാനാർഥി സുരേഷ് കുഴിവേലിക്കായി എൽഡിഎഫും യുഡിഎഫും ഒന്നിച്ചു. ഇതോടെ ആറു സീറ്റ് നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി പുറത്തായി. എറണാകുളം പുത്തൻകരിശ് പഞ്ചായത്തിൽ 20 ട്വന്‍റിയുടെ പിന്തുണയോടെയാണു യുഡിഎഫ് ഭരണം പിടിച്ചത്. എൽഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും സീറ്റായിരുന്നു ഇവിടെ. രണ്ടു 20 ട്വന്‍റി അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ്- ആർഎംപി മുന്നണിക്കു ലഭിച്ചത് ആർജെഡി അംഗം മാറി വോട്ട് ചെയ്തതോടെയാണ്. ഇരുമുന്നണികൾക്കും ഏഴു വീതം സീറ്റുകളാണുണ്ടായിരുന്നത്. വോട്ടെടുപ്പിൽ ആർജെഡി അംഗത്തിന്‍റെ വോട്ടു കൂടി ലഭിച്ചതോടെ യുഡിഎഫ്- ആർഎംപി മുന്നണിക്കു വിജയം ഉറപ്പായി. പഞ്ചായത്തു തലത്തിൽ ഇത്തരത്തിലുള്ള പല രാഷ്‌ട്രീയ കൂട്ടുകെട്ടുകളും അപ്രതീക്ഷിതമായി സംഭവിക്കും. വിമതരും സ്വതന്ത്രരും നിർണായകമാവുന്നതും അവരെ മുൻനിർത്തിയുള്ള പലവിധ രാഷ്‌ട്രീയ കരുനീക്കങ്ങളുണ്ടാവുന്നതും ഒഴിവാക്കാനാവില്ല.