

വീഴ്ചയുണ്ടാവരുത്, മഴക്കാല പൂർവ ശുചീകരണത്തിൽ
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ കടുത്ത വേനൽച്ചൂടിന് ആശ്വാസം പകരുന്നുണ്ട്. വേനൽ മഴ തുടരുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നതും. ഈ മാസം 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണു പ്രവചനം. എന്തായാലും ഇതോടെ മഴക്കാലമൊന്നുമായിട്ടില്ല. മഴക്കാലത്തിനു മുൻപ് കടുത്ത വേനൽ ദിനങ്ങൾ ഇനിയുമുണ്ടാവും. ഇക്കാലത്ത് അടിയന്തരമായി ചെയ്തു തീർക്കേണ്ട കുറച്ചു ജോലികളുണ്ട്. കാലവർഷമെത്തും മുൻപേ പൂർത്തിയാക്കേണ്ട മഴക്കാല പൂർവ ശുചീകരണത്തിൽ വീഴ്ച സംഭവിക്കരുത്.
ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങളോ സർക്കാർ മാറ്റമോ ഒന്നും ശുചീകരണ പ്രവർത്തങ്ങൾക്കു തടസം സൃഷ്ടിച്ചുകൂടാ. നിയമസഭാ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട തിരക്കുകളുമൊക്കെ അവസാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം ഫണ്ട് വിനിയോഗത്തിലും പ്രവർത്തനങ്ങളിലും തടസങ്ങളുണ്ട് എന്ന വാദത്തിനും ഇനി പ്രസക്തിയില്ല. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയമാണ് തങ്ങളുടെ നാടു ശുചിയാക്കുക എന്നത്.
ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്തമായ പരിസരം ഉറപ്പാക്കേണ്ടതുണ്ട്. ഓടകളും കാനകളും കൈത്തോടുകളും വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉറപ്പാക്കിയില്ലെങ്കിൽ അതിന്‍റെ ദുരിതം ജനങ്ങൾ അനുഭവിക്കേണ്ടിവരും. നല്ലൊരു മഴ പെയ്യുമ്പോൾ തന്നെ നഗരങ്ങൾ വെള്ളക്കെട്ടിലാവുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. ഡ്രൈനേജ് സംവിധാനത്തിന്‍റെ അപര്യാപ്തത മൂലമാണ് ഇതു സംഭവിക്കുന്നത്. മാനം കറക്കുമ്പോഴേ നഗരവാസികൾ വെള്ളക്കെട്ടു ഭീതിയിലാവുന്നത് പല നഗരങ്ങളുടെയും പ്രത്യേകതയായിരിക്കുന്നു.
അതിനു പ്രധാന പങ്കുവഹിക്കുന്നതു ശുചീകരണത്തിലുണ്ടാകുന്ന അനാസ്ഥയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പാവറട്ടി സെന്‍റർ വെള്ളക്കെട്ടിലാവുകയും വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം കയറുകയും ചെയ്തു. വലിയ നാശനഷ്ടം സംഭവിച്ചതായാണു വ്യാപാരികൾ പറയുന്നത്. കാനകളിൽ മാലിന്യം നിറഞ്ഞ് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടത് ഇതിനൊരു കാരണമായി. വർഷക്കാലം ആരംഭിക്കും മുൻപ് കാനകളിലെ തടസം നീക്കണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.
മുൻ വർഷങ്ങളിൽ മഴ ശക്തമായപ്പോൾ തൃശൂർ നഗരം മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിക്കിടന്നതു നാം കണ്ടതാണ്. കോഴിക്കോട് മെഡിക്കൽ കോളെജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറിയ സംഭവവും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് പതിവാണ്. നല്ല മഴയ്ക്ക് കൊച്ചി നഗരം വെള്ളത്തിൽ മുങ്ങുന്നതും സ്ഥിരം പരിപാടിയാണ്.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അപര്യാപ്തത അവിടെ പലപ്പോഴും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടിൽ മണിക്കൂറുകൾ നഗരം സ്തംഭിക്കുമ്പോൾ നൂറുകണക്കിനാളുകളാണ് ഗതാഗതക്കുരുക്കിൽ വലയുക. നേരത്തേ കാക്കനാട് ഇൻഫോപാർക്ക് വരെ വെള്ളക്കെട്ടിലായതും മറക്കരുത്.
