

സുപ്രീം കോടതി
file image
മറ്റൊരു മാർഗവും മുന്നിലില്ലാതെ വന്നപ്പോൾ സുപ്രീം കോടതി കർക്കശ നിലപാടെടുത്തതോടെ നാളുകളായി നിലനിന്നിരുന്ന ഒരു തർക്കത്തിന് അതിവേഗം പരിഹാരമുണ്ടായി. വൈസ് ചാൻസലർ (വിസി) നിയമന കാര്യത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുണ്ടായ സമവായം സർവകലാശാലകളുടെ പ്രവർത്തനം സുഗമമാക്കാൻ ഉപകരിക്കും. അതുകൊണ്ടു തന്നെ സ്വാഗതാർഹവുമാണ്. ഇപ്പോൾ സംസ്ഥാനത്തെ രണ്ടു സർവകലാശാലകളുടെ വിസിമാരെ നിയമിക്കുന്നതിലാണ് ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീർപ്പുണ്ടായിരിക്കുന്നത്. സ്ഥിരം വിസിമാരില്ലാത്ത മറ്റു സർവകലാശാലകളിലും ഉടൻ ഇതുപോലുള്ള സമവായം ഉണ്ടാവട്ടെ എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇരുപക്ഷവും തർക്കിച്ചും വാദിച്ചും കേസു നടത്തിയും ലക്ഷക്കണക്കിനു രൂപയും വിലപ്പെട്ട സമയവും പാഴാക്കിയതുകൊണ്ട് സർവകലാശാലകൾക്കോ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്കോ യാതൊരു പ്രയോജനവുമില്ല. പൊതുഖജനാവിലെ പണം വെറുതെ കളയാമെന്നു മാത്രം. ലോക് ഭവനും സർക്കാരും അത് ഇനിയെങ്കിലും തിരിച്ചറിയണം.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കാൻ ഇത്രകാലവും വൈകിയതുകൊണ്ട് ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ പല വിധത്തിലാണ്. ഇരു പക്ഷവും താൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന മട്ടിൽ പിടിവാശി തുടർന്നതുകൊണ്ടാണ് ഇതു സംഭവിച്ചതെന്നു വ്യക്തം. ഇപ്പോൾ സമവായം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് അതു നേരത്തേ തന്നെ ആയിക്കൂടാ. ഇത്തരത്തിൽ സർക്കാർ- ഗവർണർ പോര് തുടർന്നു കൊണ്ടിരുന്നാൽ വിസി നിയമനം സുപ്രീം കോടതി ഏറ്റെടുക്കുമെന്നു വന്നപ്പോഴാണ് മുഖ്യമന്ത്രി- ഗവർണർ കൂടിക്കാഴ്ചയുണ്ടായതും തിരക്കിട്ട് ഒത്തുതീർപ്പുണ്ടായതും. സർവകലാശാലകളുമായി ബന്ധപ്പെട്ടു നടന്നുവന്ന തർക്കങ്ങളൊക്കെ സർക്കാരും ലോക് ഭവനും ഒന്നു വിശദമായി പരിശോധിക്കട്ടെ. എന്നിട്ട് അതൊന്നും ആവർത്തിക്കാതിരിക്കാൻ തീരുമാനിക്കട്ടെ. ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാൽ സർവകലാശാലകളുടെ സുഗമമായ പ്രവർത്തനത്തിനു തടസം നിൽക്കുന്നതു നല്ലതല്ല എന്നതുകൊണ്ടു തന്നെ ഇത്തരം വിയോജിപ്പുകൾക്കു പ്രസക്തിയില്ല. സർവകലാശാലകളിൽ രാഷ്ട്രീയ കളികളല്ല വേണ്ടത്; വിദ്യാർഥികളുടെ പഠന താത്പര്യം മുൻനിർത്തിയുള്ള തീരുമാനങ്ങളാണ്. സർവകലാശാലകളിൽ പഠിക്കുന്നവരുടെ താത്പര്യമാണു മുഖ്യമെന്നു രണ്ടുവശത്തും തിരിച്ചറിവുണ്ടാകണം.