

യുഎസ് കരാർ: കേരളത്തിലെ കയറ്റുമതിക്കാർക്കു നേട്ടം
file photo
ഇന്ത്യയും അമെരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്‍റെ ഇടക്കാല വ്യാപാര ചട്ടക്കൂട് കേരളത്തിൽ നിന്നുള്ള കയറ്റുമതിക്കാർക്കു ഗുണകരമാണെന്നാണു കാണുന്നത്. ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, കശുവണ്ടിപ്പരിപ്പ്, പഴങ്ങളും പച്ചക്കറികളും (മാങ്ങ, പഴം, പൈനാപ്പിൾ) തുടങ്ങിയവയ്ക്കെല്ലാം അമെരിക്കയിൽ ഇറക്കുമതി തീരുവ പൂർണമായി ഒഴിവാകുകയാണ്. പൂജ്യം ശതമാനം തീരുവ വരുന്ന വസ്തുക്കളുടെ ലിസ്റ്റിലാണ് ഇവയെല്ലാം ഉൾപ്പെടുന്നത്.
ജനറിക് മരുന്നുകൾ/ ഔഷധ നിർമാണ സംബന്ധിയായ വസ്തുക്കൾ, രത്നങ്ങളും വജ്രങ്ങളും, മെഷീനറി ഘടകങ്ങൾ, അടിസ്ഥാന വാഹന പാട്സുകൾ എന്നിവയെല്ലാം പൂർണ തീരുവ ഒഴിവുള്ളവയാണ്. ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ കയറ്റിഅയക്കുന്ന പ്രധാന സംസ്ഥാനമാണു കേരളം. 2023-24ൽ 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യയിൽ നിന്നു കയറ്റിഅയച്ചത്.
അതിൽ 17 ശതമാനത്തിലേറെ കേരളത്തിന്‍റെ സംഭാവനയായിരുന്നു. അതായത് ആറായിരം കോടിയിലേറെ രൂപയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയാണ് കേരളത്തിൽ നിന്നു നടന്നത്. ഇന്ത്യയിൽ നിന്നു സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് അമെരിക്ക.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കനത്ത തീരുവ പ്രഖ്യാപിച്ചപ്പോൾ സുഗന്ധവ്യഞ്ജനങ്ങളുടെയും തേയില, കാപ്പി, കശുവണ്ടി തുടങ്ങിയവയുടെയും കയറ്റുമതി മേഖലയിൽ ആശങ്ക ഉയർന്നിരുന്നു. അമെരിക്കയിലെ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് കഴിഞ്ഞ നവംബറിൽ ഇത്തരം കാർഷിക വസ്തുക്കൾക്കുള്ള അധിക തീരുവ യുഎസ് ഭരണകൂടം പിൻവലിച്ചത് കേരളത്തിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് ആശ്വാസവുമായിരുന്നു.
കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങി സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ കാര്യമായ പുരോഗതിയുണ്ടാവാൻ ഇന്ത്യ- യുഎസ് ധാരണ സഹായിക്കട്ടെ. ആശ്വാസം കിട്ടുന്ന മറ്റൊരു കയറ്റുമതി മേഖല സമുദ്രോത്പന്നങ്ങളുടേതാണ്. അമെരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയപ്പോൾ ഈ മേഖലയിലും ആശങ്ക ഉയർന്നിരുന്നു. പുതിയ ധാരണ പ്രകാരം യുഎസ് തീരുവ 18 ശതമാനമായി കുറയുകയാണ്. ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയാണ് അമെരിക്ക.
2024-25ൽ യുഎസിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 278 കോടി ഡോളറിന്‍റേതാണ്. അമെരിക്കയുടെ കനത്ത തീരുവ ഈ സാമ്പത്തിക വർഷം ഇതിൽ ചില തിരിച്ചടികൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ചൈന, വിയറ്റ്നാം, യൂറോപ്പ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചത് മൊത്തം സമുദ്രോത്പന്ന കയറ്റുമതിക്ക് ഉണർവു പകരുകയാണ്.