കഴിഞ്ഞ വർഷം അവസാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പു നടന്നത്. അതിൽ അധികാരത്തിലെത്തിയിട്ടുള്ള ഭരണസമിതികൾ മുൻ ഭരണസമിതികളുടെ പാളിച്ചകൾ തിരിച്ചറിഞ്ഞു തിരുത്തേണ്ടതുണ്ട്. നേരത്തേ പ്രതിപക്ഷത്തിരുന്ന് അന്നത്തെ ഭരണസമിതികളെ വിമർശിച്ച രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും ഇപ്പോൾ ഭരണം കിട്ടിയിരിക്കുകയാണ്. അന്നു തങ്ങൾ ആരോപിച്ച കുറ്റങ്ങൾ ഇപ്പോൾ സ്വയം ചെയ്യാതിരിക്കേണ്ടത് അവരുടെ ബാധ്യതയാണെന്നു പ്രത്യേകം പറയേണ്ടതില്ല.
വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതു കൊതുകു നിവാരണ പ്രവർത്തനങ്ങളുടെ ഭാഗം കൂടിയായി കാണേണ്ടതുണ്ട്. കൊതുകുകൾ മുട്ടിയിട്ടു പെരുകുന്ന സാഹചര്യം ഒഴിവാക്കുന്നതിനു ശ്രദ്ധിക്കണം. പല വിധത്തിലുള്ള പകർച്ചവ്യാധികൾ മഴക്കാലത്തു സാധാരണമാണ്. അതു നിയന്ത്രിക്കാൻ ചെളിയും വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതും പ്രാധാന്യമുള്ളതാണ്. പൊതുസ്ഥലങ്ങൾ പോലെ വീടുകളും സ്വകാര്യ വ്യക്തികളുടെ പരിസരങ്ങളും എല്ലാം ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്.
മാലിന്യം നിറയുന്ന സാഹചര്യത്തിലാണു പലവിധ രോഗങ്ങളും പടരുന്നത്. അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും വെട്ടിമാറ്റുക, പരസ്യ ബോർഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക എന്നിവയൊക്കെ മഴക്കാല പൂർവ മുന്നൊരുക്കത്തിന്‍റെ ഭാഗമാണ്.
ഇതെല്ലാം ഉൾക്കൊള്ളുന്ന കർമപദ്ധതിയാണ് മഴക്കാല ദുരന്ത സാധ്യതകൾ ഇല്ലാതാക്കാൻ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ആവശ്യമുള്ളത്. ഓരോ പ്രവർത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്യുകയും അപര്യാപ്തകൾ പരിഹരിച്ചു മുന്നോട്ടുപോകുകയും വേണം. ശുചീകരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമോ മറ്റേതെങ്കിലും താത്പര്യങ്ങളോ മുന്നിൽകയറി നിൽക്കരുത് എന്നതും പ്രാധാന്യമുള്ളതാണ്.
നാട് ദുരിതത്തിലായാൽ അത് ഏതെങ്കിലും ഒരു വിഭാഗത്തെയല്ല എല്ലാവരെയുമാണു ബാധിക്കുക. പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന പോരായ്മകൾ ഭരണപക്ഷം അവഗണിക്കേണ്ട കാര്യമില്ല. തിരിച്ച് ഭരണസമിതികളുടെ നല്ല പ്രവർത്തനങ്ങളോട് പ്രതിപക്ഷം മുഖം തിരിക്കേണ്ടതുമില്ല. കൂട്ടായ പ്രവർത്തനം നാടിന്‍റെ നന്മയ്ക്ക് ഉപകരിക്കട്ടെ. തിരുവനന്തപുരത്ത് നഗരസഭയും മറ്റു വകുപ്പുകളും തമ്മിൽ ഏകോപനമില്ലാത്തത് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്ന പരാതി ഗൗരവമുള്ളതാണ്.