

പുതുയുഗ കേരളത്തിലേക്ക് 100 ദിവസം
പുതുയുഗ കേരളമാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചു കൊണ്ട് മേയ് 18ന് അധികാരമേറ്റ യുഡിഎഫ് സർക്കാർ നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ഒരു സർക്കാരിനെ വിലയിരുത്താൻ ഇതു മതിയായ സമയമല്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെയും മറ്റു മന്ത്രിമാരുടെയും പ്രകടനം വിലയിരുത്തുന്നതിൽ പരിമിതികളുണ്ട്. സർക്കാർ തുടങ്ങിവച്ചതും പ്രഖ്യാപിച്ചതുമായ നടപടികളും പദ്ധതികളുമൊക്കെ പൂർത്തിയാകാനിരിക്കുകയാണ്. ഇനിയും ഏറെ ദൂരം ഈ സർക്കാരിനു മുന്നോട്ടുപോകാനുണ്ട്. ജയപരാജയങ്ങൾ ഈ മുന്നോട്ടുപോക്ക് എങ്ങനെയെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും പൊതുവേ പറഞ്ഞാൽ നല്ലൊരു തുടക്കം എന്നു തന്നെ വിശേഷിപ്പിക്കാം. പരാതി പറയാൻ ചില കാര്യങ്ങൾ ഇല്ലാതില്ല. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും അവസരമുണ്ടായി എന്നതും മറക്കുന്നില്ല. തുടക്കം മുതൽ ഈ സർക്കാരിനെ നിശിതമായി വിമർശിക്കാൻ പ്രതിപക്ഷത്തിന് അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വീകരിച്ച നിലപാടുകളിൽ നിന്നു മാറി എന്ന ആക്ഷേപം ഉയർന്നു. അപ്പോഴും ചില സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചും നടപ്പിലാക്കിയും സർക്കാർ നേരായ വഴിക്കാണ് എന്ന സന്ദേശം ജനങ്ങൾക്കു നൽകി. എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷവും എന്താണു ചെയ്തത് എന്ന മറുചോദ്യം ഉയർത്തി വിമർശനങ്ങളെ നേരിട്ടു.
ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര തീരുമാനിച്ചതും ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ- പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചതും പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ജനങ്ങൾക്കു നൽകിയ ഉറപ്പാണ് "ഇന്ദിരാ ഗ്യാരന്‍റികള്‍'. പ്രിയദർശിനി എന്ന പേരിൽ നടപ്പിലാക്കിയ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര അതിന്‍റെ ഭാഗമാണ്. മറ്റൊരു തരത്തിലുള്ള മാനദണ്ഡങ്ങളും ഏർപ്പെടുത്താതെ മുഴുവൻ സ്ത്രീകൾക്കും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. സ്ത്രീശാക്തീകരണത്തിൽ പ്രധാന പങ്കു വഹിക്കാവുന്ന നടപടിയായാണു സർക്കാർ ഇതിനെ കാണുന്നത്. സാമ്പത്തിക സ്വയം പര്യാപ്തത നേടുന്നതിന് സ്ത്രീകളെ സഹായിക്കുന്ന പദ്ധതി എന്ന നിലയിൽ പ്രിയദർശിനി പദ്ധതി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്തി എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളെ വലിയ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതും ഇതോടൊപ്പം പറയണം. അതിനു പരിഹാരം കാണേണ്ടത് സർക്കാരിന്‍റെ കൂടി ഉത്തരവാദിത്വമാണ്. കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിലുണ്ടാവുന്ന കോടികളുടെ നഷ്ടം സർക്കാരാണു നികത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധി പ്രിയദർശിനി പദ്ധതിയെ ബാധിക്കാതെ നോക്കേണ്ടതുണ്ട് സർക്കാരിന്.