യുഎസ് തീരുവ കുത്തനെ ഇടിയുന്നതോടെ അമെരിക്കൻ വിപണിയിൽ ഇന്ത്യയ്ക്കു കൂടുതൽ സാധ്യതകൾ ഉണ്ടാവും. അടുത്ത സാമ്പത്തിക വർഷം യുഎസിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി 300 കോടി ഡോളർ കടക്കുമെന്നാണു പ്രതീക്ഷ. അതിന്‍റെ നേട്ടം കേരളത്തിനുമുണ്ടാവും. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ 14 ശതമാനം വരെ കേരളത്തിൽ നിന്നാണ്.
കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ 35 ശതമാനത്തിനടുത്ത് ശീതീകരിച്ച ചെമ്മീനാണ്. 21 ശതമാനത്തിലേറെ ശീതീകരിച്ച മറ്റു മത്സ്യങ്ങളും. കേരളത്തിൽ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയെന്ന സ്ഥാനം യുഎസിനു നിലനിർത്താൻ പുതിയ കരാർ സഹായിക്കും. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാറിനു തൊട്ടുപിന്നാലെയാണ് യുഎസുമായും ധാരണയിലെത്തിയിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഇരട്ട നേട്ടമാണു കേരളത്തിലെ കയറ്റുമതിക്കാർക്ക് ലഭിക്കുക. യൂറോപ്യൻ വിപണിയിൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ തീരുവ പൂർണമായും ഒഴിവാകുകയാണ്. മറ്റു കയറ്റുമതി രാജ്യങ്ങളുമായുള്ള മത്സരത്തിൽ ഇതു വലിയ സഹായം ചെയ്യുമെന്നുറപ്പാണ്. അതേസമയം, അമെരിക്കയിൽ നിന്നുള്ള കാർഷിക വസ്തുക്കളുടെ ഇറക്കുമതി രാജ്യത്തെ കർഷകർക്കു മൊത്തത്തിൽ ദോഷമാകുമെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണം കേന്ദ്ര സർക്കാർ ആവർത്തിച്ചു നിഷേധിക്കുന്നുണ്ട്.
ഇന്ത്യയുടെ കാർഷിക താത്പര്യങ്ങളെ പൂർണമായും സംരക്ഷിക്കുന്നതാണ് യുഎസുമായുള്ള കരാറെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കുന്നു. രാജ്യത്തെ പ്രധാന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, ചെറു ധാന്യങ്ങൾ, ക്ഷീര ഉത്പന്നങ്ങൾ എന്നിവ പൂർണമായും സുരക്ഷിതമാണെന്നാണ് അവകാശവാദം. അമെരിക്കൻ ഉത്പന്നങ്ങളുടെ വരവ് ചെറുകിട കർഷകരെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് അവർ പറയുന്നു.
അരി, ഗോതമ്പ്, ചോളം, റാഗി, തിന, പഴങ്ങൾ, പഞ്ചസാര, സോയാബീൻ, മാംസം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കൊന്നും ഇന്ത്യ ഇറക്കുമതി തീരുവയിൽ ഇളവു നൽകില്ല എന്നാണു റിപ്പോർട്ടുകൾ. ഡിഡിജിഎസ്, റെഡ് സോർഗം, സൊയാബീൻ എണ്ണ, ട്രീ നട്‌സ്, സംസ്കരിച്ച പഴങ്ങൾ, വൈൻ തുടങ്ങിയവയ്ക്കു തീരുവ ഇളവു നൽകുമെന്നും റിപ്പോർട്ടുണ്ട്.
ഇത് ഇന്ത്യൻ കർഷകർക്കു വലിയ ഭീഷണി ഉയർത്തുന്നതല്ല. എന്നാൽ, ഈ ലിസ്റ്റിൽ "അഡീഷണൽ ഉത്പന്നങ്ങൾ' എന്നു കൂടി ചേർത്തിട്ടുണ്ട്. അത് എന്താവും എന്നതിലാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. "അഡീഷണൽ ഉത്പന്നങ്ങൾ' എന്നത് എന്താണെന്നു വ്യക്തമാകാതെ ഈ ആശങ്ക മാറുകയുമില്ല.