ടിടിഇമാർ ആക്രമിക്കപ്പെടുമ്പോൾ | മുഖപ്രസംഗം

TTE in trains are getting attacked read editorial
TTE in trainfile

ട്രെയ്നിനുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ റെയ്‌ൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം അടുത്തിടെ സജീവ ചർച്ചാ വിഷയമായത് കഴിഞ്ഞ മാസം ആദ്യം ടിടിഇ വിനോദ് അതിക്രൂരമായ ഒരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴാണ്. എറണാകുളത്തുനിന്ന് പാറ്റ്നയിലേക്കുള്ള ട്രെയ്നിൽ തന്‍റെ ജോലി ചെയ്തിരുന്ന വിനോദിനെ തൃശൂർ വെളപ്പായയിൽ വച്ചാണ് ഭിന്നശേഷിക്കാരനും ഒഡിഷ സ്വദേശിയുമായ രജനീകാന്ത് എന്ന അക്രമി തള്ളിതാഴെയിട്ടു കൊലപ്പെടുത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന പ്രതി ടിടിഇ ടിക്കറ്റ് ചോദിച്ച വൈരാഗ്യത്തിലാണ് എസ് 11 കോച്ചിൽ നിന്നു തള്ളി താഴെയിട്ടത്. എതിർവശത്തെ ട്രാക്കിലേക്കു വീണ വിനോദ് അതിലൂടെ വന്ന ട്രെയ്‌ൻ കയറി മരിക്കുകയായിരുന്നു. കലാകാരനും സിനിമാ നടനും കൂടിയായിരുന്ന വിനോദിന്‍റെ ദാരുണാന്ത്യം ഞെട്ടലോടെയാണു കേരളം കേട്ടത്. യാത്രക്കാരാണു പ്രതിയെ കൈയോടെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ട്രെയ്‌നിൽ ടിടിഇമാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങൾ പതിവാണെങ്കിലും ഒരക്രമി ടിടിഇയുടെ വിലപ്പെട്ട ജീവനെടുത്തു എന്നത് റെയ്‌ൽവേക്കെതിരേ വലിയ പ്രതിഷേധം തന്നെയാണ് ഉയർത്തിയത്. ട്രെയ്‌നിൽ ജോലിയെടുക്കാൻ തങ്ങൾക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ടിടിഇമാർ രംഗത്തുവന്നിരുന്നു.

