

മഹാമോശം, ഈ മാതൃകകൾ
സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലുണ്ടാവുന്ന വർധന നാടിനു വലിയ ആശങ്കയാണു സൃഷ്ടിച്ചിരിക്കുന്നത്. ലഹരി ഉപയോഗത്തെ വേരോടെ പിഴുതെറിയുമെന്നൊക്കെ സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോർട്ടുകൾ അതിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. പൊലീസും എക്സൈസും വ്യാപകമായി പരിശോധനകൾ നടത്തുന്നുണ്ട്. നിരവധിയാളുകൾ പിടിക്കപ്പെടുന്നുണ്ട്.
പക്ഷേ, അതെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രമേ ആകുന്നുള്ളൂ. അത്രയ്ക്കു വ്യാപകമാവുകയാണു ലഹരി ഉപയോഗം. പ്രത്യേകിച്ചു ലഹരിമരുന്നുകളുടെ ഉപയോഗത്തിലുണ്ടായിരിക്കുന്ന വർധന അതീവ പ്രാധാന്യമുള്ള വിഷയമായി കാണുന്നില്ലെങ്കിൽ യുവതലമുറയുടെ ഭാവി ശോഭനമാക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നുവരും. അതുകൊണ്ടാണു ലഹരിക്കെതിരേ ആവർത്തിച്ചു ശബ്ദമുയർത്തേണ്ടിവരുന്നതും.
ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ കഴിയുന്നവരാണ് സിനിമാ രംഗത്തു പ്രവർത്തിക്കുന്നവർ. പക്ഷേ, സിനിമാ മേഖലയിലെ ലഹരി ഉപയോഗം തന്നെ വലിയ വിപത്തായി തുടരുകയാണ്. ഏറ്റവും അവസാനം ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്ന വിവാദങ്ങൾ സിനിമാ മേഖലയിൽ ഒരു ശുദ്ധികലശത്തിന് അടിയന്തര നടപടികളുണ്ടാവണമെന്നു വ്യക്തമാക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സിനിമാ സെറ്റുകളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തുമെന്നൊക്കെ റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇത്തരത്തിലുള്ള അറിയിപ്പുകൾ നേരത്തേയും വന്നിരുന്നു. എന്നാൽ, അതൊന്നും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. സിനിമാരംഗത്തെ ലഹരി മുക്തമാക്കുന്നതിന് സർക്കാർ വാക്കുകളിൽ പ്രകടിപ്പിക്കുന്ന ആത്മാർഥത ഫലത്തിൽ കാണാനില്ലെന്നതാണു വാസ്തവം. ചില സിനിമാ സെറ്റുകളിൽ പരസ്യമായ ലഹരി ഉപയോഗം നടക്കുന്നതായി നേരത്തേ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പാക്കപ്പ് പാർട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ചു സൂചനകളുണ്ടായിരുന്നു. സിനിമാ പ്രവർത്തകർക്ക് സ്ഥിരമായി ലഹരി എത്തിച്ചുനൽകുന്ന സംഘങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്.
സിനിമയിൽ ലഹരിമാഫിയയുടെ സ്വാധീനത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. യുവതാരങ്ങൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നു റിപ്പോർട്ടിൽ പറയുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന പല കുറ്റകൃത്യങ്ങൾക്കും പിന്നിൽ ലഹരി ഉപയോഗമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്രയൊക്കെയായിട്ടും ഇതിനെതിരേ കർശനമായ നടപടികൾ ഉണ്ടാവാത്തത് എന്തുകൊണ്ടായിരിക്കണം. ലഹരി പരിശോധനയിൽ സിനിമാ സെറ്റിനു പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് അവകാശപ്പെടുന്നുണ്ട്. പരിശോധന ഒഴിവാക്കാൻ സിനിമാ സെറ്റിനു പവിത്രതയൊന്നുമില്ലെന്നാണു മന്ത്രിയുടെ അവകാശവാദം. അതുപക്ഷേ, ഇനിയും തെളിയിക്കപ്പെടേണ്ടതാണ്.
ഒന്നിച്ച് അഭിനയിച്ച ഒരു നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്‍റെ ആരോപണം ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധിയാളുകൾ വിൻ സിക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവരുന്നു. നടൻ സെറ്റിലിരുന്ന് വെള്ളപ്പൊടി തുപ്പിയെന്നും ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും വിൻ സി വെളിപ്പെടുത്തുകയുണ്ടായി. നടന്‍റെ പേരു പറയാതെയാണ് പരസ്യമായി അവർ ആരോപണം ഉന്നയിച്ചത്. എന്നാൽ, ഫിലിം ചേംബറിനും താരസംഘടനയായ അമ്മയ്ക്കും അടക്കം നൽകിയ പരാതിയിൽ നടന്‍റെ പേര് പറയുന്നുമുണ്ട്.
ഇതിനിടെയാണ് പൊലീസിന്‍റെ ലഹരി പരിശോധനയ്ക്കിടെ നടൻ എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയെന്ന റിപ്പോർട്ടും വരുന്നത്. പൊലീസ് സംഘം ഹോട്ടലിന്‍റെ താഴെയെത്തിയ വിവരം അറിഞ്ഞ നടൻ മൂന്നാം നിലയിലെ മുറിയിൽനിന്നും ജനൽ വഴി ഇറങ്ങി താഴേക്കു ചാടി ഓടി രക്ഷപെടുകയായിരുന്നുവത്രേ. പൊലീസ് വിളിപ്പിച്ചതിനെത്തുടർന്ന് പിന്നീട് ഇയാൾ ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും ഈ രക്ഷപെടൽ വാർത്തയും വിൻ സിയുടെ ആരോപണവുമെല്ലാം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നതാണ്.
മറ്റൊരു നടൻ സിനിമാ സെറ്റിൽ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു നിർമാതാവ് രംഗത്തുവന്നതും കഴിഞ്ഞ ദിവസമാണ്. രാത്രി മൂന്നു മണിക്ക് ഫോണിൽ വിളിച്ച് കഞ്ചാവ് കിട്ടിയേ തീരൂ എന്നു നടൻ പറഞ്ഞത്രേ! ഏതെങ്കിലും ഒന്നോ രണ്ടോ നടൻമാരെ മാത്രം പേരെടുത്തു പറഞ്ഞ് അവരിലേക്കു മാത്രം ഒതുക്കേണ്ടതല്ല സിനിമാ മേഖലയിലെ ലഹരി ഉപയോഗം.
മയക്കുമരുന്ന് ഉപയോഗിച്ചതിനോ കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനോ അല്ല മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കിയതെന്ന് സംവിധായകൻ വിനയൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നതു ശ്രദ്ധേയമാണ്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയെ നോക്കി തിലകന്‍റെ ആത്മാവ് പൊട്ടിച്ചിരിക്കുന്നുണ്ടാവണമെന്ന് വിനയൻ കുറിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ടവരെല്ലാം കാണേണ്ടതാണ്.