

അതിവേഗം മുന്നേറട്ടെ, തുരങ്ക നിർമാണം
കേരളത്തിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത. അതിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് മറ്റൊരു നാഴികക്കല്ലു കൂടി കഴിഞ്ഞ ദിവസം പിന്നിട്ടിരിക്കുന്നു. പാതകളുടെ നിർമാണത്തിനുള്ള ആദ്യ ബ്ലാസ്റ്റിന്‍റെ സ്വിച്ച് ഓണ്‍ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടെ തുരങ്ക നിർമാണം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ ഇരട്ട ടണൽ പാതയിൽ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിർമാണത്തിനാണ് ആനക്കാംപൊയിൽ മറിപ്പുഴയിലെ സ്വർഗംകുന്നിൽ തുടക്കം കുറിച്ചിരിക്കുന്നത്. പാതയുടെ കോഴിക്കോട് ഭാഗത്തെ തുടക്കസ്ഥാനമാണിത്. ഈ ഭാഗത്തെ ഒന്നാമത്തെ ടണലിനു വേണ്ടി തുരക്കുന്നതും രണ്ടു മാസത്തിനകം ആരംഭിക്കുമെന്നാണു പറയുന്നത്. വയനാട് ഭാഗത്തുനിന്നുള്ള പാറ തുരക്കലും വൈകാതെ ആരംഭിക്കും. രണ്ടു ഭാഗത്തുനിന്നും ഒരുമിച്ചു തുരക്കുക എന്നതാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ പദ്ധതി സമയബന്ധിതമായി നടപ്പാവേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കുകയാണ്. അതിനു മുൻപുള്ള ആരംഭശൂരത്വം മാത്രമായി ഇതുവരെ നടന്ന പ്രവർത്തനങ്ങൾ മാറാതിരിക്കട്ടെ. തെരഞ്ഞെടുപ്പും രാഷ്ട്രീയവുമൊന്നും വികസന പ്രവർത്തനങ്ങളെ ബാധിച്ചുകൂടാ.
എട്ടു കിലോമീറ്ററിലേറെ നീളമുള്ള തുരങ്കപാത നാലു വർഷത്തിനകം പൂർത്തിയാക്കുമെന്നാണു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ തടസമില്ലാതെ നടന്നാൽ മാത്രമാണ് ഈ സമയം കൊണ്ട് പാത യാഥാർഥ്യമാവുക. നമ്മുടെ പല പദ്ധതികൾക്കും സംഭവിക്കാറുള്ളതുപോലെ ഇഴഞ്ഞുനീങ്ങുന്ന പ്രവണത ഈ പദ്ധതിക്ക് ഉണ്ടാവാതിരിക്കട്ടെ. ആഹ്ലാദാരവം മുഴക്കിയും പടക്കംപൊട്ടിച്ചുമാണ് പാറ തുരക്കുന്നതിന്‍റെ തുടക്കം നാട്ടുകാർ ആഘോഷിച്ചത്. ചുരം യാത്രയുടെ ബുദ്ധിമുട്ടുകൾ എല്ലാം ഒഴിവാക്കി അനായാസം വയനാട്ടിലെത്താവുന്ന പാതയെ എത്ര താത്പര്യത്തോടെയാണു ജനങ്ങൾ കാത്തിരിക്കുന്നതെന്ന് ഇതിൽ നിന്നു വ്യക്തമാണ്. 2134.5 കോടി രൂപ നിർമാണ ചെലവു പ്രതീക്ഷിക്കുന്ന ഈ ഇരട്ടപ്പാതയിൽ മൂന്നു കിലോമീറ്ററിലേറെ ദൂരമാണ് കോഴിക്കോട് ഭാഗത്തുള്ളത്. അഞ്ചു കിലോമീറ്ററിലേറെ വയനാട് ഭാഗമാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ മേൽനോട്ട ചുമതലയിലും കൊങ്കൺ റെയ്‌ൽവേ കോർപ്പറേഷന്‍റെ നിർവഹണ ചുമതലയിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കടുപ്പമുള്ള ചാർണോക്കൈറ്റ് പാറകളാണ് പാത നിർമിക്കുന്ന ഭാഗത്തുള്ളത്. അതുകൊണ്ടുതന്നെ തുരങ്ക നിർമാണം പ്രതിസന്ധി സൃഷ്ടിക്കില്ലെന്നു ബന്ധപ്പെട്ടവർ അവകാശപ്പെടുന്നു. തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്ന ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയും ഏറ്റവും അനുയോജ്യമായതാണ്. വേണ്ട പരിശോധനകളെല്ലാം നടത്തിയ ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയെന്ന നിലയിൽ ആവശ്യമായ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. അത് പ്രത്യേക പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വയനാട് പ്രകൃതി സംരക്ഷണ സമിതി നേരത്തേ പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തുകയും ചെയ്തിരുന്നു. പാത നിര്‍മാണവുമായി ബന്ധപ്പെട്ടു നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പല പാരിസ്ഥിതിക വസ്തുതകളും മറച്ചുവച്ചാണു നിര്‍മാണത്തിലേക്കു കടന്നതെന്നും അവർ ആരോപിക്കുകയുണ്ടായി.
എന്നാൽ, പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്നും എല്ലാ അനുമതികളും പൂർത്തിയാക്കിയാണു നിർമാണം തുടങ്ങിയതെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. വിശദമായ പഠനം നടത്തിയാണു പദ്ധതിക്ക് അനുമതി നൽകിയതെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടതിയെ അറിയിച്ചു. സർക്കാരുകളുടെ സത്യവാങ്മൂലം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണു കോടതി നടപടിയുണ്ടായത്. പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെ കടന്നുപോകുന്നു എന്നതു കൊണ്ടാണ് പരിസ്ഥിതി സ്നേഹികൾ ഈ പാതക്കെതിരേ നിലപാടു സ്വീകരിച്ചത്. എന്നാൽ, എല്ലാ വിഷയങ്ങളും പരിശോധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 60 ഉപാധികളോടെയാണു തുരങ്കപാത അംഗീകരിച്ചിട്ടുള്ളത്. സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്. താമരശേരി ചുരത്തിനു ബദലായുള്ളതാണ് തുരങ്കപാത എന്നതിനാൽ ചുരം വഴിയുള്ള യാത്രാദുരിതത്തിനു പരിഹാരം എന്ന നിലയിൽ ഈ പാതയ്ക്കു പ്രാധാന്യമുണ്ട്. കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഈ പാത സഹായിക്കും. മലയോര മേഖലയുടെ സമഗ്രവികസനത്തിനു ഗുണകരമാവുന്ന പദ്ധതി ടൂറിസം രംഗത്തും ഏറെ സാധ്യതകൾ നൽകുന്നുണ്ട്.