പൂരശോഭ കെടുത്തരുത് | മുഖപ്രസംഗം

വെടിക്കെട്ട് അടക്കം രാത്രിയിലെ പരിപാടികൾ അലങ്കോലമായത് ഏറെ നിരാശയുണ്ടാക്കുന്നതാണ്.
thrissur pooram fireworks controversy read editorial
thrissur pooram fireworks controversy read editorial

സമാനതകളില്ലാത്ത ആഘോഷമാണു തൃശൂർ പൂരം. മലയാളക്കരയുടെ അഭിമാനമാണത്. അതിന്‍റെ ലോകപ്രശസ്തി ഒന്നിനൊന്നു വർധിപ്പിക്കുക എന്നതാണു നമുക്കു ചെയ്യാനുള്ളത്. അതിനു പകരം പൂരത്തിന്‍റെ ശോഭ കെടുത്തുന്ന നടപടികളുണ്ടാവുന്നത് ആയിരക്കണക്കിനു പൂരപ്രേമികൾക്ക് ഉൾക്കൊള്ളാനാവുന്നതേയല്ല. തേക്കിൻകാടിനു ചുറ്റും തിങ്ങിക്കൂടുന്ന പതിനായിരക്കണക്കിനാളുകൾ പൂരത്തിന്‍റെ ഓരോ ചടങ്ങും, ആഘോഷത്തിന്‍റെ ഓരോ തരിയും ആസ്വദിക്കാനെത്തുന്നവരാണ്. അവർക്ക് അതിനുള്ള അവസരങ്ങൾ ധാരാളമുണ്ട്. അത് അങ്ങനെ തന്നെ തുടരണമെന്ന് ഓരോ പൂരപ്രേമിയും ആഗ്രഹിക്കുകയും ചെയ്യുന്നു.

കൃത്യമായ ചില ചിട്ടവട്ടങ്ങളിലാണു പൂരം നടക്കുന്നത്. അത് എത്രയോ വർഷമായി അങ്ങനെ തന്നെയാണ്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരവാതിൽ തുറക്കുന്നതു മുതൽ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതുവരെ നീളുന്ന ചടങ്ങുകൾക്കു സാക്ഷികളാവാൻ വടക്കുന്നാഥന്‍റെ തട്ടകത്തിലൂടെ ഒഴുകിനീങ്ങുന്ന ജനസമുദ്രത്തിന് എങ്ങനെയാണു പൂരം ആഘോഷിക്കേണ്ടതെന്നു വ്യക്തമായി അറിയാം. മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും വെടിക്കെട്ടും ഒന്നും അവർ വിട്ടുപോവില്ല. അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുക എന്നതാണു സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ നേതാക്കൾക്കും ചെയ്യാനുള്ളത്. അതിനപ്പുറം പൂരച്ചടങ്ങുകളെ ബാധിക്കുന്ന തരത്തിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നതു പ്രതിഷേധം ഉയർത്തുക തന്നെ ചെയ്യും. മനപ്പൂർവമായാലും അല്ലെങ്കിലും പൂരത്തിന്‍റെ മാറ്റു കുറയ്ക്കാനുള്ള ഏതു നീക്കവും എതിർക്കപ്പെടും.

ഇത്തവണത്തെ തൃശൂർ പൂരത്തിനു വെടിക്കെട്ട് അടക്കം രാത്രിയിലെ പരിപാടികൾ അലങ്കോലമായത് ഏറെ നിരാശയുണ്ടാക്കുന്നതാണ്. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് മണിക്കൂറുകൾ വൈകി പകൽ വെളിച്ചത്തിൽ നടത്തേണ്ടിവന്നത് എത്രയോ പൂരപ്രേമികളെയാണു നിരാശപ്പെടുത്തിയത്. വെടിക്കെട്ട് കാണാൻ തയാറായി നിരവധി മണിക്കൂറുകൾ മുൻപു തന്നെ സ്ഥലം പിടിച്ചു കാത്തിരുന്ന ആയിരങ്ങൾ താളം തെറ്റിയ പൂരത്തിന്‍റെ അനിശ്ചിതത്വം കാണേണ്ടിവന്നു. വെടിക്കെട്ടിന്‍റെ സുരക്ഷ പറഞ്ഞ് രാത്രിയിൽ പൊലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണു കാര്യങ്ങൾ തകിടം മറിച്ചത്. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ പൂരം പൂർത്തിയാകും മുൻപേ ആളുകളെ പൂരപ്പറമ്പിൽനിന്ന് പൊലീസ് മാറ്റുകയായിരുന്നു. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് സ്വരാജ് റൗണ്ടിലേക്കു കയറിയതോടെ അങ്ങോട്ടുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. ഇതിൽ പ്രതിഷേധവുമായി തിരുവമ്പാടി വിഭാഗം രംഗത്തെത്തി. ജനങ്ങളും പ്രതിഷേധിച്ചു. സ്ഥലത്തു വാക്കേറ്റവും സംഘർഷവുമുണ്ടായി. പൊലീസ് ലാത്തിവീശി.

