
ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്താൻ സൈന്യം നിർമിച്ച ബെയ്‌ലി പാലം.
വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ ഇരകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും, ദുരന്തത്തിന്‍റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതിനിടെ ഇതേ അപകട മേഖലയിൽ കൂടി എട്ടു കിലോമീറ്റർ തുരങ്ക പാതയും നിർമിക്കാൻ പോകുന്നു. സുരക്ഷാ മുന്നൊരുക്കങ്ങൾ നിർബന്ധമാണ്. വികസനം അനിവാര്യം തന്നെ. പക്ഷേ, സുസ്ഥിര വികസനമാണ് അഭികാമ്യം...
2024 ജൂലൈ 30- കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട്, ഉരുൾപൊട്ടിയൊഴുകിയ മലവെള്ളം വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം മേഖലകളെയാകെ തകർത്തെറിഞ്ഞ ദിവസം. ഇരുനൂറിലധികം ജീവനുകളെയും അതിന്‍റെ പതിന്മടങ്ങ് ജീവിതങ്ങളെയും കവർന്നെടുത്ത ദിവസം. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയന്ത്രണമുള്ള അപകടമേഖലയുടെ അതിരുകളിൽ ഇന്നും ജീവൻ കൈയിൽപ്പിടിച്ച് ജീവിക്കുന്നവരുണ്ട്. ഒരുപിടി ആശങ്കകൾക്കും അനിശ്ചിതാവസ്ഥകൾക്കുമിടയിലേക്ക് ഓരോ രാത്രിയും ഇരുട്ടിവെളുപ്പിക്കുന്ന ജീവിതങ്ങൾ. ദുരന്തം കഴിഞ്ഞ് ഒരു തുലാവർഷവും ഇടവപ്പാതിയും കൂടി കടന്നു പോയി. നഷ്ടപരിഹാരവും ടൗൺഷിപ്പ് നിർമാണവുമെല്ലാമായി സർക്കാർ കാര്യങ്ങൾ മുറപോലെ നടക്കുന്നുണ്ട്. പക്ഷേ, ദുരന്തത്തിന്‍റെ അടിസ്ഥാന കാരണങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ ശേഷിക്കുന്നു.
നിയന്ത്രണ മേഖലയുടെ അതിരുകളിൽ താമസിക്കുന്നവർ, വീണ്ടും ഉരുൾപൊട്ടലുണ്ടാകുമോ എന്നു പേടിച്ചാണ് ഓരോ മഴയും തോരാൻ കാത്തിരിക്കുന്നത്. ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിൽ സർക്കാർ ഇവരെ "സുരക്ഷിതർ' എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി അപകടമേഖലയ്ക്കു പുറത്താണെങ്കിലും, മനുഷ്യൻ സൃഷ്ടിക്കുന്ന അതിരും മതിലുമൊന്നും പ്രകൃതിക്കു ബാധകമല്ല. മറ്റൊരു ദുരന്തമുണ്ടാകുന്നതിനു മുൻപ് തങ്ങളെക്കൂടി മാറ്റിപ്പാർപ്പിക്കണമെന്ന അവരുടെ ആവശ്യം ന്യായമാണ്.
ഉരുൾപൊട്ടലിൽ തകർന്ന സ്കൂളുകളും സർക്കാർ ഓഫിസുകളുമെല്ലാം 13 കിലോമീറ്ററോളം അകലെ മേപ്പാടിയിലേക്കാണ് മാറ്റി സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷിതരെന്നു സർക്കാർ വിശ്വസിക്കുന്നവർക്കും വിവിധ ആവശ്യങ്ങൾക്കു വേണ്ടി പതിവായി ഇത്രയും ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി സൈന്യം നിർമിച്ച താത്കാലിക പാലം മാത്രമാണ് ദുരന്ത മേഖലയിൽനിന്നു പുറത്തേക്കുള്ള യാത്രാ മാർഗം. ദുരന്തം നേരിട്ടു ബാധിക്കാത്ത, സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരെ പ്രത്യേക പദ്ധതികളിൽ ഉൾപ്പെടുത്തുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യുമെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ നൽകുന്ന ഉറപ്പ്. എന്നാൽ, വർഷത്തിൽ രണ്ടു ദിക്കിൽനിന്ന് മൺസൂൺ കാറ്റുകൾ കേരളത്തെ തേടിയെത്തുന്നത്, ചുവപ്പുനാടകളുമായി ബലാബലം നോക്കിയല്ലെന്നോർക്കണം. ദുരന്തത്തിനു ശേഷമുള്ള ദുരിതാശ്വാസവും പുനരധിവാസവും ശാശ്വത പരിഹാരവുമല്ല.
