

യാഥാർഥ്യമാവട്ടെ, കടൽ തുരങ്ക പാതയും
2,134.5 കോടി രൂപ മുതൽമുടക്കുള്ള വയനാട്ടിലെ തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി ഉപാധികളോടെ അന്തിമ പാരിസ്ഥിതികാനുമതി നൽകിയത് ഏതാനും മാസം മുൻപാണ്. അതിനു പിന്നാലെ ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയും ചെയ്തു. നിർമാണം പൂർത്തിയാവുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്ക പാതയായിരിക്കും ഇതെന്നാണു പറയുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടി വരെ എത്തുന്ന ഈ പാതയ്ക്ക് 8.73 കിലോമീറ്റര്‍ ദൂരമാണുള്ളത്. അതിൽ 8.1 കിലോമീറ്ററും ഇരട്ടത്തുരങ്കം ആയിരിക്കും. നിർമാണം തുടങ്ങി മൂന്നു വർഷത്തിനകം പാത പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. താമരശേരി ചുരത്തിനു ബദലായുള്ളതാണ് ഈ തുരങ്ക പാത. ചുരം വഴിയുള്ള യാത്രാദുരിതത്തിന് അറുതിവരുത്താൻ ഈ പാത ഉപകരിക്കും. ഇതിനൊപ്പം വയനാടിന്‍റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും തുരങ്കപാത സഹായിക്കും.
വീതിയുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്ന് നേരത്തേ കേരളത്തിൽ യാഥാർഥ്യമാക്കിയിരുന്നു. അതു കുതിരാനിലേതാണ്. ദേശീയപാത 544ൽ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള ഈ തുരങ്കത്തിന് 970 മീറ്ററാണു നീളം. തുരങ്കങ്ങളിൽ ഓരോന്നിനും 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുണ്ട്. ഈ തുരങ്കം തുറന്നതിനു ശേഷം തൃശൂർ- പാലക്കാട് റൂട്ടിലെ യാത്ര എത്ര എളുപ്പമായെന്ന് ആ വഴി യാത്രചെയ്യുന്നവർക്കെല്ലാം ബോധ്യമുള്ളതാണ്. കുതിരാനിൽ യാഥാർഥ്യമായതും വയനാട്ടിൽ നിർമാണം തുടങ്ങുന്നതും മല തുരന്നുള്ള പാതകളാണെങ്കിൽ കൊച്ചിയിൽ കടൽ തുരങ്ക പാതയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്. കൊച്ചിക്കാരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്ന വലിയൊരു പദ്ധതിയായി ഇതു മാറും. എന്നു മാത്രമല്ല കൊച്ചിയുടെ ടൂറിസം സാധ്യതകളും പലമടങ്ങ് വർധിപ്പിക്കാൻ കടൽ തുരങ്ക പാത ഉപകരിക്കും എന്നുറപ്പാണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങാതെ മുന്നോട്ടുപോകുമോയെന്നാണ് ഇനി അറിയാനുള്ളത്.
ഇതും ഒരു ചെറിയ പദ്ധതിയൊന്നുമല്ല. 2,672.25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി തീരദേശ ഹൈവേയുടെ ഭാഗമായാണു നടപ്പിലാക്കുക. വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്ക പാതയുടെ നിർമാണത്തിനു താത്പര്യപത്രം ക്ഷണിക്കാൻ സർക്കാർ നടപടി തുടങ്ങിയെന്നാണ് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്ക് നിയമസഭയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലുള്ളത്. കെ- റെയ്‌ൽ സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിന്‍റെ ഈ നീക്കം. ഡിസൈൻ- ബിൽഡ്- ഫിനാൻസ്- ഓപ്പറേറ്റ്- ട്രാൻസ്ഫർ മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആകർഷകമായൊരു പദ്ധതിയെന്ന നിലയിൽ ഇതിന് സ്വകാര്യ പങ്കാളിത്തം ബുദ്ധിമുട്ടാവില്ല എന്നു തന്നെ കരുതണം. കരയിലുള്ള നാലു വരി അപ്രോച്ച് റോഡുകളുമായാണ് തുരങ്ക പാതയെ ബന്ധിപ്പിക്കേണ്ടത്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണവും പൂർത്തീകരിക്കാൻ കഴിയുമെന്നാണു പറയുന്നത്.
റോഡ് മാർഗം 16 കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത് തുരങ്കപാത വന്നാൽ ദൂരം മൂന്നു കിലോമീറ്ററായി കുറയും. കപ്പൽച്ചാലിനു കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. ഇരട്ട ടണലുകളിൽ നാലര മീറ്റർ വീതിയിൽ ഹൈവേയും മൂന്നര മീറ്റർ വീതിയിൽ സർവീസ് റോഡും ഉണ്ടാകും. ഓരോ 250 മീറ്റർ കൂടുമ്പോഴും എമർജൻസി സ്റ്റോപ്പ് ബേ, 500 മീറ്റർ ഇടവിട്ട് വെന്‍റിലേഷനോടു കൂടിയ എമർജൻസി എക്‌സിറ്റുകൾ എന്നിവ സജ്ജീകരിക്കും. പദ്ധതിക്കായി രണ്ട് അലൈൻമെന്‍റുകളാണു പരിഗണനയിലുള്ളതെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഫോർട്ട് കൊച്ചി റോ-റോ ബോട്ട് ജെട്ടിക്കു സമീപം കെ.വി. ജേക്കബ് റോഡിനെയും വൈപ്പിനെയും ബന്ധിപ്പിച്ചുള്ളതാണ് ആദ്യത്തേത്. കെ.വി. ജേക്കബ് റോഡിനെയും വൈപ്പിന്‍റെ പടിഞ്ഞാറു ഭാഗത്തെയും ബന്ധിപ്പിച്ചുള്ളത് രണ്ടാമത്തേതും. ദേശീയ പാത 66നു സമാന്തരമായി വിഭാവനം ചെയ്തിട്ടുള്ള തീരദേശ ഹൈവേ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ തുടങ്ങി കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂരിൽ അവസാനിക്കുന്നതാണ്. 625 കിലോമീറ്റർ ദൈർഘ്യം. കേരളത്തിലെ ഒമ്പതു ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ എറണാകുളം ഭാഗം 48 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്; ചെല്ലാനം മുതൽ മുനമ്പം വരെ. ഈ പാതയുടെ ആകർഷണം കൂട്ടുന്നതാണ് കൊച്ചിയിലെ കടൽ തുരങ്ക പാത. വർഷങ്ങൾക്കു മുൻപു തന്നെ ഇങ്ങനെയൊരു തുരങ്ക പാതയുടെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. അതു യാഥാർഥ്യമാക്കാനുള്ള നടപടികൾ ഇനി ഊർജിതമാവും എന്നു തന്നെ കരുതാം. യാത്രാസൗകര്യം കൂടുമെന്നു മാത്രമല്ല സമയലാഭവും ഈ പാത നൽകും. വൈപ്പിൻ, ഫോർട്ട് കൊച്ചി മേഖലകളിലടക്കം ഇനിയും വളരെയേറെ ടൂറിസം സാധ്യതകൾ ഉപയോഗിക്കാനായിട്ടുണ്ട്. യാഥാർഥ്യമായാൽ കടൽ തുരങ്ക പാതയെന്ന എൻജിനീയറിങ് വിസ്മയം വലിയ തോതിൽ ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട് മറ്റു ടൂറിസം സൗകര്യങ്ങളും സ്വാഭാവികമായി വർധിക്കും