
ഇന്ത്യൻ സിനിമ- സംഗീത ലോകത്തിന് ഏറെ ദുഃഖകരമാണ് ആ വിയോഗം. പത്തൊമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച് രാജ്യത്തിന്റെ പ്രിയഗായികയായി മാറിയ വാണി ജയറാമിന്റെ അന്ത്യം കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയിൽ തികച്ചും അപ്രതീക്ഷിതമായായിരുന്നു. ഭര്ത്താവ് ജയറാമിന്റെ മരണശേഷം ഒറ്റയ്ക്കു താമസിക്കുന്ന അവരെ തലയ്ക്കു പരുക്കേറ്റ് നിലത്തുവീണു കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒരുകാലവും മറക്കാത്ത നിരവധിയായ ഗാനങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ കുടിയേറിയ നിത്യഹരിത ഗായികയ്ക്ക് ഇങ്ങനെയൊരന്ത്യം ആരാധകരുടെ ദുഃഖം വർധിപ്പിക്കുന്നുണ്ടാവാം. തന്നെ വീണു പരുക്കേറ്റതാവാനാണു സാധ്യതയെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്. അവരുടെ ദേഹവിയോഗത്തിൽ അസ്വാഭാവികതകളൊന്നുമുണ്ടാവില്ലെന്നു പ്രത്യാശിക്കാം. ഏതാനും ദിവസം മുൻപ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചതാണു വാണിയെ. രാഷ്ട്രപതിയിൽ നിന്ന് ആ പുരസ്കാരം ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെയാണ് എഴുപത്തേഴാം വയസിൽ അവർ ഈ ലോകത്തോടു യാത്ര പറഞ്ഞിരിക്കുന്നത്.
മൂന്നു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ സ്വരമാധുരിയുടെ ഉടമയായ അവർ അഞ്ചു പതിറ്റാണ്ടിലേറെക്കാലമാണ് പിന്നണിഗാന രംഗത്തു നിലയുറപ്പിച്ചതും തന്റേതായ സ്ഥാനം കണ്ടെത്തി അനശ്വരയായതും. 1971ൽ ഗുഡ്ഢി എന്ന ഹിന്ദി ചിത്രത്തിലെ "ബോൽ രേ പപീഹര' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വിവിധ ഭാഷകളിലായി ആലപിച്ച ഭാവാർദ്രമായ നിരവധി ഗാനങ്ങളിലൂടെ രാജ്യമെമ്പാടും വാണി പ്രശസ്തയായി. ആരാധക ലക്ഷങ്ങൾ അവരുടെ പാട്ടുകൾക്കു കാതോർത്തിരുന്നു. 1975ൽ തമിഴ് ചിത്രം അപൂർവ രാഗങ്ങളിൽ പാടിയ "ഏഴു സ്വരങ്ങളുക്കുൾ' എന്ന ഗാനത്തിന് ആദ്യമായി ദേശീയ പുരസ്കാരം നേടിയ അവർ "ശങ്കരാഭരണം', "സ്വാതികിരണം' എന്നീ തെലുങ്ക് ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് പിന്നീട് ദേശീയ ബഹുമതികൾക്ക് അർഹയായത്. ഇതു കൂടാതെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും വാണിയെ തേടിയെത്തി. തമിഴ്, മലയാളം, തെലങ്ക്, കന്നട എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയും മറാത്തിയും ഉൾപ്പെടെ മറ്റു ഭാഷകളിലും ഒരുപോലെ ഗംഭീരമായ സ്വീകരണമാണ് ആ ശബ്ദസൗകുമാര്യത്തിനു ലഭിച്ചത്.
മലയാളത്തിൽ അവർ ആലപിച്ച ഗാനങ്ങൾ ഇപ്പോഴും നമ്മുടെയൊക്കെ മനസിൽ മായാതെ പൂത്തുനിൽപ്പുണ്ട്. സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി.., ഏതോ ജന്മ കൽപ്പനയിൽ.., നാടൻ പാട്ടിലെ മൈന.., തിരുവോണപ്പുലരിതൻ.., ആഷാഢ മാസം.., ചിത്രവർണ പുഷ്പജാലമൊരുക്കിവച്ചു തുടങ്ങി കേരളം എക്കാലവും മറക്കാത്ത ഗാനങ്ങൾ പലതുണ്ട് വാണിയുടെ ശബ്ദത്തിൽ. മലയാളത്തിൽ അവർ പാടിയ പാട്ടുകൾ കേട്ടാൽ മലയാളിയല്ലെന്ന് ആർക്കും തോന്നില്ല.
വിവിധ ഭാഷകളുടെ പ്രത്യേകതകൾ മനസിലാക്കി, അവയെല്ലാം ഉൾക്കൊണ്ട്, ഓരോ അക്ഷരവും കൃത്യമായി ഉച്ചരിച്ച് ആസ്വാദകരുടെ മനം കവരാൻ കഴിയുകയെന്നത് അത്യപൂർവ നേട്ടം തന്നെയാണ്. ശ്രവണസുഖദവും ചലച്ചിത്ര ഗാനശാഖയെ സമ്പന്നവുമാക്കിയ അവരുടെ ഗാനങ്ങളിൽ പ്രതിഫലിച്ച വ്യത്യസ്ത വികാരങ്ങൾ ഓരോ കേൾവിക്കാരനും അനായാസം ഉൾക്കൊള്ളാനായി. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, ആർ.കെ. ശേഖർ, സലിൽ ചൗധരി, ജി. ദേവരാജൻ, എം.കെ. അർജുനൻ, വി. ദക്ഷിണാമൂർത്തി, ജെറി അമൽദേവ്, ഇളയരാജ, എ.ആർ. റഹ്മാൻ, ജോൺസൻ തുടങ്ങി പ്രഗത്ഭരായ നിരവധി സംഗീത സംവിധായകർക്കു വേണ്ടി അവർ ഗാനങ്ങൾ ആലപിച്ചു. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിക്കുന്നതായി പല ഗാനങ്ങളും. അവസാന കാലത്തു പാടിയ ഗാനങ്ങളിൽ വരെ ആ സ്വരമാധുരിയെ പ്രായം ബാധിച്ചില്ല. വാണിയമ്മയ്ക്കു പകരം മറ്റൊരു വാണിയമ്മയെ നമുക്കു പ്രതീക്ഷിക്കാനില്ല. ആ ശബ്ദം അതുപോലെ പകർന്നു നൽകാൻ ഇനിയാർക്കു കഴിയും. സിനിമാ സംഗീത ലോകത്തിനു നികത്താനാവാത്ത നഷ്ടം തന്നെയാണ് അവരുടെ വേർപാട്. അപ്പോഴും കാലത്തെ അതിജീവിക്കുന്ന ഗാനങ്ങളിലൂടെ അവർ നമ്മുടെ മനസിലുണ്ടാവും.