സർക്കാർ ഔദ്യോഗികമായി നിയോഗിച്ചതല്ലെങ്കിലും, ഉരുൾപൊട്ടലിനെക്കുറിച്ച് ഇവിടെയൊരു ജനകീയ ശാസ്ത്ര പഠന സമിതി പഠനം നടത്തിയിരുന്നു. ഔദ്യോഗികതയുടെ വിദഗ്ധ പരിവേഷമില്ലെങ്കിലും, ജിയോസയന്‍റിസ്റ്റ് സി.പി. രാജേന്ദ്രൻ, റിസ്ക് അനലിസ്റ്റ് സാഗർ ധാര, ക്ലൈമറ്റോളജിസ്റ്റ് എസ്. അഭിലാഷ്, ഫോറസ്റ്റ് സയന്‍റിസ്റ്റ് ടി.വി. സജീവ്, ബയോഡൈവേഴ്സിറ്റി വിദഗ്ധൻ സി.കെ. വിഷ്ണുദാസ്, നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ തുടങ്ങിയവർ ഉൾപ്പെടുന്ന ഈ സമിതി തയാറാക്കിയ റിപ്പോർട്ടിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാവില്ല. ദുരന്തത്തിനു ശേഷം തിടുക്കത്തിൽ ശേഖരിച്ച വിവരങ്ങളല്ല ഈ പഠനത്തിന് ആധാരം. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനമാണ് അവരുടെ റിപ്പോർട്ട്. അതുകൊണ്ടുതന്നെ, വിള്ളലുകളിൽ വെള്ള പൂശുന്ന ഏർപ്പാടല്ല, വയനാടിന്‍റെ ആശങ്കകൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2019ലെ പുത്തുമല ദുരന്തം ഒരു മുന്നറിയിപ്പായിരുന്നു, അത് അവഗണിച്ചതിന്‍റെ ഫലമാണ് ചൂരൽമലയിലും മുണ്ടക്കൈയിലും കണ്ടത്. 2019 മുതൽ 200 ഗ്രാമങ്ങളിലെ മഴയുടെ അളവ് നിരീക്ഷിച്ചുവരുന്ന, കൽപ്പറ്റ ആസ്ഥാനമായ ഹ്യൂം സെന്‍റർ ഫൊർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി മുണ്ടക്കൈയിൽ "അതിരൂക്ഷമായ അപകടസാധ്യത' ചൂണ്ടിക്കാണിച്ചിരുന്നു. അധികൃതർ അവഗണിച്ചതിന്‍റെ ഫലം കേരളം ഇന്നും ഓർക്കുന്നു!
