
ഗാനഗന്ധർവന് ഇന്നു ശതാഭിഷേകമാണ്. അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ഭാഗ്യം സിദ്ധിച്ച തലമുറ ഈ എൺപത്തിനാലാം പിറന്നാൾ ദിനം മനം നിറഞ്ഞ നന്ദിയോടെയാവും ആഘോഷിക്കുക. സംഗീത പ്രേമികളുടെ മാത്രമല്ല, ആറു പതിറ്റാണ്ടായി മലയാളികളുടെ ആകമാനം സ്വകാര്യ അഹങ്കാരമാണ് കെ.ജെ. യേശുദാസ് എന്ന ഗായകൻ. നമ്മുടെ ചലച്ചിത്ര ഗാന ശാഖയെ ഇത്രമാത്രം സമ്പന്നമാക്കുന്ന മറ്റൊരു ഗായകനെ കണ്ടെത്താനില്ല. യേശുദാസിനോടു താരതമ്യം ചെയ്യാൻ ആരിരിക്കുന്നു മലയാള ചലച്ചിത്രഗാന രംഗത്ത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുമ്പോൾ സമാനതകളില്ലാത്ത മഹാപുരുഷന്റെ സജീവസാന്നിധ്യം നാം എത്രമാത്രം അനുഗ്രഹമായി കാണുന്നുണ്ട് എന്നതു കൂടി ഓർക്കണം.
യേശുദാസിന്റെ ഗാനങ്ങളെ മനസിൽ താലോലിക്കാത്ത മലയാളികളുണ്ടാവില്ല. അദ്ദേഹത്തിന്റെ ശബ്ദത്തെ സ്നേഹിക്കാത്തവരും കാണില്ല. ശരീരത്തിനു പ്രായമായതൊന്നും പ്രതിഫലിക്കാത്ത ശബ്ദം ഏതു പ്രായക്കാരെയും പിടിച്ചിരുത്തുന്നതാണ്. പഴയ തലമുറയും പുതു തലമുറയും ഒരുപോലെ ആസ്വദിക്കുന്നതാണത്. ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും നിർലോപമായ പ്രശംസകൾ കോരിച്ചൊരിയപ്പെട്ടതാണത്. മലയാളത്തിൽ മാത്രമല്ല മറ്റു പല ഭാഷകളിലും അദ്ദേഹം പാടിയ ഗാനങ്ങളുണ്ട്. കർണാടക സംഗീത രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും എന്നെന്നും ഓർമിക്കുന്നതാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രിയശിഷ്യനായിരുന്നല്ലോ അദ്ദേഹം.
""ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്''
എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ ശ്ലോകം ചൊല്ലി അരങ്ങേറ്റം കുറിച്ച യേശുദാസ് പിന്നീട് ചലച്ചിത്ര ഗാന രംഗത്ത് സർവരും ആരാധിക്കുന്ന മാതൃകയായി മാറുകയായിരുന്നു. 1961ലെ ആ തുടക്കം ഗാനാസ്വാദനത്തിന്റെ മഹാകലവറ പിന്നീടൊരിക്കലും അടയ്ക്കാതെ തുറന്നുവയ്ക്കുന്നതിനു തുല്യമായിരുന്നു. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ കേരളം ആ ശബ്ദത്തിനു പിന്നാലെ കൂടി. നമ്മുടെയൊക്കെ മുന്നിൽ സംഗീതത്തിന്റെ മഹാസാഗരം ഒഴുക്കിയ ഗായകൻ കർണാടക സംഗീതത്തിന്റെ ആഴവും പരപ്പും എത്രയേറെയാണെന്നു പലപ്പോഴും ഓർമിപ്പിക്കാറുമുണ്ട്. ഒരായുസ്സുകൊണ്ടൊന്നും പഠിച്ചുതീരുന്നതല്ല കർണാടക സംഗീതം എന്നത്രേ യേശുദാസ് വിനയപുരസ്സരം സംഗീത പ്രേമികളെ ഓർമപ്പെടുത്തുക.
മലയാളികളുടെ ഏതവസ്ഥയ്ക്കാണ് യേശുദാസിന്റെ പാട്ടുകൾ കൂട്ടിനില്ലാത്തത്. പ്രേമം, വിരഹം, ദുഃഖം, സ്നേഹം- വികാരങ്ങൾ എന്തായാലും അതു ഗാനങ്ങളിലൂടെ മനസുകളിൽ നിറയ്ക്കാൻ ഏറ്റവും ഉചിതമായി നാം കണ്ടത് യേശുദാസിന്റെ ശബ്ദമാണ്. മലയാളിക്കു പാട്ടിന്റെ അവസാന വാക്കും മറ്റാരുടേതുമല്ല. കേരളത്തിന്റെ സാംസ്കാരിക ഐക്കണാണ് അദ്ദേഹം. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം എട്ടു തവണയാണ് യേശുദാസ് നേടിയിട്ടുള്ളത്. കേരള, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങൾ ഇതിനു പുറമേയാണ്. മികച്ച പിന്നണി ഗായകനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഇരുപത്തഞ്ചു തവണയാണ് യേശുദാസിനു ലഭിച്ചത്. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം അഞ്ചു തവണ ലഭിക്കുകയുണ്ടായി. ആന്ധ്ര സർക്കാരിന്റേത് നാലു തവണ. 1975ൽ പദ്മശ്രീ, 2002ൽ പദ്മഭൂഷൺ, 2017ൽ പദ്മവിഭൂഷന് തുടങ്ങിയ ബഹുമതികളും യേശുദാസിനെ തേടിയെത്തി. എത്ര ഗാനങ്ങൾ തന്റേതായുണ്ടെന്നു കണക്കെടുത്തിട്ടില്ലെന്നാണു യേശുദാസ് പറയുക. എന്നാൽ, ആയിരക്കണക്കിനു ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം തിരക്കുള്ള കാലത്ത് ദിവസം എട്ടും പത്തും പാട്ടുകൾ റെക്കോഡ് ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി ഒരു ദിവസം 11 ഗാനങ്ങൾ പാടിയതിന്റെ റെക്കോഡും യേശുദാസിനുണ്ട്. ഇന്ത്യൻ സംഗീത ലോകത്ത് സമാനതകളില്ലാത്ത ഈ അത്ഭുത പ്രതിഭയ്ക്ക് ആശംസകൾ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് തലമുറകളുടെ വ്യത്യാസമില്ലാതെ ആരാധകരൊന്നാകെ. മെട്രൊ വാർത്തയും അതിനൊപ്പം ചേരുന്നു.