

വിഴിഞ്ഞം: ക്രെഡിറ്റിനായി തർക്കം വേണ്ട
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ ആവർത്തിച്ചാൽ 'അങ്ങനെ നമ്മൾ ഇതും നേടി'. പുതിയ കാലഘട്ടത്തിലേക്കുള്ള രാജ്യത്തിന്‍റെ മഹാകവാടം കേരളത്തിന്‍റെ തെക്കേയറ്റത്ത് ഔദ്യോഗികമായി തുറന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന്‍റെ നേട്ടങ്ങൾ ഓർമിപ്പിക്കുകയുണ്ടായി. രാജ്യത്തെ 75 ശതമാനത്തിലധികം ട്രാൻഷിപ്പ്മെന്‍റും രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നടന്നിരുന്നത്.
അതുവഴി രാജ്യത്തിനു വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയ വിഴിഞ്ഞം തുറമുഖം തുറന്നതോടെ അതിനു പരിഹാരമാവുന്നു. പുറത്തേക്ക് ഒഴുകിയിരുന്ന പണം ഇവിടുത്തെ ജനങ്ങൾക്കും നാടിന്‍റെ സാമ്പത്തിക പുരോഗതിക്കും ഉപകാരപ്പെടുകയാണ്. കേരളത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക്, വികസന പ്രവർത്തനങ്ങൾക്ക്, വിഴിഞ്ഞം വഴി തുറക്കുമെന്ന് ഉറപ്പിക്കാം.
ഇതുപോലൊരു വലിയ പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ നാടിനൊന്നാകെ അഭിമാനിക്കാവുന്നതാണ്. പദ്ധതി ആരുടെ കുഞ്ഞാണ് എന്ന ചോദ്യവും അതേക്കുറിച്ചുള്ള തർക്കങ്ങളുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. എൽഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയതെന്ന് ഇടതു നേതാക്കൾ അവകാശപ്പെടുന്നുണ്ട്.
പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പിയെന്ന് തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. പിണറായി വിജയന്‍റെ നിശ്ചയദാർഢ്യമാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറയുന്നു. പദ്ധതിയുടെ പിതൃത്വം ആർക്കെങ്കിലും നൽകണമെങ്കിൽ അത് ഇ.കെ. നായനാർക്കു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. യുഡിഎഫ് ഭരണകാലത്തെ വിഴിഞ്ഞത്തിനു വേണ്ടിയുള്ള നീക്കങ്ങൾ ഇടതു നേതാക്കൾ അവഗണിക്കുകയാണ്.
എന്നാൽ, എൽഡിഎഫും ഈ സർക്കാരും പദ്ധതിക്കു വേണ്ടി ഒന്നും ചെയ്യാതെ ക്രെഡിറ്റെടുക്കുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിഴിഞ്ഞത്ത് സർക്കാരിന്‍റെ മേൽനോട്ടം പോലും ശരിയായില്ലെന്നാണ് അവരുടെ പരാതി. വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സർക്കാർ ഭയപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ പരാമർശിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അവഗണിച്ചതെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്.
പദ്ധതി തുടങ്ങുന്നതിനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തതും തറക്കല്ലിട്ടതും ഉമ്മൻ ചാണ്ടി സർക്കാരാണെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തേക്കു പോകുന്ന പാതയോരങ്ങളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും സ്വന്തം ഭാഗം ഉയർത്തിക്കാണിക്കുന്നതായിരുന്നു. ഉമ്മൻ ചാണ്ടിക്കു നന്ദി അറിയിച്ചുള്ളതായിരുന്നു കോൺഗ്രസിന്‍റെ പോസ്റ്ററുകളും ബാനറുകളും. പിണറായി വിജയന് അഭിവാദ്യം അർപ്പിച്ച് ഇടതുപക്ഷത്തിന്‍റെ പോസ്റ്ററുകൾ. പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെയും ചിത്രങ്ങൾ വച്ച് ബിജെപിയും ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്കു ക്ഷണിക്കുന്നതിനെച്ചൊല്ലിയുണ്ടായ വിവാദവും അദ്ദേഹം ചടങ്ങിൽ നിന്നു വിട്ടുനിന്നതും ഇതിനെല്ലാം പുറമേയാണ്.
കേരളത്തിന്‍റെ തലവര മാറ്റിക്കുറിക്കാൻ ശേഷിയുള്ള ഈ സ്വപ്ന പദ്ധതി യാഥാർഥ്യമായത് ഏറെ വർഷങ്ങളുടെ പരിശ്രമങ്ങൾക്കു ശേഷമാണ് എന്നതാണ് വാസ്തവം. നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതു വരെ പല ഘട്ടങ്ങളിലൂടെ അതു കടന്നുപോയിട്ടുമുണ്ട്. മാറിവന്ന എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ അതിനായി ശ്രമം നടത്തുകയും ചെയ്തു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണു പദ്ധതിക്കു തറക്കല്ലിട്ടത്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് അദാനിയുമായി കരാർ ഉണ്ടാക്കുകയും ചെയ്തു. പിണറായി വിജയൻ സർക്കാരിന്‍റെ കാലത്താണ് പദ്ധതി പല തടസങ്ങൾ അതിജീവിച്ചു മുന്നോട്ടു നീങ്ങിയത്. അതിന്‍റെ ചരിത്രമൊക്കെ ജനങ്ങൾക്കറിയാം. ഓരോ പാർട്ടിക്കും അർഹതപ്പെട്ട ക്രെഡിറ്റ് ജനങ്ങൾ നൽകുക തന്നെ ചെയ്യും. ഇതൊരു തർക്കവിഷയമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ കാര്യമില്ല.
നേരത്തേ, മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതു പോലെ പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണിത്. അതിൽ കഴിഞ്ഞ ഒമ്പതു വർഷം വളരെ നിർണായകമായിരുന്നു എന്നതും തള്ളിക്കളയേണ്ടതില്ല. അതിനർഥം മറ്റാരും ഒന്നും ചെയ്തില്ല എന്നുമല്ല. ഇനി വേണ്ടത് പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ്. 2028ൽ തുറമുഖം പൂർണ സജ്ജമാക്കുകയാണു ലക്ഷ്യം.
റെയ്‌ൽ, റോഡ് കണക്റ്റിവിറ്റി അടക്കമുള്ള അനുബന്ധ പ്രവർത്തനങ്ങളും ഊർജിതമായി നടക്കേണ്ടതുണ്ട്. അടുത്ത ഘട്ടങ്ങളുടെ പ്രവർത്തനം ഏറ്റവും കാര്യക്ഷമമായി നടക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകുകയാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും ചെയ്യേണ്ടത്. നാടിന്‍റെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെയുള്ള സഹകരണം ഉണ്ടാവണം. എല്ലാ പദ്ധതികളും ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. രാഷ്ട്രീയ കക്ഷികൾ പ്രവർത്തിക്കേണ്ടതും ജനങ്ങൾക്കു വേണ്ടിയാണ്. ആര് എന്തൊക്കെ ചെയ്യുന്നുവെന്ന് ജനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.