യുദ്ധമല്ല പരിഹാരം| മുഖപ്രസംഗം

ഗുരുതരമായി പരുക്കേറ്റവരും ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞുപോയവരും ഇതിന്‍റെ പല മടങ്ങാണ്
ukraine russia war
ukraine russia war
Updated on

യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധവും ഗാസയിൽ ഇസ്രയേലിന്‍റെ ആക്രമണങ്ങളും നിരവധി മനുഷ്യ ജീവനുകളെടുത്തുകഴിഞ്ഞു. ഗുരുതരമായി പരുക്കേറ്റവരും ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞുപോയവരും ഇതിന്‍റെ പല മടങ്ങാണ്. കോടിക്കണക്കിനാളുകളുടെ സമാധാനമാണ് യുദ്ധങ്ങളിലൂടെ നഷ്ടമാകുന്നത്. വളർന്നുവരുന്ന തലമുറകളുടെ പ്രതീക്ഷകളാണ് ഇരുളടയുന്നത്. ഭക്ഷണവും മരുന്നും ചികിത്സയും കിട്ടാതെ ദുരിതം അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുടെ അവസ്ഥ എവിടെയായാലും ഒരുപോലെയാണ്. വീടും കുടുംബവും നഷ്ടപ്പെട്ട് പെരുവഴിയിൽ ഒറ്റപ്പെടുന്നവരുടെ മാനസികാവസ്ഥ വിവരിക്കാൻ കഴിയാത്തതാണ്. അതുകൊണ്ടൊക്കെ തന്നെയാണ് തർക്കങ്ങൾക്കു പരിഹാരം യുദ്ധമല്ല, ചർച്ചകളാണ് എന്നു പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടു പറഞ്ഞതും യുദ്ധക്കളത്തിൽ പരിഹാരം സാധ്യമല്ലെന്നു തന്നെയാണ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് മോദിയും പുടിനും തമ്മിലുള്ള ചർച്ച ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നുവെങ്കിൽ അത് ലോകം ആശ്വാസത്തോടെ സ്വാഗതം ചെയ്യും.

യുദ്ധത്തെ ന്യായീകരിച്ച് പുടിന്‍റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമം തുടക്കം മുതൽ ഇന്ത്യ കാണിച്ചിട്ടില്ലെന്നു പ്രത്യേകം ഓർമിക്കേണ്ടതാണ്. യുക്രെയ്നുമായും റഷ്യയുമായും ഇന്ത്യയ്ക്കു നല്ല ബന്ധമാണുള്ളത്. അതു നിലനിർത്തിക്കൊണ്ടു തന്നെയുള്ള വിദേശനയം ഇന്ത്യ പിന്തുടരുകയാണ്. ബോംബിനും തോക്കിനും വെടിയുണ്ടകൾക്കുമിടയിൽ സമാധാന ചർച്ചകൾ ഫലം ചെയ്യില്ലെന്നും സമാധാനത്തിനു വേണ്ടി ഏതു വിധത്തിലും സഹകരിക്കാൻ ഇന്ത്യ തയാറാണെന്നും മോദി പുടിനോടു വ്യക്തമാക്കുകയുണ്ടായി. രണ്ടു ദിവസം മുൻപാണ് യുക്രെയ്നിലെ കീവിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 37 പേർ മരിച്ചത്. നിഷ്കളങ്കരായ കുട്ടികൾ കൊല്ലപ്പെടുന്നത് വല്ലാത്ത ഹൃദയവേദനയുണ്ടാക്കുന്നുണ്ടെന്ന് മോദി പുടിനോടു പറഞ്ഞത് ഇത് ഓർത്തുകൊണ്ടാവണം. മോദിയുടെ റഷ്യൻ സന്ദർശനം സമാധാന ശ്രമങ്ങൾക്കു തിരിച്ചടിയാവുമെന്ന ആശങ്ക നേരത്തേ യുക്രെയ്നിയൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലൻസ്കി പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ, യുദ്ധത്തെ എതിർക്കുകയും സമാധാന ചർച്ചകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാട് ആവർത്തിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തത്.