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ തയാറാക്കുന്നതിന് ജസ്റ്റിസ് സുധാംശു ധൂലിയ ചെയർപെഴ്സൺ ആയിട്ടുള്ള സെർച്ച് കമ്മിറ്റിയെ ഏതാനും മാസം മുൻപാണ് സുപ്രീം കോടതി നിയോഗിച്ചത്. ഈ കമ്മിറ്റി വിസിമാരാകാൻ പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്കു കൈമാറുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അതിൽ മുൻഗണനാക്രമമുണ്ടാക്കി ഗവർണറുടെ അംഗീകാരത്തിനു നൽകി. ഡിജിറ്റല്‍ വാഴ്‌സിറ്റിയുടെ പട്ടികയില്‍ ഡോ. സജി ഗോപിനാഥിന്‍റെയും സാങ്കേതിക സർവകലാശാലയുടെ പട്ടികയിൽ സി. സതീഷ്‌കുമാറിന്‍റെയും പേരാണു മുഖ്യമന്ത്രി നല്‍കിയ ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്നത്. എന്നാല്‍ ഇരു പട്ടികയിലും ഇടം പിടിച്ചതു ഡോ. സിസ തോമസും ഡോ. പ്രിയ ചന്ദ്രനുമാണ്. രണ്ടു പട്ടികയിലും ഉള്‍പ്പെട്ടവര്‍ ഇവര്‍ മാത്രമാണെന്നു വാദിച്ച് സാങ്കേതിക സർവകലാശാലയിലേക്കു സിസയെയും ഡിജിറ്റലിലേക്കു പ്രിയയെയുമാണു നിര്‍ദേശിക്കുന്നതെന്നു ഗവര്‍ണര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തീർക്കാൻ മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും ലോക് ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമവായമുണ്ടായില്ലെന്ന് ഗവർണറും സർക്കാരും അറിയിച്ചതോടെ രണ്ടു സർവകലാശാലകളിലെയും വിസിമാരെ സ്വയം നിയമിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. രണ്ടു സർവകലാശാലകളിലേക്കും നിയമിക്കാവുന്നവരുടെ പേരുകൾ മുദ്രവച്ച കവറിൽ കോടതിക്കു നൽകാൻ ധൂലിയ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. സുപ്രീം കോടതി തന്നെ നിയമനം നടത്തുമെന്ന് ഉറപ്പായപ്പോഴാണ് സർക്കാരും ഗവർണറും വിട്ടുവീഴ്ചയ്ക്കു തയാറായത്.
സാങ്കേതിക സര്‍വകലാശാലാ വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിക്കാനാണ് ഗവർണറും സർക്കാരും ധാരണയായത്. ഇതനുസരിച്ചു വിജ്ഞാപനമിറങ്ങുകയും ഡോ. സിസ തോമസ് ചുമതലയേൽക്കുകയും ചെയ്തു. നേരത്തേ സാങ്കേതിക സർവകലാശാലയുടെ താത്കാലിക ചുമതല വഹിച്ചിട്ടുള്ള ഡോ. സിസ തോമസ് ഇപ്പോൾ ഡിജിറ്റൽ സർവകലാശാലയുടെ താത്കാലിക വിസിയുമാണ്. കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫസറായ ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാലാ വിസിയായി ചുമതലയേൽക്കുന്നതു വരെ സിസ താത്കാലിക വിസിയായി തുടരും. ഡിജിറ്റൽ സർവകലാശാലയുടെ പ്രഥമ വിസി കൂടിയാണ് ഡോ. സജി ഗോപിനാഥ് എന്നും ഓർക്കാവുന്നതാണ്. സിസ തോമസിനെ വിസിയായി നിയമിക്കാന്‍ പാടില്ലെന്ന നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോൾ സജി ഗോപിനാഥിന്‍റെ കാര്യത്തില്‍ ഗവര്‍ണറും വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നു. വിസിയായി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പഴയ കാര്യങ്ങളൊന്നും ഇനി ഓർക്കുന്നില്ലെന്നുമാണു സിസ പറയുന്നത്. സർക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വിസിയോടു സർക്കാരും സർക്കാരിനോടു വിസിയും സഹകരിച്ചു പ്രവർത്തിക്കുന്നത് സർവകലാശാലയുടെ നടത്തിപ്പു സുഗമമാവാൻ അത്യാവശ്യമാണ്.