എത്രയും വേഗം ഒഴിയട്ടെ, ഈ യുദ്ധഭീതി

കോടിക്കണക്കിനു ജനങ്ങൾ ഭയവും ആശങ്കയും നിറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്
israel iran war editorial

എത്രയും വേഗം ഒഴിയട്ടെ, ഈ യുദ്ധഭീതി

Updated on

ലോകം യുദ്ധഭീതിയിലാണ്. അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ അക്രമണം നടത്തുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്തതോടെ യുദ്ധക്കളമായി മാറിയ പശ്ചിമേഷ്യയിൽ ഇനിയെന്ത് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇറാന്‍റെ തിരിച്ചടികൾ ഏറെയും യുഎസിന്‍റെ സഖ്യരാജ്യങ്ങളായ ഗൾഫ് നാടുകളിലാണ് എന്നതുകൊണ്ട് യുദ്ധത്തിന്‍റെ വ്യാപ്തിയും വർധിച്ചിരിക്കുകയാണ്. കോടിക്കണക്കിനു ജനങ്ങൾ ഭയവും ആശങ്കയും നിറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. എത്രയും വേഗം ഈ യുദ്ധത്തിന് അവസാനം കണ്ടെത്തേണ്ടതു മേഖലയിലെ അസ്വസ്ഥതകൾ അവസാനിപ്പിക്കാൻ അനിവാര്യമാണ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഗൾഫ് രാജ്യങ്ങൾ ആക്രമിക്കാൻ തക്കവണ്ണം ഇറാനെ പ്രകോപിപ്പിച്ചത് എന്നു കരുതണം. പ്രതിരോധ മന്ത്രിയും റവല്യൂഷനറി ഗാർഡ് കമാൻഡറും അടക്കം നിരവധി നേതാക്കളെ ഇറാനു നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ പരമോന്നത നേതാവിനെ വധിച്ചതിൽ യുഎസിനും ഇസ്രയേലിനും ശക്തമായ തിരിച്ചടി നൽകുമെന്നു മുന്നറിയിപ്പു നൽകിയാണ് ഇറാൻ ആക്രമണങ്ങൾ തുടരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ആയുധങ്ങൾ ഉപയോഗിക്കുമെന്നൊക്കെ ഇറാൻ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇസ്രയേലിനു നേരേ മിസൈൽ വർഷം തന്നെ അവർ നടത്തുന്നുണ്ട്. ഇസ്രയേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങളും വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടാക്കുന്നു.

86കാരനായ ഖമനേയി 1989 മുതൽ ഇറാന്‍റെ ഭരണകാര്യങ്ങളിലും ആത്മീയ കാര്യങ്ങളിലും എല്ലാം അവസാന വാക്കായ പരമോന്നത നേതാവാണ്. അമെരിക്കയെയും ഇസ്രയേലിനെയും ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു എന്നത് ഇറാനിലെ ഭരണകൂടത്തിനു പൊറുക്കാനോ സഹിക്കാനോ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ കനത്ത തിരിച്ചടികൾക്ക് അവർ മറ്റൊന്നും നോക്കാതെ ഇറങ്ങുകയാണെന്നു വേണം കരുതാൻ. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളൊന്നും പുരോഗമിക്കുന്നതായി സൂചനയില്ല. എത്രകാലം ആക്രമണങ്ങൾ തുടരുമെന്നും വ്യക്തമല്ല. അത് ആശങ്ക വർധിപ്പിക്കുകയാണ്. ഖമനേയി ഇല്ലാതായതോടെ ഇറാനിൽ ഒരു യുഗത്തിന്‍റെ അവസാനമായി എന്നൊക്കെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാൽ, ഇറാനിലെ നിലവിലുള്ള ഭരണസംവിധാനങ്ങളെ അപ്പാടെ മാറ്റിമറിച്ച് തങ്ങൾക്ക് അനുകൂലമായ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ അമെരിക്ക എത്തിയിട്ടില്ല. അവർ അതിനു ശ്രമിച്ചേക്കാം. എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവുന്ന അവസ്ഥയല്ല. യാഥാസ്ഥിതിക ഭരണകൂടത്തെ തൂത്തെറിയാൻ ഇറാൻ ജനതയ്ക്കുള്ള സുവർണാവസരമാണിതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നുണ്ട്. ജനങ്ങളെ നിലവിലുള്ള ഭരണ‍കൂടത്തിനെതിരാക്കുകയാണ് അദ്ദേഹത്തിന്‍റെ പദ്ധതി. ഇറാന്‍റെ ആണവായുധ പദ്ധതി ഇല്ലാതാക്കാനും ഇസ്രയേലിനെതിരായ ഭാവി ഭീഷണി ഒഴിവാക്കാനും തങ്ങൾക്കു വഴങ്ങുന്ന ഭരണകൂടം വരണമെന്ന് അമെരിക്കയും ഇസ്രയേലും ആഗ്രഹിക്കുന്നുണ്ട്.