സ്ഥിതിഗതികൾ വഷളായതോടെ പൂരം നിർത്തിവയ്ക്കാനും ചടങ്ങു മാത്രമായി നടത്താനും തീരുമാനിക്കുകയായിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി തിരുവമ്പാടി വിഭാഗം നടുവിലാലിലെയും നായ്ക്കനാലിലെയും പന്തലുകളിലെ ലൈറ്റുകളും അണച്ചു. വെടിക്കെട്ടും തടസപ്പെട്ടു. പൂരപ്പറമ്പിലെ പൊലീസ് രാജ് അനുവദിക്കില്ലെന്ന തിരുവമ്പാടിയുടെ നിലപാടിന് പൂരപ്രേമികളുടെ പിന്തുണയുണ്ടായി. വെടിക്കെട്ടിനു കാത്തിരുന്ന പതിനായിരങ്ങൾ നിരാശയോടെ മടങ്ങി. ഒടുവിൽ മന്ത്രിയും കലക്റ്ററും എല്ലാം ഇടപെട്ടു നടത്തിയ ചർച്ചയിലാണു വെടിക്കെട്ട് രാവിലെ നടത്താൻ തീരുമാനിച്ചത്.

പതിവില്ലാത്ത പൊലീസ് നടപടി എന്തിനായിരുന്നു എന്നതാണു പൂരം കഴിഞ്ഞ ശേഷവും ഉയരുന്ന ചോദ്യം. സുരക്ഷ ഏതൊക്കെ തരത്തിൽ വേണം, എവിടെയൊക്കെ ആർക്കൊക്കെ നിൽക്കാം, നിൽക്കരുത് എന്നെല്ലാം തീരുമാനിക്കേണ്ടതു പൂരം നടക്കുന്നതിന് ഇടയിലല്ല. തീരുമാനം എടുക്കേണ്ടത് ഏകപക്ഷീയമായുമല്ല. എല്ലാവരും ചേർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്ത് പിഴവില്ലാതെ നടപ്പാക്കേണ്ടതാണു സുരക്ഷ. പൂരത്തിന്‍റെ ആത്മാവിനെ തൊടാതെ എല്ലാം ഭംഗിയായി നടത്താനാണ് ഇത്രയേറെ ഉദ്യോഗസ്ഥരും സംവിധാനങ്ങളും എല്ലാം ഉള്ളത്. എല്ലാവരും മനസിൽ കാണേണ്ടത് ആയിരക്കണക്കിനു പൂരപ്രേമികളെയാണ്. കാണാൻ ആളുകളെ അനുവദിക്കാതെ പൂരം നടത്തിയിട്ടെന്തുകാര്യം? തീവെട്ടിയുടെ വെളിച്ചത്തിൽ രാത്രിയിലെ പൂരം ആസ്വദിക്കാനായി മാത്രം സ്വരാജ് റൗണ്ടിലെത്തുന്ന ആയിരങ്ങൾ പണ്ടുമുതലേ തൃശൂർ പൂരത്തിനുണ്ട്. ഇനിയും ഉണ്ടാവും. അവരെ തടഞ്ഞുകൊണ്ട് പൂരം നടത്താനാവില്ല. അതു തിരിച്ചറിഞ്ഞു വേണം ആവശ്യമായ നിയന്ത്രണങ്ങളെക്കുറിച്ചു ചിന്തിക്കാൻ.

മുൻപ് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി ഉത്തരവു തിരുത്തിയാണ് സർക്കാർ പരിഹരിച്ചിരുന്നത്. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടിയും വാദ്യങ്ങളും വെടിക്കെട്ടും പാടില്ലെന്ന ഉത്തരവ് പിന്നീട് തിരുത്തുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്റ്റർമാർ പരിശോധിക്കുന്ന ആനകളെ വനം വകുപ്പിന്‍റെ ഡോക്റ്റർമാർ വീണ്ടും പരിശോധിക്കണമെന്ന ഉത്തരവും പിൻവലിക്കേണ്ടിവന്നു. വേണ്ടത്ര ആലോചനയില്ലാതെ അപ്രായോഗികമായ നിർദേശങ്ങൾ ഉത്തരവുകളായി വരുന്നതാണു തർക്കവും അനിശ്ചിതത്വവും ഉണ്ടാക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com