വിഴിഞ്ഞം വികസനം ഒരു തരത്തിലും തടസപ്പെടരുത് | മുഖപ്രസംഗം

വികസന പദ്ധതികൾക്കു നൽകുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത് വിഴിഞ്ഞത്തിനു മാത്രം
Vizhinjam development should not be hindered by any means editorial

വിഴിഞ്ഞം വികസനം ഒരു തരത്തിലും തടസപ്പെടരുത് | മുഖപ്രസംഗം

file image

Updated on

വിഴിഞ്ഞം അന്താരാഷ്‌​ട്ര തുറമുഖ പദ്ധതിക്കായി കേന്ദ്രം നൽകാമെന്നു സമ്മതിച്ചിരുന്ന 817.80 കോടി രൂപയുടെ ധനസഹായം വായ്പയായി മാറ്റുന്നതിനെതിരേ കേരളം ശക്തമായ പ്രതിഷേധം ഉയർത്തിയതാണ്. പലിശ സഹിതം ഈ വായ്പ സംസ്ഥാനം തിരിച്ചടയ്ക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും അതു ഫലം കണ്ടില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ആയി കേന്ദ്രം അനുവദിച്ച 817.80 കോടി രൂപയും വായ്പയെന്ന നിലയിൽ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുകയാണല്ലോ. വായ്പാവ്യവസ്ഥ ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവർത്തിച്ചുള്ള അഭ്യർഥന കേന്ദ്രം തള്ളിക്കളയുകയാണുണ്ടായത്. അതേത്തുടർന്ന് മറ്റു വിധത്തിൽ ഫണ്ട് കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സംസ്ഥാനം തേടിയിരുന്നു എന്നും അറിയുന്നു. അത് എളുപ്പമാവില്ലെന്ന തിരിച്ചറിവിലാണ് കേന്ദ്ര ഫണ്ട് സ്വീകരിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക പിന്തുണ എന്ന നിലയിലാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കേന്ദ്രം അനുവദിക്കുന്നത്. ഇത്തരത്തിൽ ഏഴുപതിലേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് നൽകിയിട്ടുണ്ടത്രേ. എന്നാൽ, അതു തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത് വിഴിഞ്ഞത്തിനു മാത്രമാണെന്നു റിപ്പോർട്ടുകളുണ്ട്. തൂത്തുക്കുടി അടക്കമുള്ള തുറമുഖങ്ങൾക്ക് വിജിഎഫ് അനുവദിച്ചത് ഗ്രാന്‍റായാണ്. ഇതു കേരളം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, കേന്ദ്രത്തിൽ നിന്നു സ്വീകരിക്കുന്ന തുക തിരിച്ചടച്ചു തീരുന്നതു വരെ തുറമുഖ പദ്ധതിയിൽ നിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്‍റെ 20 ശതമാനം കേന്ദ്രത്തിനു നൽകണമെന്ന വ്യവസ്ഥ മാറ്റാൻ കേന്ദ്ര സർക്കാർ തയാറായില്ല. 2034 മുതലാണ് വിഴിഞ്ഞം പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിനു വരുമാന വിഹിതം ലഭിച്ചു തുടങ്ങുന്നത്. അന്നു മുതൽ നെറ്റ് പ്രസന്‍റ് വാല്യു വ്യവസ്ഥയിലാണ് പണം തിരിച്ചടയ്ക്കേണ്ടത്. അതായത് അന്നത്തെ മൂല്യം കണക്കാക്കിയുള്ള തിരിച്ചടവ് വേണ്ടിവരും. അങ്ങനെയാവുമ്പോൾ പല മടങ്ങ് അധികം തുക തിരിച്ചടയ്ക്കേണ്ടിവരും. എന്തായാലും വിഴിഞ്ഞത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് തടസമുണ്ടാവാതിരിക്കാൻ കേന്ദ്ര ഫണ്ട് ഉപകരിക്കും. ഒരു വിധത്തിലും വിഴിഞ്ഞം വികസനം തടസപ്പെടാതിരിക്കേണ്ടത് അത്യാവശ്യമാണ്. ആ നിലയ്ക്കു വേണം കേന്ദ്ര ഫണ്ട് വായ്പയായി സ്വീകരിക്കുന്നതിനെ കാണാൻ.