നിരപരാധികളുടെ ജീവനെടുക്കുന്നതടക്കമുള്ള നാശങ്ങളാണ് ഏതു യുദ്ധവും ഉണ്ടാക്കുക. ഇറാനിലെ മിനാബിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ മാത്രം നൂറിലേറെ സ്കൂൾ കുട്ടികളാണു കൊല്ലപ്പെട്ടത്. ടെഹ്റാനിലെ ഒരു സ്കൂളിലും ഇസ്രയേലിന്‍റെ ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്കൂളുകളും ജനവാസ കേന്ദ്രങ്ങളുമൊക്കെ ആക്രമിക്കുന്നത് ഏതു ഭാഗത്തുനിന്നായാലും അതിനു ന്യായീകരണമില്ല. പക്ഷേ, ശത്രുവിനെ കീഴ്പ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ പോരടിക്കുമ്പോൾ ‌മനുഷ്യത്വം മറന്നുപോവുകയാണ്.

ഗൾഫ് സഹകരണ കൗൺസിലിനു (ജിസിസി) കീഴിലുള്ള രാജ്യങ്ങളിലായി ലക്ഷക്കണക്കിനു മലയാളികൾ അടക്കം ഒരു കോടിയോളം ഇന്ത്യക്കാരാണുള്ളത്. ഇറാന്‍റെ ആക്രമണങ്ങളിൽ അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കും ആശങ്ക ഏറെയാണ്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഏതു നിമിഷവും ഉണ്ടാവാമെന്നതിനാൽ ഗൾഫ് രാജ്യങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടാവും. കേന്ദ്ര സർക്കാരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാവും. ഇസ്രയേലിലും ഇറാനിലും ജോലി ചെയ്യുന്ന മലയാളികൾ അടക്കം ഇന്ത്യക്കാരുടെ സുരക്ഷയും നമുക്കു വിഷയമാണ്. പ്രവാസികൾ പ്രതിസന്ധിയിൽ അകപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും കഴിയട്ടെ.

യുദ്ധം നീണ്ടുപോകുന്നത് മേഖലയിലെ സമാധാനത്തെ മാത്രമല്ല സാമ്പത്തിക വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. ലോകത്തെ എണ്ണ വിതരണത്തിന്‍റെ പ്രധാന പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്. എണ്ണക്കപ്പലുകൾക്ക് പാതയില്ലാതാവുന്നത് വലിയ ഊർജ പ്രതിസന്ധിയുണ്ടാക്കും. ക്രൂഡ് ഓയിൽ വിതരണത്തിൽ തടസങ്ങളുണ്ടാവും എന്നു മാത്രമല്ല ഇന്ത്യയടക്കം രാജ്യങ്ങൾ ഇന്ധന വില വർധനയുടെ ഭാരം ചുമക്കേണ്ടിവരും. നമ്മുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങളാണ് യുദ്ധത്തിൽ അകപ്പെട്ടിരിക്കുന്നത് എന്നതും ഇന്ത്യയ്ക്കു പരിഗണിക്കേണ്ടതുണ്ട്. യുദ്ധം വ്യോമഗതാഗതത്തെ ബാധിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകൾ റദ്ദാക്കുകയാണ്. അവധിക്കു നാട്ടിൽ പോകാനിരുന്നവരും തിരികെ ജോലിക്കു കയറാനിരുന്നവരും പ്രതിസന്ധിയിലായി. നിരവധി രാജ്യങ്ങൾ ആകാശപാത അടച്ചതോടെ മറ്റു മേഖലകളിലേക്കുള്ള വിമാന സർവീസുകൾക്കും പ്രശ്നങ്ങളുണ്ട്. ഇസ്രയേലും അമെരിക്കയും ഇറാനും ഗൾഫ് രാജ്യങ്ങളുമെല്ലാം ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളാണ്. അതിനാൽ തന്നെ കരുതലോടെയുള്ള സമീപനം ആവശ്യവുമാണ്. പ്രശ്നത്തിനു സമാധാനപരമായ പരിഹാരമാണ് ഇന്ത്യ നിർദേശിക്കുന്നത്. അതിനുള്ള സാധ്യത ‍എത്രയും വേഗം തെളിയട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com