
ഗൾഫ് മലയാളികളുടെ യാത്രാ സൗകര്യം കുറയരുത്
പ്രവാസി മലയാളികളിൽ നല്ലൊരു പങ്കും ഗൾഫ് രാജ്യങ്ങളിലാണ്. ഈ നാടിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന പ്രവാസികൾക്ക് നാട്ടിലെത്താനും തിരിച്ചുപോകാനുമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ കുത്തനെ വെട്ടിക്കുറയ്ക്കുമ്പോൾ പ്രവാസികളുടെ യാത്രാസൗകര്യമാണു കുറയുന്നത്. എയർ ഇന്ത്യ ഗൾഫ് മലയാളികളുടെ പ്രധാന യാത്രാമാർഗമായിട്ട് എത്രയോ വർഷങ്ങളായി.
പ്രത്യേകിച്ച് ചെലവു കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിനെ ആശ്രയിക്കുന്നവരാണ് ഏറെയും. കേരളത്തിൽ നിന്നു സർവീസുകൾ പിൻവലിച്ച് രാജ്യത്തിന്‍റെ മറ്റു ചില ഭാഗങ്ങളിൽ നിന്നു കൂടുതൽ സർവീസുകൾ നടത്തുകയാണ് എയർ ഇന്ത്യയുടെ പദ്ധതി എന്നു പറയുന്നുണ്ട്. ഗൾഫ് മലയാളികളെ ബാധിക്കുന്ന ഈ നീക്കം ഒരു ചെറിയ വിഷയമായി കാണാൻ നമുക്കാവില്ല.
കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കത്തെഴുതുമെന്നാണ് മുഖ്യമന്ത്രി ഏതാനും ദിവസം മുൻപു പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, ഡോ. ശശി തരൂർ എംപി തുടങ്ങി കേരളത്തിൽ നിന്നുള്ള പല നേതാക്കളും എയർ ഇന്ത്യയുടെ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.
നിലവിലുള്ള സർവീസുകൾ നിലനിർത്താൻ വ്യോമയാന മന്ത്രാലയത്തിന്‍റെ അടിയന്തര ഇടപെടലാണ് എല്ലാവരും ആവശ്യപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഈ സർവീസുകൾ എത്രമാത്രം ആവശ്യമാണെന്ന് എയർ ഇന്ത്യ മാനെജ്മെന്‍റിന് അറിയാത്തതല്ല. എന്നിട്ടും അവർ നിലവിലുള്ള സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കുകയാണ്. എയർ ഇന്ത്യയിൽ ഏതു വിധത്തിലൊക്കെ സ്വാധീനം ചെലുത്താനാവുമോ ആ മാർഗങ്ങളെല്ലാം കേരളം ഈ അവസരത്തിൽ തേടേണ്ടതുണ്ട്.
എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോൾ മലയാളികളുടെ യാത്രാദുരിതമേറും. ആവശ്യത്തിനു വിമാനങ്ങൾ ഇല്ലാതാകും. സ്വാഭാവികമായും മറ്റു വിമാനക്കമ്പനികൾ യാത്രാനിരക്കു വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങൾ വഴി മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നവരെയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ തീരുമാനം ദോഷകരമായി ബാധിക്കും. അതായത് വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് പ്രവാസി മലയാളികൾ ഇരയാവും.
ഇപ്പോൾ തന്നെ ഡിമാൻഡ് കൂടുന്ന അവസരങ്ങളിൽ ടിക്കറ്റ് നിരക്ക് കൂട്ടി പ്രവാസികളെ കൊള്ളയടിക്കുകയാണു പല കമ്പനികളും ചെയ്യുന്നത്. സാധാരണക്കാരായ പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടികൾക്ക് ആക്കം കൂടുന്നതു കണ്ടുകൊണ്ടിരിക്കാനാവില്ല. ഒക്റ്റോബർ അവസാന വാരം നിലവിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്നു ഗൾഫിലേക്കുള്ള എഴുപത്തഞ്ചോളം സർവീസുകൾ റദ്ദാക്കുമെന്നാണു റിപ്പോർട്ട്. കരിപ്പൂരിൽ നിന്നു മാത്രം ഇരുപത്തഞ്ചോളം സർവീസുകൾ വെട്ടിക്കുറയ്ക്കുമത്രേ. കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള സർവീസുകളും ഗണ്യമായി കുറയ്ക്കുന്നുണ്ട്.
തിരുവനന്തപുരത്തുനിന്ന് ദുബായ്, അബുദാബി സർവീസുകൾ നിർത്തുകയാണ്. കോഴിക്കോടു നിന്നുള്ള കുവൈറ്റ് സർവീസും നിർത്തുന്നു. കണ്ണൂരിൽ നിന്ന് കുവൈറ്റ്, ബഹറിൻ, ജിദ്ദ, ദമാം സെക്റ്ററുകളിലേക്ക് നേരിട്ടുള്ള സർവീസ് ഉണ്ടാവില്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ആഴ്ചയിൽ ഏഴ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വരെ ഉണ്ടായിരുന്ന പല ഗൾഫ് നാടുകളിലേക്കും ഇനി മൂന്നും നാലും അഞ്ചുമൊക്കെ സർവീസേ ഉണ്ടാവൂ. എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റിയതിനു പിന്നാലെയാണ് കേരളത്തിൽ നിന്നുള്ള വിമാന യാത്രക്കാരെ നിരാശപ്പെടുത്തുന്ന തരത്തിൽ സർവീസുകളും വെട്ടിക്കുറയ്ക്കുന്നത്.
അന്താരാഷ്‌ട്ര സർവീസുകൾ മാത്രമല്ല ചില ആഭ്യന്തര സർവീസുകളും അവർ വെട്ടിക്കുറയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കു ദിവസം രണ്ടു സർവീസുകളുണ്ടായിരുന്നതു നിർത്തിയിരിക്കുകയാണ്. കൂടുതൽ യാത്രക്കാർ വിമാന സർവീസുകളെ ആശ്രയിക്കുന്ന കാലത്ത് ഉള്ള സർവീസുകൾ പോലും പിൻവലിക്കപ്പെടുന്നതു യാത്രാദുരിതവും സാമ്പത്തിക ഭാരവും സൃഷ്ടിക്കുകയാണു ചെയ്യുക.
ലക്ഷക്കണക്കിനു മലയാളികളാണ് ജോലിക്കും പഠനത്തിനും മറ്റുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്. വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിനു നൽകിയ കത്തിൽ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ ഗള്‍ഫ് മേഖലയില്‍ തുച്ഛ വരുമാനത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രവാസികളിലേറെയും. അവര്‍ ആശ്രയിക്കുന്ന സര്‍വീസുകൾ എയര്‍ ഇന്ത്യ ഒഴിവാക്കുന്നത് കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്.