സുസ്ഥിര വളർച്ചയിൽ പ്രതീക്ഷ

കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള സർക്കാർ നീക്കങ്ങൾ ഫലപ്രദമാവും എന്നു പ്രതീക്ഷിക്കാവുന്നതാണ്
union budget 2026 editorial

നിർമല സീതാരാമൻ

Updated on

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും അടുത്ത സാമ്പത്തിക വർഷം സുസ്ഥിരമായ വളർച്ചയാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നേടുകയെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിന്‍റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവെ അഭിപ്രായപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട് തികഞ്ഞ ആത്മവിശ്വാസം ധനകാര്യ മന്ത്രാലയത്തിനുണ്ടെന്നതു ശ്രദ്ധേയമായ വസ്തുതയാണ്.

അമെരിക്കയുടെ കൊള്ളത്തീരുവയും പലയിടത്തും കാണുന്ന സംഘർഷങ്ങളും അടക്കം ആഗോള സാഹചര്യങ്ങൾ ജാഗ്രത ആവശ്യപ്പെടുന്നുണ്ടെങ്കിലും ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുത്തേണ്ടതില്ലെന്നാണു സർവെ സൂചിപ്പിക്കുന്നത്. ബജറ്റും സാമ്പത്തിക വ്യവസ്ഥയുടെ കരുത്തിൽ പൂർണ വിശ്വാസം രേഖപ്പെടുത്തുന്നതാവും എന്നാണു കരുതേണ്ടത്.

വ്യാപാര പങ്കാളികളുടെ സാമ്പത്തിക വളർച്ചയിലുണ്ടാവുന്ന കുറവ്, തീരുവകൾ വാണിജ്യ മേഖലയിലുണ്ടാക്കുന്ന തടസങ്ങൾ, മൂലധന ഒഴുക്കിലെ അനിശ്ചിതത്വം എന്നിവ കയറ്റുമതിക്കാരുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കാനിടയുള്ളവയാണ്. അപ്പോഴും ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയെ അതു ബാധിക്കണമെന്നില്ല.

കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള സർക്കാർ നീക്കങ്ങൾ ഫലപ്രദമാവും എന്നു പ്രതീക്ഷിക്കാവുന്നതാണ്. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാൻ കഴിഞ്ഞതുപോലുള്ള ശക്തമായ നടപടികൾ കയറ്റുമതി മേഖലയ്ക്ക് ഊർജം പകരുന്നതാണ്. ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യയ്ക്കു പ്രമുഖമായ സ്ഥാനം നൽകുന്നതാണ് യൂറോപ്യൻ യൂണിയനുമായുള്ള കരാർ. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിശ്വസിക്കാനാവില്ല എന്നതുകൊണ്ടു തന്നെ ഏറ്റവും നല്ല പരിഹാരമാർഗം ഇന്ത്യയ്ക്കു തേടേണ്ടതുണ്ടായിരുന്നു.

യൂറോപ്പിലെ വിപണികളിൽ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യയിൽ വലിയ മുതൽമുടക്കുകൾക്ക് ആഗ്രഹിക്കുന്നവർക്കും അത് ആത്മവിശ്വാസം പകരും. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വർഷത്തിൽ, 2047ഓടെ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായുള്ള പരിശ്രമങ്ങളിലാണു കേന്ദ്ര സർക്കാരുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള സാമ്പത്തിക പരിഷ്കാരങ്ങളാണു കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നതും.

നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റും വികസിത ഭാരതം എന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ളതാവുമെന്ന് ഉറപ്പാണ്. ഇത്തവണത്തെ സാമ്പത്തിക സർവെയും വികസിത രാജ്യമാകുക എന്ന ലക്ഷ്യത്തെക്കുറിച്ചു പറയുന്നുണ്ട്. വികസിത ഭാരതത്തിലെത്തണമെങ്കിൽ അടുത്ത 10-20 വർഷക്കാലം രാജ്യം എട്ടു ശതമാനം വളർച്ച നേടണമെന്നാണു സർവെ നിർദേശിക്കുന്നത്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായിരിക്കണമെന്നും സർവെ ആവശ്യപ്പെടുന്നുണ്ട്.

അതായത് ഉയർന്ന വളർച്ചാ നിരക്കിൽ സ്ഥിരത കൈവരിക്കുക എന്നതു പ്രധാനമാണ്. നാണയപ്പെരുപ്പം ഇപ്പോൾ ഭീഷണി ഉയർത്തുന്നില്ല. ജനങ്ങളുടെ ജീവിത നിലവാരം ഉയരണം, ആവശ്യത്തിനു തൊഴിലവസരങ്ങളുണ്ടാവണം, ഭാവിയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം തുടങ്ങി ഉറപ്പുവരുത്തേണ്ട പല നിർണായക കാര്യങ്ങളുമുണ്ട്. എന്തായാലും വികസിത ഭാരതം എന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ മുറുകെ പിടിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

അടുത്ത സാമ്പത്തിക വർഷം 6.8 മുതൽ 7.2 വരെ ശതമാനം വരെ സാമ്പത്തിക വളർച്ച നേടുമെന്നാണ് സാമ്പത്തിക സർവെ കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏഴു ശതമാനത്തിനു മുകളിൽ വളർച്ച മോശമെന്നു പറയാനാവില്ല. ഈ സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച നേടുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നു പറയാം.

എന്നാൽ, കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവെയിൽ ഈ വർഷം പ്രവചിച്ചിരുന്നത് 6.3 മുതൽ 6.8 വരെ ശതമാനം വളർച്ചയായിരുന്നു. അതിൽ നിന്ന് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട് യഥാർഥത്തിലുള്ള കണക്ക്. അതുവച്ചു നോക്കിയാൽ അടുത്ത വർഷം 8 ശതമാനത്തിനടുത്തേക്കു വളർച്ചാ നിരക്ക് എത്തിക്കാനും കഴിഞ്ഞുകൂടെന്നില്ല.

ഈ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ സകല പ്രവചനങ്ങളെയും കടത്തിവെട്ടിയുള്ള പ്രകടനമാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കാഴ്ചവച്ചത്. ജൂലൈ- സെപ്റ്റംബർ ക്വാർട്ടറിൽ 8.2 ശതമാനം വളർച്ച നേടിയെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ആദ്യ ക്വാർട്ടറിൽ 7.8 ശതമാനം വളർച്ചയുണ്ടായ സ്ഥാനത്താണിത്.

ഘടനാപരമായ പരിഷ്കാരങ്ങൾ, ഉയർന്ന പൊതുമുതൽമുടക്ക്, വിതരണ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കൽ നടപടികൾ ഗുണം ചെയ്തിട്ടുണ്ടെന്നു വേണം കരുതാൻ. സാമ്പത്തിക വ്യവസ്ഥയ്ക്കു കൂടുതൽ ഊർജം പകരുന്ന എന്തൊക്കെ നടപടികൾ ബജറ്റിലുണ്ടാവുമെന്നു കാത്തിരുന്നു കാണാം. മാനുഫാക്ചറിങ് മേഖലയ്ക്ക് ആവേശം പകരാനും കയറ്റുമതി വർധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഒക്കെ ധനമന്ത്രി ശ്രമിക്കുമെന്നു കരുതാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com