

വയനാട് തുരങ്ക പാത: തടസങ്ങൾ ഒഴിവാകട്ടെ
പരിസ്ഥിതിയുമായി ബന്ധപ്പെട്ടു ചിലർ ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും കേരളത്തിന്‍റെ സ്വപ്നപദ്ധതികളിൽ ഒന്നായാണ് സർക്കാർ വയനാട് തുരങ്കപാതയെ കാണുന്നത്. യാത്രാസൗകര്യം വൻ തോതിൽ മെച്ചപ്പെടുമെന്നതിനാൽ തുരങ്കപാത യാഥാർഥ്യമാവുന്നതു കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. നിർമാണാനുമതി കിട്ടും വരെ പലവിധ പ്രതിസന്ധികൾ അതിജീവിക്കുന്നതിനു നിരവധി വർഷങ്ങളുടെ പരിശ്രമം ആവശ്യമായിവന്നതാണ് ഈ പാതയുടെ ചരിത്രം. ഒടുവിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. അതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പാത നിർമാണം ഇനിയും തടസപ്പെടില്ല എന്ന പ്രതീക്ഷ നൽകിക്കൊണ്ട് ഇപ്പോൾ പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. എല്ലാ വിഭാഗം ആളുകളുടെയും സഹകരണത്തോടെ എത്രയും വേഗം പദ്ധതി പൂർത്തിയാക്കാൻ സർക്കാരിനു കഴിയുക എന്നതാണ് ആവശ്യമായിട്ടുള്ളത്. അതിനിടയിൽ ഇനിയും തടസങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ. യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനും സർക്കാരിനു കഴിയണം. കൂടുതൽ നിയമയുദ്ധങ്ങൾ ഒഴിവാക്കാൻ അത് അത്യാവശ്യമാണ്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണു കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്. പാത നിര്‍മാണവുമായി ബന്ധപ്പെട്ടു നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പല പാരിസ്ഥിതിക വസ്തുതകളും മറച്ചുവച്ചാണു നിര്‍മാണത്തിലേക്കു കടന്നതെന്നും അവർ ആരോപിച്ചിരുന്നു.
എന്നാൽ, പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്നും എല്ലാ അനുമതികളും പൂർത്തിയാക്കിയാണു നിർമാണം തുടങ്ങിയതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടീസയച്ചു വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് പാത നിര്‍മാണവുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. വിശദമായ പഠനം നടത്തിയാണു പദ്ധതിക്ക് അനുമതി നൽകിയതെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടതിയെ അറിയിച്ചു. സർക്കാരുകളുടെ സത്യവാങ്മൂലം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണു കോടതി നടപടിയുണ്ടായത്. കൊങ്കണ്‍ റെയ്‌ൽവേ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിർമാണച്ചുമതലയുള്ളത്. സുദീർഘമായ കൊങ്കണ്‍ പാതയും അതിലെ ദുർഘടങ്ങളായ ഒട്ടേറെ തുരങ്കങ്ങളുമൊക്കെ നിര്‍മിച്ച കൊങ്കണ്‍ റെയ്‌ൽവേ കോര്‍പ്പറേഷന് ഇക്കാര്യത്തിൽ മുന്‍പരിചയമുണ്ട് എന്നതടക്കമുള്ള വിഷയങ്ങള്‍ ഹൈക്കോടതി കണക്കിലെടുത്തു എന്നാണു റിപ്പോർട്ടുകൾ.
മലബാറിന്‍റെ വികസനത്തിനു കുതിപ്പു നൽകാൻ കഴിയുന്നതാണ് ഈ തുരങ്കപാത എന്നതിൽ സംശയമില്ല. സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള ചരിത്രത്തിൽ പ്രത്യേകം എഴുതിച്ചേർക്കാവുന്നതാവും ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്ക പാതയെന്നും നിസംശയം പറയാവുന്നതാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടി വരെ എത്തുന്നതാണ് ഈ പാത. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന പാതയുടെ നിര്‍മാണച്ചെലവ് 2,134.5 കോടി രൂപയാണ്. ഇരട്ട തുരങ്കങ്ങളിലായി നാലുവരി ഗതാഗതമാണു പദ്ധതിയിലുള്ളത്. എട്ടു കിലോമീറ്ററിലേറെയാണു തുരങ്കത്തിന്‍റെ ദൈർഘ്യം. തുരങ്ക പാതയുടെ നിർമാണം പൂർത്തിയായാൽ ആനക്കാംപൊയിലിൽ നിന്ന് 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ടണല്‍ വെന്‍റിലേഷന്‍, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്ക പാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്നൽ നൽകാനും സംവിധാനമുണ്ട്.
പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെ കടന്നുപോകുന്നു എന്നതു കൊണ്ടാണ് പരിസ്ഥിതി സ്നേഹികൾ ഈ പാതക്കെതിരേ രംഗത്തുവരുന്നത്. എന്നാൽ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി എല്ലാം പരിശോധിച്ച ശേഷമാണ് അന്തിമ പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളതെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 60 ഉപാധികളോടെയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുരങ്ക പാത അംഗീകരിച്ചിട്ടുള്ളത്. സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതടക്കം ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതിലോല പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മല തുരക്കുമ്പോൾ സമീപ പ്രദേശങ്ങൾക്കുണ്ടാവുന്ന ആഘാതം പഠിക്കുന്നതടക്കം മുൻകരുതൽ വേണമെന്നും നിർദേശമുണ്ട്.
കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് തുരങ്ക പാത സഹായിക്കും. തിരക്കേറിയ താമരശേരി ചുരത്തിനു ബദലായുള്ളതാണ് ഈ പാത എന്നതിനാൽ ചുരം വഴിയുള്ള യാത്രാദുരിതത്തിനു പരിഹാരം എന്ന നിലയിലും ഇതിനെ കാണണം. ഏതു കാലാവസ്ഥയിലും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്താൻ തുരങ്കപാതയ്ക്കു കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മലയോര മേഖലയുടെ സമഗ്ര വികസനത്തിനു ഗുണകരമാവുന്ന പദ്ധതി ടൂറിസം രംഗത്തും ഏറെ സാധ്യതകൾ നൽകുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും കഴിയട്ടെ.