ദുർബലമായ ഒരു ആവാസവ്യവസ്ഥയ്ക്കു നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണങ്ങളും, അപകടസാധ്യതകൾക്കു നേരേ കണ്ണടച്ച അധികാരികളും ഈ ദുരന്തത്തിന് ഉത്തരവാദികളാണ്. വയനാടിന്‍റെ കുന്നിൻ ചരിവുകളിൽ പതിറ്റാണ്ടുകളായി പതിഞ്ഞു കിടക്കുന്ന മുറിപ്പാടുകൾ ഉണങ്ങാത്ത വ്രണങ്ങളായി മാറിക്കഴിഞ്ഞു. തോട്ടങ്ങൾ കുന്നു കയറിച്ചെന്ന് കാടിനെ കാർന്നുതിന്നുന്നു. ചെടികൾക്കു വേരുപിടിക്കാത്ത പാറക്കെട്ടുകൾ ക്വാറി മാഫിയ ഇടിച്ചുനിരത്തുന്നു. ഒരു മാനദണ്ഡവും പാലിക്കാതെ ടൂറിസ്റ്റ് റിസോർട്ടുകൾ മുളച്ചുപൊന്തുന്നു. കേരളത്തിന്‍റെ പുരാതന ചരിത്രം പേറുന്ന എടയ്ക്കൽ ഗുഹകളുടെ നിലനിൽപ്പ് പോലും ഭീഷണിയിലായിരിക്കുന്നു. അതിവർഷത്തിന്‍റെയും മേഘപാതത്തിന്‍റെയുമൊക്കെ പ്രത്യാഘാതങ്ങൾക്കു പരിചയാകേണ്ടുന്ന കുന്നിൻചരിവുകളാണ് പ്രകൃതിയുടെ ക്രൗര്യത്തിനു മുന്നിൽ കാടിന്‍റെ കവചമില്ലാതെ മലർക്കെ തുറന്നുകിടക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച അതേ സ്ഥലത്തു കൂടിയാണ് സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട തുരങ്ക പാത വരുന്നത്. എട്ടു കിലോമീറ്റർ നീളമുള്ള തുരങ്കം പൂർത്തിയാകുന്നതോടെ, കോഴിക്കോടിനും വയനാടിനുമിടയിലുള്ള യാത്രാസമയം കുറയ്ക്കാൻ സാധിക്കും. താമരശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും മറികടക്കാനും സാധിക്കും. വയനാടിന്‍റെയും കോഴിക്കോടിന്‍റെയും മാത്രമല്ല, കേരളത്തിന്‍റെയാകെ വികസന സ്വപ്നങ്ങളിൽ നിർണായകമാണ് ഈ പദ്ധതി. എന്നാൽ, മുൻപ് കുതിരാനിലെ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലുകളും, പിന്നീട് ഉത്തരാഖണ്ഡിലെ തുരങ്ക നിർമാണത്തിനിടെയുണ്ടായ ദുരന്തവുമൊക്കെ അനുഭവപാഠങ്ങളായി പിന്നിലുണ്ട്. അതുകൊണ്ടു തന്നെ ആനക്കാംപൊയിൽ - മേപ്പാടി - കള്ളാടി തുരങ്ക പാത നിർമാണത്തിൽ മതിയായ മുൻകരുതലുകളും മുന്നൊരുക്കങ്ങളും വേണം. ദേശീയപാത ഇടിഞ്ഞു താഴുന്നതിനെക്കാൾ ഭയാനകമായിരിക്കും തുരങ്കത്തിന്‍റെ തകർച്ച. ഹിമാലയത്തിലേതിനെക്കാൾ ലോലമാണ് പശ്ചിമഘട്ടത്തിന്‍റെ പരിസ്ഥിതി. വികസനം അനിവാര്യമാണ്, സുസ്ഥിര വികസനം അഭികാമ്യവും.
പതിറ്റാണ്ടുകളായി അമിത ചൂഷണത്തിനു വിധേയമാകുന്ന മണ്ണിന്‍റെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഉരുൾപൊട്ടൽ. ആ ദുരന്തം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ലെന്നു സൂചിപ്പിക്കുന്നതാണ് ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോർട്ട്. അതിലെ കണ്ടെത്തലുകൾ അധികാരികളുടെ, പ്രത്യേകിച്ച് ഭരണവർഗത്തിന്‍റെ കണ്ണുതുറപ്പിക്കണം. മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാനും അവയുടെ വ്യാപനം എവിടെയൊക്കെ സംഭവിക്കുന്നു എന്നു കണ്ടെത്താനും, ലഭ്യമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന ശുപാർശയും പ്രസക്തമാണ്. അപകടസാധ്യതകൾ തിരിച്ചറിയുന്നിടത്തെല്ലാം കർശനമായ ഭൂവിനിയോഗ വിഭജനം നടപ്പാക്കേണ്ടതുണ്ട്. പുതിയ ഭൂവിനിയോഗ ആസൂത്രണത്തെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃകയാണ് കാലഘട്ടത്തിന്‍റെ ആവശ്യം.