
മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നവെന്ന റിപ്പോർട്ടുകൾ രാജ്യത്തിന് ആശ്വാസം പകരുന്നതാണ്. ക്രമസമാധാന പാലനത്തിനായി സൈന്യം ഇറങ്ങേണ്ടിവന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് വംശീയ കലാപത്തിന്‍റെ കനൽ അടങ്ങിയിട്ടുണ്ടെന്നു വേണം കരുതാൻ. രാവിലെ കർഫ്യൂവിൽ ഇളവു നൽകിയ ഇന്നലെ നിരവധിയാളുകൾ കലാപബാധിത മേഖലകളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുമൊക്കെ വാങ്ങാൻ പുറത്തിറങ്ങുകയുണ്ടായി. അർധ സൈനികരും കേന്ദ്ര പൊലീസ് സേനയും എല്ലാമായി പതിനായിരത്തിലധികം സേനാംഗങ്ങളെയാണ് മണിപ്പുരിലേക്ക് നിയോഗിച്ചിട്ടുള്ളത്. മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും സമാധാന സമിതികൾ രൂപവത്കരിച്ച് താഴെത്തട്ടിൽ ജനങ്ങൾക്കിടയിലെ ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേൻ സിങ് ഇന്നലെ അവകാശപ്പെടുകയുണ്ടായി. ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള തർക്കങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾക്കു കേന്ദ്ര സർക്കാർ തയാറാണെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനകാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കുകയും ചെയ്തു.
പരസ്പരം പോരടിക്കുന്ന വിഭാഗങ്ങൾക്കിടയിൽ സമാധാന സന്ദേശം എത്തിക്കുന്നതിലും പരസ്പരമുള്ള സംശയങ്ങൾ ഇല്ലാതാക്കുന്നതിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിജയിക്കട്ടെ. പുറമേയ്ക്ക് ശാന്തമാണെങ്കിലും അടിത്തട്ടിൽ കനലുകൾ ബാക്കിയുണ്ടെങ്കിൽ അവ വീണ്ടും എരിയാതിരിക്കാനുള്ള നടപടികൾ ഊർജിതമായി തന്നെ നടക്കണം. മലയാളികൾ അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നിരവധിയാളുകൾ മണിപ്പുരിലുണ്ട്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും പ്രത്യേക ജാഗ്രതയുണ്ടാവണം. കലാപം അമ്പതിലേറെ പേരുടെ ജീവനെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. നിരവധിയാളുകൾക്കു പരുക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് കലാപബാധിത മേഖലകളിൽ നിന്നു പലായനം ചെയ്തത്. ഇവരിൽ വലിയൊരു വിഭാഗത്തിനു വേണ്ടിയും താത്കാലിക ക്യാംപുകൾ തുറന്നു. മിസോറം, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു രക്ഷപെട്ടു പോയവരുമുണ്ട്. അക്രമങ്ങളിൽ ജീവിതം താറുമാറായ നിരവധി കുടുംബങ്ങൾ സംസ്ഥാനത്തുണ്ട് എന്നുസാരം. സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടതാണ്.
ഏതു സമൂഹത്തിന്‍റെയും പുരോഗതിക്ക് സമാധാനം അനിവാര്യമാണ്. കലാപങ്ങൾ ഒന്നിനും പരിഹാരമുണ്ടാക്കുന്നില്ലെന്ന് ജനാധിപത്യ രാജ്യത്തെ മുഴുവൻ ജനസമൂഹങ്ങളും തിരിച്ചറിയേണ്ടതുമാണ്. ജനവിഭാഗങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ ആളിക്കത്താതെ തീ അണയ്ക്കേണ്ടത് സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും എല്ലാം ഉത്തരവാദിത്വവുമാണ്. മണിപ്പുരിൽ മാത്രമല്ല രാജ്യത്ത് എവിടെയായാലും ഈ ഉത്തരവാദിത്വം നിറവേറ്റാൻ ബന്ധപ്പെട്ടവർക്കു കഴിയണം. അക്രമത്തിലൂടെയല്ല, പരസ്പരമുള്ള ചർച്ചകളിലൂടെയാണു പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കേണ്ടത്. ജനങ്ങൾക്കിടയിലുണ്ടാവുന്ന അസ്വസ്ഥതകൾ ആളിക്കത്തിക്കാൻ ഭീകരസംഘടനകൾ ശ്രമിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. ഇത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ ശ്രമങ്ങൾ തടയുന്നതിൽ അധികൃതർക്കു വീഴ്ച പറ്റിയാൽ അതു ദുരന്തങ്ങൾക്കു കാരണമായേക്കാം. ആ തിരിച്ചറിവ് അധികൃതർക്ക് ഉണ്ടാകേണ്ടതാണ്.
സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി സമുദായത്തിനു പട്ടികവർഗ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് മണിപ്പുരിൽ ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചത്. ജനസംഖ്യയിൽ 40 ശതമാനം വരുന്ന കുകി, നാഗ ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷ സമുദായത്തിന് സംവരണം അനുവദിക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുരിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ചുരാചന്ദ്പുരിലെ ടോർബങ് മേഖലയിൽ മെയ്തി വിഭാഗത്തിനു നേരേ ആക്രമണമുണ്ടായി. മെയ്തി വിഭാഗം ഇതിനെതിരേ തെരുവിലിറങ്ങിയതോടെ സംസ്ഥാനത്തൊട്ടാകെ കലാപം പടരുകയായിരുന്നു. സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. സുരക്ഷാ സേനയും ആക്രമിക്കപ്പെട്ടു. നിരവധി വീടുകളും ഓഫിസുകളും നശിപ്പിക്കപ്പെട്ടു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള ഉത്തരവ് സർക്കാരിന് ഇറക്കേണ്ടിവന്നു. സംഘർഷ മേഖലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി. ട്രെയ്ൻ സർവീസുകൾ നിർത്തിവച്ചു. ജനജീവിതം അക്ഷരാർഥത്തിൽ ദുസ്സഹമാക്കുകയായിരുന്നു കലാപം.
വിദ്വേഷത്തിന്റെ തീപ്പൊരി എത്ര വേഗമാണു പടരുകയെന്ന് മണിപ്പുർ കാണിച്ചു തന്നു. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിപാർപ്പിക്കുന്നതിനും സംഘർഷം നിയന്ത്രണ വിധേയമാക്കുന്നതിനും സൈന്യം വഹിച്ച പങ്ക് പ്രശംസനീയമാണ്. വംശീയത കലാപത്തിലേക്കു നയിക്കുന്നത് തടയുകയെന്നത് ഏതു സമൂഹത്തിന്‍റെയും നിലനിൽപ്പിന് അനിവാര്യമാണ്. വംശീയ വിഭജനം മറികടന്ന് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചേരാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾക്കും പ്രവർത്തകർക്കും കഴിയുമ്പോഴാണ് ജനാധിപത്യം കരുത്താർജിക്കുന്നതും.