മരുന്നിലും സിനിമയിലും കൈവച്ച് ട്രംപ്

അമെരിക്കക്കാർക്കു വേണ്ടിയെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ട്രംപിന്‍റെ നീക്കങ്ങൾ അവർക്കു തന്നെ തിരിച്ചടിയായി മാറുമെന്നും വിലയിരുത്തലുകളുണ്ട്.
Trump dabbles in medicine and film

മരുന്നിലും സിനിമയിലും കൈവച്ച് ട്രംപ്

file photo

Updated on

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ അമെരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ തന്നെയാണ് കൂടുതൽ തീരുവ ഭീഷണിയുമായി അദ്ദേഹം രംഗത്തുവരുന്നത്. തീരുവ ആയുധമാക്കിയുള്ള ട്രംപിന്‍റെ കളി ഇന്ത്യ- യുഎസ് വ്യാപാരബന്ധത്തെ എത്രമാത്രം മോശമായി ബാധിക്കുമെന്നു വരും മാസങ്ങളിൽ അറിയാനിരിക്കുകയാണ്.

അമെരിക്കക്കാർക്കു വേണ്ടിയെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ട്രംപിന്‍റെ നീക്കങ്ങൾ അവർക്കു തന്നെ തിരിച്ചടിയായി മാറുമെന്നും വിലയിരുത്തലുകളുണ്ട്. ട്രംപിന്‍റെ തീരുവ കേരളത്തിൽ നിന്നുള്ള കയറ്റുമതിയെയും ബാധിക്കുമെന്നതിനാൽ മലയാളികൾക്കും ഇക്കാര്യത്തിലുള്ള ആശങ്ക വലുതാണ്. കാർഷിക ഉത്പന്നങ്ങളുടെയടക്കം യുഎസിലേക്കുള്ള കയറ്റുമതിയിൽ ഉണ്ടാകാവുന്ന ഇടിവ് എങ്ങനെ നികത്തുമെന്നത് കേരളം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.

അമെരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്‍റ് നേടിയ മരുന്നുകള്‍ക്ക്‌ 100 ശതമാനം തീരുവ ചുമത്തുമെന്നാണു ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക വ്യാപകമായി ഫാർമ കമ്പനികളിൽ ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീരുവ ചുമത്താതിരിക്കണമെങ്കിൽ കമ്പനികൾ അവരുടെ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിങ് പ്ലാന്‍റ് അമെരിക്കയിൽ സ്ഥാപിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.

അമെരിക്കയുമായുള്ള വ്യാപാരത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയെ യുഎസ് പ്രസിഡന്‍റിന്‍റെ നീക്കം എത്രത്തോളം ദോഷകരമായി ബാധിക്കുമെന്നു വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. ഇതിനു പുറമേ വിദേശത്തു നിർമിച്ച സിനിമകൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. അസാധാരണമായ സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. സിനിമയിൽ പോലും അതിരുകടന്ന സംരക്ഷണ നയം സ്വീകരിക്കുന്നത് യുഎസിനു ഗുണകരമാവുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

ഇന്ത്യയുടെ ഔഷധക്കയറ്റുമതിയിൽ പ്രഥമ സ്ഥാനത്തുള്ളത് അമെരിക്കയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഔഷധ കയറ്റുമതി 27.9 ബില്യണ്‍ ഡോളറിന്‍റേതായിരുന്നു. ഇതില്‍ 31 ശതമാനം അഥവാ 8.7 ബില്യണ്‍ ഡോളര്‍ (77,138 കോടി രൂപ) ഔഷധങ്ങളും കയറ്റുമതി ചെയ്തത് യുഎസിലേക്കാണെന്നു ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ അറിയിക്കുന്നുണ്ട്. 2024-25ൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ 39.8 ശതമാനവും (9.8 ബില്യണ്‍ ഡോളറിന്‍റേത്) യുഎസിലേക്കായിരുന്നു എന്ന കണക്കുമുണ്ട്. യുഎസിലേക്കുള്ള മരുന്നു കയറ്റുമതി വർധിച്ചു വരുന്നു എന്നാണ് ഈ കണക്കു കാണിക്കുന്നത്.

ട്രംപിന്‍റെ താരിഫ് പ്രധാനമായും ലക്ഷ്യമിടുന്നത് ബഹുരാഷ്ട്ര ഭീമന്മാര്‍ ആധ്യപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡഡ്, പേറ്റന്‍റഡ് മരുന്നുകളെയാണ്. ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന ജനറിക് മരുന്നുകളെ ഇതു ബാധിക്കില്ലെന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. യുഎസില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 45 ശതമാനത്തിലധികവും ‌ഇന്ത്യയാണു വിതരണം ചെയ്യുന്നത്. എന്നാൽ, 'ബ്രാൻഡഡ് ഇറക്കുമതി' എന്ന ക്ലാസിഫിക്കേഷനിൽ ബ്രാൻഡഡ് ജനറിക്സുകളും ഉൾപ്പെടുമോ എന്ന ആശങ്ക നിലവിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്‌പെഷ്യാലിറ്റി മരുന്നുകളും കോംപ്ലെക്‌സ് ജനറിക്‌സുകളും ട്രംപിന്‍റെ ടാര്‍ജെറ്റിനു വിധേയമാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ മൊത്തം വരുമാനത്തിന്‍റെ 30 മുതല്‍ 50 ശതമാനം വരെ അമെരിക്കന്‍ വിപണിയില്‍ നിന്നാണു സമ്പാദിക്കുന്നത്. യുഎസിൽ തിരിച്ചടിയേറ്റാൽ അത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

ഇന്ത്യൻ സിനിമകളുടെ യുഎസിൽ നിന്നുള്ള വരുമാനത്തെയും പുതിയ താരിഫ് ബാധിക്കും. ഇന്ത്യൻ സിനിമകളുടെ പ്രധാന വിദേശ വിപണിയാണ് യുഎസ്. താരിഫ് നിലവിൽ വന്നാൽ ഇന്ത്യൻ സിനിമകളുടെ യുഎസിലെ ടിക്കറ്റ് ചാർജ് ഇരട്ടിയാവും. അത് അവിടെയുള്ള ഇന്ത്യക്കാർ സിനിമ കാണുന്നതു കുറയ്ക്കും. മലയാളവും തമിഴും ഹിന്ദിയും അടക്കമുള്ള വിവിധ ഭാഷകളിലെ ഇന്ത്യൻ സിനിമകൾ കാണുന്നതിന് യുഎസിലുള്ള ഇന്ത്യക്കാർ വർഷം ഏകദേശം 100 ദശലക്ഷം ഡോളർ ചെലവഴിക്കുന്നുണ്ടെന്നാണ് പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറയുന്നത്.

പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരുമെല്ലാം ഇന്ത്യൻ സിനിമയോടു താത്പര്യം കാണിക്കുന്നവരാണ്. വിവിധ നാടുകളിലെ സിനിമകളെക്കുറിച്ച് അറിയാൻ താത്പര്യമുള്ള അമെരിക്കക്കാരുമുണ്ട്. ഇവർ എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ട്രംപിന്‍റെ നയം. എന്തായാലും സിനിമാ മേഖലയിലുള്ളവർ ആശങ്കയോടെയാണ് ഈ തീരുവയെ നോക്കിക്കാണുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com