

യുഎസുമായുള്ള വ്യാപാരക്കരാർ
file photo
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ യാഥാർഥ്യമായതിനു തൊട്ടുപിന്നാലെ ഇന്ത്യ- അമെരിക്ക വ്യാപാരക്കരാറും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ, ഈ കരാറിന്‍റെ വിശദാംശങ്ങൾ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി കരാർ പ്രഖ്യാപിച്ചു എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരേ രംഗത്തുണ്ട്.
കരാർ വ്യവസ്ഥകളിൽ ഇന്ത്യയുടെ താത്പര്യങ്ങൾ അവഗണിക്കപ്പെട്ടു എന്നതാണ് അവരുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനു കീഴടങ്ങിയെന്നു കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ കാർഷിക-ക്ഷീര മേഖലകളിൽ യുഎസിന്‍റെ കടന്നുകയറ്റത്തിന് അനുവാദം ലഭിക്കണമെന്നതായിരുന്നു ട്രംപിന്‍റെ ആവശ്യം. ഈ മേഖലകളെ സംരക്ഷിച്ചു കൊണ്ടു മാത്രമേ വ്യാപാരക്കരാർ നടപ്പാക്കാനാവൂ എന്ന് ഇന്ത്യയും നിലപാട് സ്വീകരിച്ചിരുന്നു. വ്യാപാരക്കരാർ നീണ്ടുപോവുന്നതിനും ഇതാണു കാരണമായത്.
ഇപ്പോൾ എന്തു വ്യവസ്ഥയിലാണു കരാർ നടപ്പാക്കാൻ തീരുമാനിച്ചതെന്നു വ്യക്തമല്ല. യുഎസിൽ നിന്ന് കാർഷികോത്പന്നങ്ങളുൾപ്പെടെ ഇന്ത്യ കൂടുതലായി വാങ്ങുമെന്നു നരേന്ദ്ര മോദി ഉറപ്പുനൽകി എന്നാണു ട്രംപ് അവകാശപ്പെടുന്നത്. പ്രതിപക്ഷം ആയുധമാക്കുന്നതും ഇതാണ്.
തന്‍റെ താത്പര്യങ്ങൾക്കനുസരിച്ച് പ്രഖ്യാപനങ്ങൾ നടത്തുന്ന ട്രംപിന്‍റെ ശീലം ഈ കരാറിന്‍റെ കാര്യത്തിലുമുണ്ടായതു പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്തായാലും കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യൻ താത്പര്യങ്ങൾക്കു വിരുദ്ധമായതൊന്നും അതിലുണ്ടാവില്ലെന്നു പ്രതീക്ഷിക്കാം. അമെരിക്കയുമായുള്ള വ്യാപാരത്തിൽ കുതിച്ചുകയറ്റമുണ്ടാകുന്നതിനു സഹായിക്കുന്ന ഒരു കരാറുണ്ടാവുന്നതു നല്ലതു തന്നെയാണ്.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു വേഗത്തിൽ അടുക്കാൻ അതു സഹായിക്കുകയും ചെയ്യും. അപ്പോഴും ഇന്ത്യൻ കർഷകനെ തകർക്കുന്ന സമീപനം ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കർഷകർ പ്രതിസന്ധിയിലാവുമ്പോൾ രാജ്യം തന്നെയാണു പ്രശ്നത്തിലാവുക. അതു സർക്കാരിനും നല്ല ബോധ്യമുണ്ടെന്നു കരുതണം.
യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്‍റെ കാര്യത്തിലുണ്ടായതുപോലുള്ള വ്യക്തത എത്രയും വേഗം യുഎസ് കരാറിന്‍റെ കാര്യത്തിലും ഉണ്ടാവണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും സംയുക്തമായായിരുന്നു ആ കരാർ പ്രഖ്യാപനം നടത്തിയത്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിൽ പ്രധാന കാർഷികോത്പന്നങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.
കാർഷികോത്പന്നങ്ങൾ തീരുവയില്ലാതെയോ നിസാര തീരുവയിലോ ഇന്ത്യയിലെത്തിയാൽ അത് ഇവിടുത്തെ കർഷകർക്കു തിരിച്ചടിയാവുമെന്നുറപ്പാണ്. ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെ പാർലമെന്‍റിൽ നടത്തിയ പ്രസ്താവനയിൽ കർഷകരുടെ ആശങ്ക ഒഴിവാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ശ്രമിച്ചിട്ടുണ്ട്. കാർഷിക-ക്ഷീര മേഖലകളെ സർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ വിജയമായി അതു കണക്കാക്കാവുന്നതാണ്. സംതുലിതവും ഇരു കൂട്ടർക്കും ഗുണം ചെയ്യുന്നതുമാവണം ഏതു കരാറും.
ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്കു ചുമത്തിയിരുന്ന 50 ശതമാനം തീരുവ കരാറിനു ധാരണയായതിന്‍റെ പേരിലാണു ട്രംപ് 18 ശതമാനമായി കുറച്ചിരിക്കുന്നത്. ഇന്ത്യയുടെ സംരക്ഷണ നയത്തിനു പകരമായി 25 ശതമാനം തീരുവ, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനു "പിഴ ശിക്ഷ'യായി 25 ശതമാനം തീരുവ എന്ന നിലയ്ക്കാണ് മൊത്തം 50 ശതമാനം ചുമത്തിയിരുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴ പൂർണമായി പിൻവലിച്ചിരിക്കുകയാണ്. ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ തീരുമാനിച്ചതായി ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇന്ത്യ ഇതു സ്ഥിരീകരിച്ചിട്ടില്ല. എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ പറഞ്ഞിട്ടില്ലെന്നാണു റഷ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇക്കാര്യത്തിലും കേന്ദ്ര സർക്കാരിന്‍റെ തീരുമാനം എന്തെന്നു വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. രാജ്യത്തിന്‍റെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായുള്ള കരാറിലൂടെ സാധിക്കുമെന്നു പിയൂഷ് ഗോയൽ പാർലമെന്‍റിൽ പറയുകയുണ്ടായി.
വെനസ്വേലയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഉൾപ്പെടെ ഊർജ ഉത്പന്നങ്ങളുടെ കാര്യത്തിൽ വ്യക്തമായൊരു ധാരണയുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. മേഖലയിലെ മറ്റു രാജ്യങ്ങൾക്കൊന്നും ലഭിക്കാത്ത ആനുകൂല്യങ്ങൾ യുഎസിൽ നിന്ന് ഇന്ത്യയ്ക്കു ലഭിക്കുമെന്നാണു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്തായാലും യുഎസിന്‍റെ തീരുവ 18 ശതമാനമായി കുറയുന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്കു വലിയ ആശ്വാസമാവും. കയറ്റുമതിയിലുണ്ടാകാവുന്ന വർധന സാമ്പത്തിക വ്യവസ്ഥയ്ക്കും ഉത്തേജനം നൽകും. "മെയ്ക്ക് ഇൻ ഇന്ത്യ' പോലുള്ള പദ്ധതികൾക്കു കരാർ വലിയ പ്രോത്സാഹനം നൽകും. കർഷകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഇത് അവസരങ്ങളുണ്ടാക്കും.