vizhinjam port editorial read
വിഴിഞ്ഞം തുറമുഖത്തിന് നിർണായക മുഹൂർത്തം | മുഖപ്രസംഗംfile

വിഴിഞ്ഞം തുറമുഖത്തിന് നിർണായക മുഹൂർത്തം | മുഖപ്രസംഗം

ആദ്യ മദർഷിപ്പ് 12ന് എത്തുന്നു.
Published on

സംസ്ഥാനത്തെ വാണിജ്യ-വ്യവസായ രംഗത്ത് കുതിച്ചുചാട്ടത്തിനു സഹായിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാർഥ്യമാവുകയാണ്. തുറമുഖത്ത് ആദ്യ മദർഷിപ്പ് 12ന് എത്തുന്നു. ഡെൻമാർക്കിൽ നിന്നുള്ള മദർഷിപ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് എത്തുമ്പോൾ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണു സംസ്ഥാന സർക്കാർ. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുന്നതിനു മുന്നോടിയായുള്ള പരീക്ഷണം എന്ന നിലയിലാണു കപ്പൽ എത്തുന്നത്. മദർഷിപ്പിൽ നിന്ന് ഫീഡർ ഷിപ്പുകളിലേക്കും തിരിച്ചും ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന്‍റെ പരീക്ഷണത്തിനു വേണ്ട സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമാണു വിഴിഞ്ഞത്തേത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അദാനി ഗ്രൂപ്പും ചേർന്നുള്ള പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.

രാജ്യത്തെ ചരക്കു നീക്കത്തിൽ വലിയ മാറ്റങ്ങൾക്കാണു വിഴിഞ്ഞം വഴി തുറക്കുക. ചരക്കുനീക്കത്തിനു മറ്റു രാജ്യങ്ങളിലെ മദർപോർട്ടുകളെ ആശ്രയിക്കുന്നതു മൂലം നഷ്ടപ്പെടുന്ന വിദേശനാണ്യം ലാഭിക്കുകയും സമയനഷ്ടം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതി രാജ്യത്തിനു മൊത്തത്തിൽ ഉപകാരപ്രദമാണ്. രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ ഹബ്ബായി വിഴിഞ്ഞം മാറുന്നതിന് ഇനി അധികം സമയം വേണ്ടിവരില്ല. ലോകത്തെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. കണ്ടെയ്നർ യാർഡിലേക്ക് ഇറക്കാനും കപ്പലിലേക്കു കയറ്റാനുമായി 31 ക്രെയിനുകളാണുള്ളത്. ഇതിൽ 23 എണ്ണം യാർഡ് ക്രെയിനുകളും എട്ടെണ്ണം ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ്. യാർഡ് ക്രെയിനുകൾ ഫുള്ളി ഓട്ടൊമാറ്റിക്കായും ഷിപ്പ് ടു ഷോർ ക്രെയിനുകൾ സെമി ഓട്ടൊമാറ്റിക്കായും പ്രവർത്തിക്കും. പോർട്ട് ഓപ്പറേഷൻ ബിൽഡിങ്ങിൽ റിമോട്ട് കൺട്രോൾ ഓപ്പറേഷൻ സെന്‍ററിലെ റിമോട്ട് കൺട്രോൾ ഓപ്പറേറ്റിങ് ഡെസ്ക് വളരെ സൂക്ഷ്മതയോടെയാണ് ഈ പ്രവർത്തി നിർവഹിക്കുകയെന്ന് അധികൃതർ വ്യക്തമാക്കുന്നു. സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ ഓപ്പറേഷൻ കൺട്രോൾ യൂണിറ്റ് നിലവിൽ ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക സംവിധാനമാണ്. വളരെ വൈദഗ്ധ്യമുള്ള ജീവനക്കാരാണ് ഇവ നിയന്ത്രിക്കുന്നതും.

രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്‌ട്ര കപ്പൽ ചാലിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ, ചരക്കുനീക്കത്തിന്‍റെ മുക്കാൽ പങ്കും കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നതെന്നു നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതുവഴി വർഷം 2,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാവുന്നുണ്ടെന്നാണു പറയുന്നത്. വിഴിഞ്ഞത്ത് കപ്പൽച്ചാലിൽ നിന്നു തുറമുഖത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് ചരക്കിറക്കി മടങ്ങാനാവും. ദിവസങ്ങളോളം പുറംകടലിൽ കാത്തുകിടക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ഇത് മദർഷിപ്പുകൾക്കു പ്രോത്സാഹനം നൽകുന്നതാണ്. അതുകൊണ്ടുതന്നെ ‌‌സമീപത്തുള്ള മറ്റു രാജ്യങ്ങളുടെ മദർഷിപ്പ് പോർട്ടുകളോടു മത്സരിക്കുന്നതിനുള്ള കരുത്ത് വിഴിഞ്ഞത്തിനുണ്ട്. രാജ്യത്തേക്ക് കടൽ വഴി കൊണ്ടുവരുന്ന സാധനങ്ങൾ വിഴിഞ്ഞത്തെത്തിച്ച് ഇവിടെ നിന്ന് ചെറുകപ്പലുകളിൽ മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകാം. വിഴിഞ്ഞവുമായി ബന്ധിപ്പിച്ച് ചെറിയ കപ്പലുകൾ ഉപയോഗിച്ച് കാർഗോ കണക്റ്റിവിറ്റിയുണ്ടാക്കാൻ 17 ചെറിയ തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഈ സ്വപ്നപദ്ധതി യാഥാർഥ്യമാവുന്നതോടെ സാമ്പത്തിക രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കാനുള്ള അവസരം കേരളത്തിനു ലഭിക്കുകയാണ്. തിരുവനന്തപുരത്തിന്‍റെ മുഖച്ഛായ മാറ്റാൻ പദ്ധതി സഹായിക്കും. ആയിരക്കണക്കിനാളുകൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തുറമുഖവുമായി ബന്ധപ്പെടുത്തിയുള്ള വികസനം വഴിയൊരുക്കും. പദ്ധതിയുടെ പ്രവർത്തനം പൂർണ തോതിലാവുന്നത് ഇനിയൊട്ടും വൈകരുതെന്നാണു സംസ്ഥാനം ആഗ്രഹിക്കുന്നത്. ഓണക്കാലത്ത് കമ്മിഷനിങ് നടത്താനാവുമെന്ന സർക്കാർ കണക്കുകൂട്ടൽ പാളിപ്പോവാതെ നോക്കേണ്ടതുണ്ട്. മലയാളികൾക്കുള്ള ഓണം സമ്മാനമായി തുറമുഖം കമ്മിഷൻ ചെയ്യുമെന്ന അദാനി ഗ്രൂപ്പിന്‍റെ പ്രഖ്യാപനവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാണ്.

വിഴിഞ്ഞത്തു നിന്ന് ബാലരാമപുരം വരെയുള്ള ഭൂഗർഭ റെയ്‌ൽപ്പാതയുടെ നിർമാണം വൈകാതെ ആരംഭിക്കാനാവണം. ചെലവു കുറഞ്ഞ ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിൽ നിർമിക്കുന്ന ഭൂഗർഭപാതയുടെ നിർമാണച്ചുമതല കൊങ്കൺ റെയ്‌ൽവേയ്ക്കാണു നൽകിയിരിക്കുന്നത്. 1,400 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി ബാലരാമപുരത്തെ പ്രധാന റെയ്‌ൽവേ ലൈനുമായി തുറമുഖത്തെ ബന്ധിപ്പിക്കുകയാണു ചെയ്യുക. തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് ഈ റെയ്‌ൽപ്പാത ഉപകരിക്കും എന്നതിനാൽ ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി നടക്കണം. തുറമുഖവുമായി ബന്ധപ്പെട്ടു സാധ്യമാവുന്ന വികസന പദ്ധതികളെല്ലാം പൂർണതോതിൽ പ്രയോജനപ്പെടുത്താൻ പ്രത്യേക താത്പര്യം തന്നെ സർക്കാർ കാണിക്കേണ്ടതാണ്.