
വിഴിഞ്ഞം: സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താം
വിഴിഞ്ഞം രാജ്യാന്തര തുറമുഖം തുറന്നു നൽകുന്ന സാധ്യതകളെക്കുറിച്ചു വളരെ വലിയ കണക്കുകൂട്ടലുകളാണു കേരളത്തിനുള്ളത്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു പത്തു മാസത്തിനകം നിരവധി ദേശീയ റെക്കോഡുകൾ സൃഷ്ടിച്ചു കഴിഞ്ഞ ഈ തുറമുഖം നമ്മുടെ കണക്കുകൂട്ടലുകൾ യാഥാർഥ്യമാവുമെന്ന പ്രതീക്ഷ നൽകുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടു തന്നെ തുറമുഖവുമായി ബന്ധപ്പെട്ടു നടക്കേണ്ട തുടർ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ആവശ്യമായിട്ടുള്ളത്. കണ്ടെയ്നർ ശേഷി വർധിപ്പിക്കുന്നതടക്കമുള്ള തുറമുഖത്തിന്‍റെ രണ്ടാം ഘട്ടം വികസന പ്രവർത്തനങ്ങൾ തടസം കൂടാതെ നടപ്പാക്കാൻ കഴിയണം. ഒരു സമുദ്ര ശക്തിയായി കേരളത്തെ മാറ്റിയെടുക്കാൻ വിഴിഞ്ഞത്തിനു കഴിയുമെന്നതു തർക്കമറ്റ കാര്യമാണ്. സർക്കാരും അദാനി ഗ്രൂപ്പും പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള സഹകരണം ഇതിനു സഹായിക്കുകയും ചെയ്യും.
ചുരുങ്ങിയ കാലം കൊണ്ടു നേടിയ റെക്കോഡുകളാണ് തുറമുഖത്തിന്‍റെ സാധ്യതകൾ ആവർത്തിച്ചു പറയാൻ കാരണമാവുന്നത്. ഇതുവരെ 500 കപ്പലുകളാണ് വിഴിഞ്ഞത്തു വന്നതെന്ന് ഏതാനും ദിവസം മുൻപാണ് അധികൃതർ അറിയിച്ചത്. ഇതിൽ മുപ്പതോളം കപ്പലുകൾ അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ (യുഎൽസിവി) ആയിരുന്നു. ഇന്ത്യയിലെ ഒരു തുറമുഖത്തിനും ഇങ്ങനെയൊരു നേട്ടം ഇതിനുമുൻപ് കൈവരിക്കാനായിട്ടില്ല. ഈ തുറമുഖത്തിന്‍റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.
അതുമാത്രമല്ല, ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് (കപ്പലിന്‍റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) കൂടിയ ചരക്കു കപ്പലിനെ ബെർത്ത് ചെയ്തതും വിഴിഞ്ഞം തുറമുഖമാണ്. ഇവിടെ അഞ്ഞൂറാമത്തെ കപ്പലായി എത്തിയ എംഎസ്‍സി വെറോണയാണ് ഈ റെക്കോഡും വിഴിഞ്ഞത്തിനു സമ്മാനിച്ചത്. 17.1 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കപ്പൽ സുഗമമായാണ് ബെർത്ത് ചെയ്തത്. ഇതിനു മുൻപ് ഇന്ത്യൻ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോഡ് 17 മീറ്റർ ആയിരുന്നു. 18-20 മീറ്റർ സ്വാഭാവിക ആഴമുള്ള തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്കു സുഗമമായി ബെർത്ത് ചെയ്യാനാവും.
ഇവിടെ ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടിട്ടുണ്ട്. പ്രതീക്ഷിച്ച വാർഷിക ശേഷി അനായാസം മറികടന്നു എന്നതാണ് ഇക്കാര്യത്തിൽ സന്തോഷകരമായിട്ടുള്ളത്. 10 ലക്ഷം ടിഇയു ആണ് കൈകാര്യ ശേഷിയായി പ്രതീക്ഷിച്ചിരുന്നത്. ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ വിഴിഞ്ഞത്തിന് ഇന്ത്യയുടെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്‍റ് ഹബ്ബ് എന്ന നിലയിൽ ആഗോള ഷിപ്പിങ് വ്യവസായത്തിൽ പ്രധാന സ്ഥാനമാണു ലഭിക്കുന്നത്.
തുറമുഖത്തിന്‍റെ മുഴുവൻ സാധ്യതകളും ഉപയോഗിച്ച് വ്യവസായ വികസനം സാധ്യമാക്കാൻ പോർട്ട് സിറ്റി വികസിപ്പിക്കുന്നതിനായി കേരള സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു എന്നതു സ്വാഗതാർഹമാണ്. ദുബായിയിലും സിംഗപ്പുരിലും പോർട്ട് സിറ്റി വികസിപ്പിച്ച മാതൃകയിലാണു വിഴിഞ്ഞത്തും പദ്ധതി തയാറാക്കുന്നതെന്നാണു പറയുന്നത്. മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് കൺസൽട്ടൻസിയെ നിയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രാരംഭ ചെലവിന് 1.83 കോടി രൂപയും അനുവദിച്ചിരിക്കുന്നു. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള കടമ്പകൾ മറികടക്കാനുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഇച്ഛാശക്തി പ്രധാന ഘടകമാവും.
തുറമുഖത്തുനിന്ന് നവംബർ ഒന്നിന് റോഡ് മാർഗമുള്ള ചരക്കുനീക്കം ആരംഭിക്കുമെന്നാണു റിപ്പോർട്ട്. വലിയ കപ്പലുകളിൽ എത്തുന്ന ചരക്കുകൾ ചെറുകപ്പലുകൾ വഴി മറ്റു തുറമുഖങ്ങളിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം ആരംഭിച്ചുകഴിഞ്ഞാൽ അതിന്‍റെ നേട്ടം പ്രാദേശിക വിപണിയിലും പ്രതിഫലിക്കും. കയറ്റുമതിയിൽ വർധനയുണ്ടാക്കുന്നതിനും ഇതു സഹായിക്കും.
റോഡ് മാർഗം ചരക്കുകൾ എത്തിക്കാനും കൊണ്ടുപോകാനും അയൽ സംസ്ഥാനങ്ങൾക്കും കഴിയും. തുറമുഖം നൽകുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ആദ്യം തിരുവനന്തപുരത്തു സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ 6,250 കോടി രൂപയുടെ വ്യാവസായിക നിക്ഷേപത്തിന് അന്താരാഷ്‌ട്ര കമ്പനികൾ സർക്കാരിനെ താത്പര്യം അറിയിക്കുകയുണ്ടായി. ഈ നിക്ഷേപ വാഗ്ദാനങ്ങൾ പിന്നീട് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താത്പര്യപത്രമായി മാറുകയും ചെയ്തു. വ്യവസായികൾ കാണിക്കുന്ന ഈ താത്പര്യം സർക്കാരിന്‍റെ കൂടി സഹകരണത്തോടെയാണു ഫലപ്രാപ്തിയിലെത്തുക.