എന്നാൽ, തൃശൂരിനു തൊട്ടു പിന്നാലെ തിരുവനന്തപുരത്തും മറ്റൊരു ടിടിഇ ആക്രമിക്കപ്പെട്ടു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ ടിടിഇ ജയ്സണെ ആക്രമിച്ചത് ഒരു ഭിക്ഷക്കാരനാണ്. ടിക്കറ്റില്ലാതെ ട്രെയ്‌നിൽ കയറിയതു ചോദ്യം ചെയ്ത ടിടിഇയെ ആക്രമിച്ചു പരുക്കേൽപ്പിച്ച അക്രമി ചാടിരക്ഷപെടുകയും ചെയ്തു. ലേഡീസ് കംപാർട്ട്മെന്‍റിൽ ഇരുന്നതു ചോദ്യം ചെയ്തതിന് വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം ഉണ്ടായിട്ടും ഒരു മാസമായിട്ടില്ല. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ചെന്നൈ മെയിലിൽ കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഇപ്പോഴിതാ മറ്റൊരു ടിടിഇ കൂടി കേരളത്തിൽ ട്രെയ്നിനുള്ളിൽ ആക്രമിക്കപ്പെട്ടിരിക്കുന്നു. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രി മർദനമേറ്റത്. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രിയിൽ ചികിത്സയിലാണ്. റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളെ ചോദ്യം ചെയ്തിനിടയിലാണു സംഭവം. യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു ടിടിഇക്കു മർദനമേറ്റത്. ടിടിഇയുടെ പരാതിയിൽ കോഴിക്കോട് റെയ്‌ൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രെയ്‌നിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടത്ര പൊലീസിനെ നിയോഗിക്കുന്നതടക്കം സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ, എല്ലായ്പ്പോഴും കർശന സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഇപ്പോഴും ആയിട്ടില്ല. ട്രെയ്‌നിനുള്ളിൽ ഏതു നിമിഷവും ആരും ആക്രമിക്കപ്പെടാം എന്നതാണു തുടർച്ചയായി ടിടിഇമാർ ആക്രമിക്കപ്പെടുമ്പോൾ ഭയപ്പെടേണ്ടത്. ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമായി കേരളത്തിൽ വരുകയും പോവുകയും ചെയ്യുന്നുണ്ട്. പല ട്രെയ്നുകളിലും ഇവരുടെ വലിയ തിരക്കാണ്. ഉത്തരേന്ത്യയിലേക്കു പോകുന്ന ട്രെയ്‌നുകളിലെ ജനറൽ കംപാർട്ട്മെന്‍റുകളിൽ കാലുകുത്താൻ ഇടമില്ലാത്ത തിരക്ക് പതിവായി കാണുന്നതാണ്. റിസർവേഷൻ കോച്ചുകളിലും തിരക്കിനു കുറവില്ല. ഇതിനിടയിൽ ജനറൽ ടിക്കറ്റെടുത്തും ടിക്കറ്റില്ലാതെയും റിസർവേഷൻ കോച്ചുകളിൽ കയറുന്നവരുമായി ടിടിഇമാരും മറ്റു യാത്രക്കാരും തർക്കിക്കേണ്ടിവരുന്നുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ ലഹരി വസ്തുക്കൾക്ക് അടിമകളായവരും ക്രിമിനൽ സ്വഭാവമുള്ളവരും എല്ലാം കാണും. മലയാളികൾക്കിടയിലും ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗം അക്രമവാസന വർധിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗം കൊണ്ടുതന്നെ ഇപ്പോൾ സംഘർഷ സാധ്യത കൂടുതലാണ്. മോഷണം അടക്കം കുറ്റകൃത്യങ്ങൾ വർധിക്കുകയുമാണ്. ഇതെല്ലാം കണക്കിലെടുത്തുള്ള സുരക്ഷാ സംവിധാനങ്ങളാണ് ട്രെയ്നുകളിൽ ഏർപ്പെടുത്തേണ്ടത്.

2011ലെ സൗമ്യ കേസ് മുതൽ കഴിഞ്ഞ വർഷം ഏപ്രിലിലെ എലത്തൂർ ട്രെയ്‌ൻ തീവയ്പ്പ് കേസ് അടക്കം ഇപ്പോഴും ഭയപ്പെടുത്തുന്ന പല അക്രമസംഭവങ്ങളും കേരളത്തിലോടുന്ന ട്രെയ്നുകളിൽ ഉണ്ടായിട്ടുണ്ട്. മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത സഹയാത്രികനെ പൊട്ടിച്ച കുപ്പികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച സംഭവമുണ്ടായത് കഴിഞ്ഞ വർഷമാണ്. പാസഞ്ചർ ട്രെയ്നിൽ അജ്ഞാതന്‍റെ ആക്രമണത്തിൽ നിന്നു രക്ഷപെടാൻ യുവതി വാതിൽ തുറന്ന് പുറത്തു ചാടിയതു പോലുള്ള സംഭവങ്ങളും സമീപ വർഷങ്ങളിൽ ഉണ്ടായി. ലഹരിവസ്തുക്കൾ ഉപയോഗിച്ച് ട്രെയ്നിൽ കയറി ശല്യം ചെയ്യുന്നവരെ പലപ്പോഴും യാത്രക്കാർക്കു നേരിടേണ്ടിവരുന്നുണ്ട്. പ്ലാറ്റ്ഫോമുകളിൽ അലഞ്ഞുതിരിയുന്ന ക്രിമിനലുകളെ പിടികൂടുന്നതടക്കം കാര്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ താത്പര്യം കാണിക്കേണ്ടിയിരിക്കുന്നു. റെയ്‌ൽവേയുടെ സുരക്ഷാ നടപടികളിൽ എന്തൊക്കെ മാറ്റങ്ങളാണു വേണ്ടതെന്ന് ബന്ധപ്പെട്ടവർ ആലോചിച്ച് എത്രയും പെട്ടെന്നു തീരുമാനമെടുക്കട്ടെ.

Trending

No stories found.

Latest News

No stories found.