
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വിസ്മയിപ്പിക്കുന്ന മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പതു മാസത്തിനകം 10 ലക്ഷത്തിലേറെ കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖമായി അതു മാറിയിരിക്കുന്നു. ആദ്യ വർഷം മൂന്നു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നിടത്താണ് ഈ നേട്ടം എന്നറിയണം. ഈ നിലയ്ക്കു പോയാൽ ഒരു വർഷമാവുമ്പോഴേക്കും 13-14 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. ആദ്യ വർഷം തന്നെ ഇതുപോലൊരു നേട്ടം സകല പ്രതീക്ഷകൾക്കും അപ്പുറത്തുള്ളതാണ്. അദാനി വിഴിഞ്ഞം പോർട്ടിന്‍റെ കാര്യക്ഷമമായ പ്രവർത്തനം അഭിമാനകരമായ ഈ നേട്ടത്തിനു കാരണമായിട്ടുണ്ട്. ഷിപ്പിങ് കമ്പനികളുടെ പൂർണ പിന്തുണയും സഹായകമായി. തുറമുഖ മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാണിക്കുന്നതു പോലെ വളർന്നുവരുന്ന ഒരു സമുദ്ര ശക്തി എന്ന നിലയിൽ കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. രാജ്യത്തിന്‍റെ സമുദ്ര വാണിജ്യ മേഖലയുടെ പുരോഗതിയുടെ അളവുകോലായി വിഴിഞ്ഞം മാറുകയാണെന്നാണ് മന്ത്രി പറയുന്നത്. സാധാരണ നിലയിൽ ഒരു തുറമുഖം പൂർണ തോതിൽ പ്രവർത്തനസജ്ജമാകാൻ മാസങ്ങളെടുക്കും. അങ്ങനെയൊരു പ്രശ്നം വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ ഉണ്ടായില്ല. ട്രയൽ റൺ കാലയളവിൽ തന്നെ ലോകത്തെ വലിയ മദർഷിപ്പുകൾ വിഴിഞ്ഞത്ത് എത്തി.
സർക്കാരും പ്രദേശത്തെ ജനങ്ങളും അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡും സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് അതിശയിപ്പിക്കുന്ന ഫലം ഉണ്ടായിക്കൊണ്ടിരിക്കുന്നു. തുറമുഖത്തിന്‍റെ മേന്മയും അദാനി ഗ്രൂപ്പിന്‍റെ പ്രവർത്തന വൈദഗ്ധ്യവും ഒരുപോലെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിനാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 399.99 മീറ്റർ വരെ നീളമുള്ള 27 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ (യുഎൽസിവി) ഉൾപ്പെടെ 460ൽ അധികം കപ്പലുകൾ ഇവിടെയെത്തി. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എം.എസ്.സി ഐറിന അടക്കം ദക്ഷിണേഷ്യയിൽ ആദ്യമായി ബെർത്ത് ചെയ്ത കപ്പലുകളും ഇതിലുണ്ട്. കൊളംബോ, സിംഗപ്പൂർ, ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര തുറമുഖങ്ങളുമായി മത്സരിച്ചാണ് വിഴിഞ്ഞം ഈ നേട്ടം സ്വന്തമാക്കിയത് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഈ തുറമുഖങ്ങളിൽ നിന്നുള്ള അതിശക്തമായ മത്സരത്തെ വരും നാളുകളിൽ വിഴിഞ്ഞത്തിനു നേരിടേണ്ടിവരും. അതിന് എപ്പോഴും ഒരുങ്ങിയിരിക്കുക എന്നത് അത്യാവശ്യമാണ്. ഇപ്പോഴത്തെ കുതിപ്പ് വരും നാളുകളിലും അതുപോലെ നിലനിർത്തേണ്ടതുണ്ട്.
യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ചൈന അടക്കം ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങാൻ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്‍റെ കുതിപ്പിനു വേഗം കൂട്ടിയതെന്ന് തുറമുഖവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. വിദേശ തുറമുഖങ്ങളിൽ നിന്ന് ട്രാൻഷിപ്മെന്‍റ് നടത്തുന്നതിലൂടെ രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ അധികച്ചെലവു വന്നിരുന്നു. അതു കുറയ്ക്കാൻ വിഴിഞ്ഞം വഴിയൊരുക്കിയിരിക്കുകയാണ്. ആസൂത്രണത്തിലും ക്രെയിൻ വിന്യാസത്തിലും ബെർത്ത് ഉപയോഗത്തിലുമെല്ലാം പുലർത്തുന്ന മികവ് തുറമുഖത്തിന്‍റെ പ്രകടനം ഏറ്റവും മികച്ചതാക്കാൻ സഹായിക്കുന്നുണ്ട്. രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ ഹബ്ബായി മാറാനുള്ള എല്ലാ അവസരവും വിഴിഞ്ഞത്തിനുണ്ട്. ഇനിയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുവെങ്കിൽ സമുദ്ര വാണിജ്യ കവാടമെന്ന നിലയിൽ ഈ തുറമുഖം അറിയപ്പെടാനിരിക്കുകയാണ്.
ഡ്രെഡ്ജിങ് ആവശ്യമില്ലാത്ത, സ്വാഭാവിക ആഴം 20 മീറ്ററിൽ അധികമുള്ള, അന്താരാഷ്‌ട്ര കപ്പൽ ചാലിനോട് അടുത്തു സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ തുറമുഖം എന്നതാണു വിഴിഞ്ഞത്തിന്‍റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരന്താരാഷ്‌ട്ര തുറമുഖത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന തുറമുഖം രാജ്യത്തെ ആദ്യ മദർഷിപ്പ് പോർട്ട് എന്ന നിലയിലാണു ലോകം ശ്രദ്ധിക്കുന്നതും. വിഴിഞ്ഞത്ത് കപ്പൽച്ചാലിൽ നിന്നു തുറമുഖത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് ചരക്കിറക്കി മടങ്ങാനാവും. ദിവസങ്ങളോളം പുറംകടലിൽ കാത്തുകിടക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ഇതു മദർഷിപ്പുകൾക്കു പ്രോത്സാഹനം നൽകുന്നുണ്ട്. അനുകൂല ഘടകങ്ങൾ ഏറെയുള്ള തുറമുഖത്തിന്‍റെ രണ്ടാം ഘട്ടം വികസന പ്രവർത്തനങ്ങൾ ഏറ്റവും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. 2028ഓടെ തുറമുഖത്തിന്‍റെ പൂർണ വികസനം സാധ്യമാവും എന്ന പ്രതീക്ഷ തെറ്റാതിരിക്കട്ടെ. റോഡ്, റെയ്‌ല്‍ കണക്റ്റിവിറ്റി നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ പൂര്‍ത്തീകരിക്കാനും സാധിക്കണം.