സംസ്ഥാനത്തിന്‍റെ ഭാവി വികസനവുമായി ബന്ധപ്പെട്ടുള്ള അതിപ്രധാന പദ്ധതിയാണു വിഴിഞ്ഞം. തുറമുഖത്തിന്‍റെ പൂർണ കമ്മിഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീയതി ലഭിക്കുന്നതു കാത്തിരിക്കുകയാണിപ്പോൾ. അതിനുശേഷം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കാനുണ്ട്. 2028ഓടെ തുറമുഖത്തിന്‍റെ പൂർണ വികസനം സാധ്യമാവും എന്നാണു പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഒരു തടസങ്ങളും ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. 800 മീറ്ററാണ് ഇപ്പോഴുള്ള കണ്ടെയ്നർ ടെർമിനൽ. അടുത്ത ഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ അത് 2000 മീറ്ററായി മാറും. നിലവിലെ 10 ലക്ഷം ടിഇയു കണ്ടെയ്നർ ശേഷി 44.5 ലക്ഷം ടിഇയു ആയി വർധിപ്പിക്കും. സംഭരണ ശേഷിയിൽ വലിയ വ്യത്യാസമാണ് അടുത്ത ഘട്ടങ്ങളിൽ വരാൻ പോകുന്നത് എന്നു സാരം. ഈ വികസന പ്രവർത്തനങ്ങൾ നിരവധിയാളുകൾക്കു പുതുതായി തൊഴിൽ അവസരങ്ങളുണ്ടാക്കുകയും ചെയ്യും.

രാജ്യത്തെ ചരക്കു നീക്കത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ തുറമുഖം വഴിതുറക്കുകയാണ്. ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി വിഴിഞ്ഞം മാറുമെന്ന് ഉറപ്പ്. ഇപ്പോൾ തന്നെ ഈ തുറമുഖം പ്രവർത്തനക്ഷമത തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. ട്രയൽ റൺ ആരംഭിച്ച് ആറു മാസത്തിനകം മൂന്നു ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്ത് ചരിത്രം കുറിച്ചതാണു വിഴിഞ്ഞം. അതിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ കൈകാര്യം ചെയ്ത ചരക്കിന്‍റെ അളവിൽ രാജ്യത്തെ തെക്കു-കിഴക്കൻ മേഖലയിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തും ഈ തുറമുഖം എത്തി. ഫെബ്രുവരിയിൽ മാത്രം 40 കപ്പലുകളിൽ നിന്നായി 78,833 ടിഇയു ചരക്കാണു കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ട്രയൽ റണ്ണിനു ശേഷം ഇരുനൂറിലേറെ കപ്പലുകൾ തുറമുഖത്ത് എത്തിയിട്ടുണ്ട്. നാലു ലക്ഷത്തിലേറെ ടിഇയു ചരക്ക് കൈകാര്യം ചെയ്തു. ഡിസംബർ മുതൽ വാണിജ്യ തുറമുഖമെന്ന നിലയിൽ നല്ല തോതിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. ഈ നിലയ്ക്കു മുന്നോട്ടുപോയാൽ രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ ഹബ്ബായി വിഴിഞ്ഞം മാറുന്നതിന് അവസരമുണ്ട്. ‌സമീപത്തുള്ള മറ്റു രാജ്യങ്ങളുടെ മദർഷിപ്പ് പോർട്ടുകളോടു മത്സരിക്കുന്നതിനു​​ള്ള വിഴിഞ്ഞത്തി​​ന്‍റെ ശേ​​ഷി പൂ​​ർ​​ണ​​മാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com