കഴിഞ്ഞ ദിവസം പുറത്തുവന്ന ഹൈടെക് കോപ്പിയടിയുടെയും ആൾമാറാട്ടത്തിന്റെയും വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഇപ്പോൾ കണ്ടെത്തിയ കേസുകൾ മാത്രമല്ല കൂടുതൽ വ്യാപകമാവാൻ സാധ്യതയുള്ളതാണ് ഈ തട്ടിപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരവധിയാളുകൾ ഉൾപ്പെട്ട രാജ്യവ്യാപകമായ വൻ റാക്കറ്റാണ് പരീക്ഷാതട്ടിപ്പിനു പിന്നിലുള്ളത് എന്ന സൂചനകൾ പൊലീസ് നൽകുന്നു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ മുഴുവൻ പുറത്തുകൊണ്ടുവരാൻ പൊലീസിനു കഴിയുമെന്നു പ്രതീക്ഷിക്കുക. ഒരു സംസ്ഥാനത്ത് ഒതുങ്ങുന്നതല്ല ഈ വിഷയം എന്നാണ് ഒറ്റനോട്ടത്തിൽ മനസിലാവുന്നത്. അങ്ങനെ വരുമ്പോൾ കേരളത്തിനു പുറത്തും അന്വേഷണം വേണ്ടിവരും. അവിടുത്തെ പൊലീസുമായി സഹകരിച്ചു വേണം സംസ്ഥാന പൊലീസ് വിവരങ്ങൾ ശേഖരിക്കാൻ. ഉത്തരേന്ത്യയിൽ നിന്നുള്ള വൻ പരീക്ഷാ തട്ടിപ്പ് ലോബിയുടെ ചെറിയൊരു ഭാഗം മാത്രമാവാം തിരുവനന്തപുരത്ത് എത്തിയത്. രാജ്യത്ത് ഏതൊക്കെ പരീക്ഷകളിൽ എങ്ങനെയൊക്കെ തട്ടിപ്പു നടത്താൻ ഈ സംഘം പദ്ധതിയിട്ടിരുന്നു എന്നു കണ്ടെത്തേണ്ടതുണ്ട്. ഇത്തരം സംഘങ്ങളുടെ പ്രവർത്തനം വേരോടെ പിഴുതു കളയേണ്ടതും അനിവാര്യമാണ്. ഹൈടെക് തട്ടിപ്പുകാരുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ആലോചനകളും ആവശ്യമായിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ് സി) ടെക്നിഷ്യൻമാരുടെ തസ്തികകളിലേക്കു നടത്തിയ എഴുത്തു പരീക്ഷയിലാണ് ഹൈടെക് കോപ്പിയടി കണ്ടുപിടിച്ചത്. ഹരിയാനയിൽ നിന്നു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു പരിശോധനകൾ നടത്തിയതിനാലാണ് തിരുവനന്തപുരത്തെ രണ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായി രണ്ട് ഹരിയാനക്കാർ പിടിയിലായത്. മറ്റാർക്കോ വേണ്ടി പരീക്ഷയെഴുതാൻ എത്തിയതായിരുന്നു ഇവർ. മൊബൈൽ ഫോണും ബ്ലൂടൂത്തും ഹെഡ് സെറ്റും എല്ലാം ഉപയോഗിച്ചുള്ള തട്ടിപ്പ് വിദഗ്ധമായാണ് ഇവർ ആസൂത്രണം ചെയ്തിരുന്നത്. വയറിൽ ബെൽറ്റ് കെട്ടി അതിൽ മൊബൈൽ ഫോൺ വച്ചശേഷം അതിന്റെ ക്യാമറ ഷർട്ടിന്റെ ബട്ടൺ ഹോളിനോടു ചേർത്ത് ഒട്ടിച്ചുവച്ചാണ് ചോദ്യപേപ്പർ പകർത്തിയത് എന്നാണു പറയുന്നത്. ഇങ്ങനെ പകർത്തിയ ചോദ്യങ്ങൾ ഹരിയാനയിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു; അവിടെ നിന്ന് പറഞ്ഞുകൊടുത്ത ഉത്തരങ്ങൾ ചെവിയിൽ വച്ച ചെറിയ ബ്ലൂടൂത്ത് ഇയർ ഫോൺ വഴി കേട്ടെഴുതുകയും ചെയ്തു. ആദ്യം പിടിയിലായ രണ്ടു പേർക്കു പുറമേ തുടർന്നുള്ള അന്വേഷണത്തിൽ മറ്റു ചിലർ കൂടി അറസ്റ്റിലായിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിനു നിയോഗിക്കപ്പെട്ട പ്രത്യേക പൊലീസ് സംഘത്തിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. വിമാനത്തിൽ എത്തി, വിമാനത്താവളത്തിനു സമീപം താമസിച്ചിരുന്ന തട്ടിപ്പുകാർ പരീക്ഷയെഴുതിയ ശേഷം ഉടൻ വിമാനത്തിൽ തന്നെ ഹരിയാനയിലേക്കു മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കൃത്യമായ ആസൂത്രണം ഇതു കാണിക്കുന്നു.