വയോജന വകുപ്പ് രൂപീകരണവും സർക്കാരിന്‍റെ നേട്ടമായി പറയണം. രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതു കേരളത്തിലാണ്. ഈ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയാവുമെന്നു സംസ്ഥാനം ഉറ്റുനോക്കുകയാണ്. മുതിര്‍ന്ന പൗരന്മാരോടുള്ള കരുതലിന്‍റെ ഭാഗമാണു വയോജന വകുപ്പെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച100 ദിന കർമപദ്ധതിയുടെ ഭാഗമായി നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടന്നു. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകള്‍ ചേര്‍ന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചത്. ഓണക്കാലത്ത് സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങൾ വില കൂട്ടാതെ വിതരണം ചെയ്യുന്നുവെന്നു സർക്കാർ ഉറപ്പാക്കി. പല അവശ്യ സാധനങ്ങളും കഴിഞ്ഞ ഓണക്കാലത്തെ സബ്‌സിഡി നിരക്കിനെക്കാള്‍ കുറഞ്ഞ വിലയിലാണു വിതരണം ചെയ്തത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാനുള്ള സൗകര്യവും ഒരുക്കി.
കേരളത്തെ ലഹരിമുക്തമാക്കുന്നതിന് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പു നടപ്പാക്കി വരുന്ന "ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി വലിയൊരു കാൽവയ്പ്പാണ്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. സംസ്ഥാന വ്യാപകമായി വലിയ തോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്തിട്ടുമുണ്ട്. കേരള പൊലീസിനെ ജനസൗഹൃദമാക്കുന്നതിനുള്ള "മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പിന്‍റെ ഓപ്പറേഷന്‍ തണ്ടര്‍ പദ്ധതിയും ഫലപ്രദമായി നടക്കുന്നു. കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെ "ഓപ്പറേഷന്‍ കളരി' എന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തെ അന്താരാഷ്‌ട്ര തലത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനായി പ്രഖ്യാപിച്ചിട്ടുള്ള "മിഷന്‍ സമുദ്ര' എന്ന സ്വപ്നപദ്ധതിയുടെ പുരോഗതി മുഴുവൻ ആളുകളും അതീവ താത്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ചരക്കുനീക്കം പൂർണ തോതില്‍ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ സാധ്യതകള്‍ മിഷന്‍ സമുദ്രയ്ക്കു കരുത്തേകുമെന്നു സർക്കാർ അവകാശപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ എക്സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ വിദേശ വിപണികളിലേക്കു നേരിട്ടു ചരക്കുകള്‍ അയക്കാനും യാത്രാ സമയവും ചെലവും കുറയ്ക്കാനും വഴിതുറന്നിരിക്കുകയാണ്. വിഴിഞ്ഞത്ത് 100 ഏക്കറില്‍ ലോജിസ്റ്റിക്‌സ് ഇക്കോ സിസ്റ്റവും പാലക്കാട് ലോജിസ്റ്റിക്സ് ഹബ്ബും അങ്കമാലിയില്‍ 28 കോടി ചെലവില്‍ ഐടി പാര്‍ക്കും റിയല്‍ എസ്റ്റേറ്റ് വികസനത്തിനായി 5,500 കോടിയുടെ വളര്‍ച്ചാ ഫണ്ടും ആവിഷ്‌കരിച്ചിട്ടുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നു.
ആരോഗ്യ വകുപ്പിൽ സിസ്റ്റം ശരിയാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആരോഗ്യ സ്ഥാപനങ്ങൾ നേരിട്ടു സന്ദർശിച്ച് പോരായ്മകൾ വിലയിരുത്തി പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രികളിൽ 820 പുതിയ കിടക്കകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിക്കുന്നു. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളെജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളെജും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ കൂടുതൽ വേഗത്തിലാക്കാനുള്ള "ഗോൾഡൻ അവർ' പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വിവിധ വകുപ്പുകളിൽ പുതിയ മന്ത്രിമാരുടെ നേതൃത്വത്തിൽ നിരവധിയായ പദ്ധതികൾ നടന്നു വരികയാണ്. അവയുടെയൊക്കെ പുരോഗതി വരും നാളുകളിലാണ് അറിയുക.