റഷ്യയുമായി വളരെയടുത്ത ബന്ധങ്ങൾ ഇന്ത്യയ്ക്കുണ്ട്. അതിനു കോട്ടം തട്ടാതെ സൂക്ഷിക്കുമ്പോൾ തന്നെ ശരിയല്ലാത്തത് ശരിയല്ലെന്നു പറയാനും ഇന്ത്യയ്ക്കു കഴിയുന്നു. യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരത്തിനു നിർദേശങ്ങൾ മുന്നോട്ടുവച്ച ഇന്ത്യയോടു നന്ദിയുണ്ടെന്നു പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ഏറ്റവും അടുപ്പമുള്ള സുഹൃത്തായി ഇന്ത്യ തുടരുമെന്നും പുടിൻ പറഞ്ഞിരിക്കുന്നു. വിദേശനയത്തിൽ വളരെ സൂക്ഷ്മമായി നിലപാടുകൾ സ്വീകരിക്കേണ്ട അവസരത്തിൽ ഏറ്റവും ഉചിതമായ നയം തന്നെ ഇന്ത്യയ്ക്കു സ്വീകരിക്കാൻ കഴിയുന്നുണ്ട് എന്നതാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. എക്കാലത്തും സമാധാനത്തിന്‍റെ പക്ഷത്താണ് ഇന്ത്യ നിലകൊണ്ടിട്ടുള്ളത്. അതു പുടിനും അമെരിക്കയടക്കം മറ്റു പ്രമുഖ ലോക രാജ്യങ്ങൾക്കും അറിയാവുന്നതുമാണ്. അതുകൊണ്ടുതന്നെയാണ് പാശ്ചാത്യലോകം മോദിയുടെ റഷ്യൻ സന്ദർശനത്തെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നതും. യുക്രെയ്നിൽ ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്ന അഭിപ്രായം മോദി-പുടിൻ കൂടിക്കാഴ്ചയ്ക്കു ശേഷം അമെരിക്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി തുടർന്നും കാണുമെന്നും പെന്‍റഗൺ വ്യക്തമാക്കിയിരിക്കുന്നു.

മോദിയുടെ റഷ്യൻ സന്ദർശനവുമായി ബന്ധമില്ലെങ്കിലും ഇസ്രയേൽ- ഗാസ സംഘർഷത്തിലും ഇന്ത്യയുടെ നിലപാട് നേരത്തേ മുതൽ വ്യക്തമാണ്. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ ഇസ്രയേലിൽ നടന്ന ഭീകരാക്രമണമാണ് ഇപ്പോഴത്തെ സംഘർഷത്തിനു കാരണമെന്നു വ്യക്തമാക്കുമ്പോഴും ശാശ്വതമായ പരിഹാരത്തിനുള്ള സമാധാന ശ്രമങ്ങൾ നടത്തണമെന്ന് ഇന്ത്യ നിർദേശിക്കുന്നുണ്ട്. സ്വതന്ത്ര രാജ്യത്ത് പലസ്തീൻ ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്. യുഎന്നിൽ പൂർണ അംഗത്വത്തിനുള്ള പലസ്തീന്‍റെ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചതാണ്. ഗാസയിൽ സ്ത്രീകളും കുട്ടികളും അടക്കം സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതിനെതിരേ ശക്തമായ പ്രതിഷേധം ഇന്ത്യ ഉയർത്തിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും ‌അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പാലിക്കപ്പെടണമെന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുന്നു. അതേസമയം തന്നെ ഭീകരതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്തതാണ് ഇന്ത്യയുടെ നിലപാട് എന്നതും സുവ്യക്തം.

യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അനധികൃതമായി റഷ്യൻ സൈന്യത്തിൽ ചേർത്ത ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീരുമാനം മോദിയും പുടിനും തമ്മിൽ നടന്ന ചർച്ചയിലുണ്ടായത് വലിയ ആശ്വാസമാണ് രാജ്യത്തിനു നൽകുന്നത്. ഏജന്‍റുമാരുടെ വഞ്ചനയ്ക്ക് ഇരയായി യുദ്ധമുഖത്ത് എത്തിയവർക്കാണ് നാട്ടിലേക്കു മടങ്ങാൻ അവസരം കിട്ടുക. ഇത്തരത്തിൽ റഷ്യൻ സേനയിൽ ചേർന്നവരിൽ ചിലർ യുക്രെയ്നുമായുള്ള യുദ്ധത്തിൽ മരിക്കുകയും ചെയ്തിരുന്നു. വിവിധ മേഖലകളിൽ റഷ്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ മോദിയുടെ സന്ദർശനം ഉപകരിക്കും. റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോകത്തിന്‍റെ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യയുടെ സംഭാവനകൾ അവരെ ഓർമിപ്പിക്കുകയുണ്ടായി. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതായി അദ്ദേഹത്തിന്‍റെ വാക്കുകൾ.

Trending

No stories found.

Latest News

No stories found.