ഹരിയാനക്കാരായ 469 പേർ തിരുവനന്തപുരത്തെ പല പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയിരുന്നു. ഒരേ സ്ഥലത്തു നിന്ന് ഇത്രയധികം പേർ കൂട്ടത്തോടെയെത്തി പരീക്ഷയെഴുതിയതിനു പിന്നിൽ വ്യാപകമായ തട്ടിപ്പുണ്ടാകാമെന്നു സ്വാഭാവികമായും കരുതണം. പരീക്ഷ റദ്ദാക്കിയതിനാൽ തട്ടിപ്പു സംഘത്തിന്റെ പദ്ധതികൾ പൊളിഞ്ഞുവെന്നത് ആശ്വാസമാണ്. അപ്പോഴും ഈ പരീക്ഷക്കായി തയാറെടുത്തു വന്ന നിരവധി ഉദ്യോഗാർഥികളാണു നിരാശരാവുന്നത്. വീണ്ടും അവർക്ക് പരീക്ഷയ്ക്ക് ഒരുങ്ങേണ്ടിവരുന്നു. ഇത്തവണ പരീക്ഷ എളുപ്പമായിരുന്ന എത്രയോ പേരാണ് തങ്ങളുടെ സാധ്യതകൾക്കു തിരിച്ചടിയേറ്റതിൽ വിഷമിക്കുന്നുണ്ടാവുക. ഹരിയാനയിലെ ഒരു കോച്ചിങ് സെന്ററിലാണ് കോപ്പിയടിയുടെ ആസൂത്രണം നടന്നതെന്നാണു നിഗമനം. ഈ കോച്ചിങ് സെന്ററിന്റെ നടത്തിപ്പുകാരനാണ് മുഖ്യ ആസൂത്രകൻ എന്നും പറയുന്നുണ്ട്. കോച്ചിങ് സെന്ററിൽ പരിശീലനത്തിന് എത്തുന്നവരിൽനിന്ന് വൻ തുക വാങ്ങിയാണ് അവർക്കു വേണ്ടി ഹൈടെക് കോപ്പിയടി നടത്തിക്കൊടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് ഇവർ വൻ തുക നൽകി ആളുകളെ ഇങ്ങനെ പരീക്ഷാ തട്ടിപ്പിന് അയയ്ക്കാറുണ്ടെന്നും പറയുന്നുണ്ട്. കുട്ടികളെ പരിശീലിപ്പിച്ച് പരീക്ഷയെഴുതാൻ പ്രാപ്തമാക്കുന്നതിനു പകരം പണം വാങ്ങി തട്ടിപ്പു നടത്തി അർഹരായവരുടെ സാധ്യതകൾ നഷ്ടപ്പെടുത്തുന്നവർ സമൂഹത്തോടു ചെയ്യുന്നത് എത്ര വലിയ കുറ്റമാണ്. ഇങ്ങനെയുള്ളവരെ ഈ ഫീൽഡിൽ നിന്ന് എത്രയും വേഗം മാറ്റിനിർത്തേണ്ടതുണ്ട്. ഭാവി തലമുറയെ നേർവഴി നയിക്കാൻ ബാധ്യതപ്പെട്ടവയാണ് കോച്ചിങ് സെന്ററുകൾ. അവയെ നയിക്കുന്നവർക്കു ധാർമികത നഷ്ടപ്പെട്ടാൽ വലിയ ദുരന്തമാണു നേരിടേണ്ടിവരിക.
ഏതാനും വർഷം മുൻപാണ് കേരളത്തിൽ ഏറെ വിവാദമായ മറ്റൊരു ഹൈടെക് കോപ്പിയടി നടന്നത്. പിഎസ് സി പരീക്ഷയുടെ സുതാര്യത പോലും ചോദ്യം ചെയ്യപ്പെട്ടതായിരുന്നു ആ സംഭവം. കോൺസ്റ്റബിൾ പരീക്ഷയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പു നടത്തിയവർ റാങ്ക് പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയത് കേരളത്തെ ഞെട്ടിച്ചു. യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന മൂന്നു പേരാണ് പരീക്ഷാ തട്ടിപ്പിൽ ഉൾപ്പെട്ടത്. സാങ്കേതിക വിദ്യകൾ വളരുന്നത് നല്ല കാര്യങ്ങൾക്കു മാത്രമല്ല പ്രയോജനപ്പെടുത്താനാവുക. സൈബർ ക്രൈമുകളുടെ വ്യാപ്തി അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെ നേരിടുന്നതിന് സൈബർ സുരക്ഷാ സംവിധാനങ്ങളും അതിനെ നയിക്കുന്ന ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. മത്സര പരീക്ഷകളിൽ സമ്പൂർണ നീതി ഉറപ്പാക്കാൻ പുതിയ കാലത്ത് ചെറിയ ശ്രദ്ധയൊന്നും മതിയാവില്ല.