സ്വാഗതാർഹം, ക്ഷേമപെൻഷൻ വർധന

ക്ഷേമ പെന്‍ഷന്‍ 1,600 രൂപയിൽ നിന്ന് 2,000 രൂപയായാണ് ഉയർത്തിയിരിക്കുന്നത്.
Welcome, welfare pension increase

സ്വാഗതാർഹം, ക്ഷേമപെൻഷൻ വർധന

file image
Updated on

സമൂഹത്തിലെ പാവപ്പെട്ട ജനങ്ങൾക്കു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന്‍റെ കൈത്താങ്ങ് എന്ന നിലയിലാണു ക്ഷേമ പെൻഷനുകൾ പോലുള്ള പദ്ധതികൾ മഹത്തായ കാര്യമായി പരിഗണിക്കപ്പെടുന്നത്. ഉത്പാദനക്ഷമമല്ലാത്ത കാര്യങ്ങൾക്കു പണം മുടക്കുന്നതു സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും എന്നൊക്കെയുള്ള ചില സിദ്ധാന്തങ്ങൾ എതിരായി നിൽക്കുന്നുണ്ടെങ്കിലും സാമൂഹിക സുരക്ഷ ഒരു ജനാധിപത്യ സർക്കാരിന്‍റെ ഉത്തരവാദിത്വമാണ് എന്ന നിലയിൽ ക്ഷേമപദ്ധതികൾക്കു ന്യായീകരണമുണ്ട്.

ചെറുതാണെങ്കിലും ഓരോ മാസവും സർക്കാർ നൽകുന്ന സാമ്പത്തിക സഹായം കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. അതു മുടങ്ങുമ്പോൾ അവരുടെ ജീവിതം തന്നെയാണു പ്രതിസന്ധിയിലാവുന്നത്. അതുകൊണ്ടു തന്നെ ക്ഷേമ പെൻഷനുകൾ കക്ഷിരാഷ്ട്രീയമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യമുള്ളതാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അടയാളമായി ഇത്തരം സഹായങ്ങളെ കാണുന്നതു സ്വാഭാവികം. സർക്കാരിന്‍റെ ഔദാര്യം എന്ന നിലയിലല്ല ജനങ്ങളുടെ അവകാശം എന്ന നിലയിൽ തന്നെ വേണം ഇത്തരം പദ്ധതികളെ കാണുന്നതിന്.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് എന്ന വിശേഷണം ഒപ്പമുണ്ടെങ്കിലും ക്ഷേമ പെന്‍ഷന്‍ വർധനയടക്കം സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ലക്ഷക്കണക്കിനു സാധാരണക്കാർക്കു പ്രയോജനം ചെയ്യുമെന്നതിനാൽ ഹാർദ്ദമായി സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. ക്ഷേമ പെന്‍ഷന്‍ 1,600 രൂപയിൽ നിന്ന് 2,000 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. രണ്ടായിരം എന്നത് ഇന്നത്തെ കാലത്തു വലിയ തുകയൊന്നുമല്ല. പക്ഷേ, ഒറ്റയടിക്ക് 400 രൂപ കൂട്ടി എന്നതു വലിയ കാര്യം തന്നെയാണ്.

നാൽപ്പത്തഞ്ചും അറുപതും നൂറ്റിഇരുപതും അഞ്ഞൂറും അറുനൂറും രൂപയായി പല സർക്കാരുകളുടെ കാലത്ത് നൽകിവന്ന ക്ഷേമപെൻഷനാണ് പിന്നീടുള്ള വർധനകളിലൂടെ ഇപ്പോൾ 2,000 രൂപ വരെ എത്തിയിരിക്കുന്നത്. പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. ഇന്ന് 62 ലക്ഷം പേർ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നാണു സർക്കാരിന്‍റെ കണക്ക്. അതിൽ നിന്നു തന്നെ ഈ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാവുന്നതാണ്.

ഇതോടൊപ്പമാണ് പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്. 35 മുതൽ 60 വരെ വയസുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാത്ത എഎവൈ (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (മുൻഗണനാ വിഭാഗം- പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കാണ് മാസം 1,000 രൂപ വീതം സ്ത്രീ സുരക്ഷാ പെൻഷൻ അനുവദിക്കുക. 31.34 ലക്ഷം സ്ത്രീകൾ ഇതിന്‍റെ ഗുണഭോക്താക്കളാവും എന്നാണു പറയുന്നത്. പ്രതിവർഷം 3,800 കോടി രൂപ ഈ പദ്ധതിക്കായി ചെലവിടുന്നു. പ്രതിവർഷം ഏകദേശം 13,000 കോടി രൂപ മൊത്തം ക്ഷേമ പെൻഷൻ വിതരണത്തിനു നീക്കിവയ്ക്കുകയാണ്.

ആശാ വർക്കർമാർ, ആംഗൻവാടി വർക്കർമാർ, ഹെല്‍പ്പര്‍മാർ എന്നിവരുടെ ഓണറേറിയം പ്രതിമാസം 1,000 രൂപ കൂട്ടാനുള്ള തീരുമാനവും ഇതോടൊപ്പമുണ്ട്. ഓണറേറിയം വർധന ആവശ്യപ്പെട്ടുകൊണ്ട് ആശാ വർക്കർമാർ ഏറെ നാളായി തിരുവനന്തപുരത്തു സമരം ചെയ്യുകയാണ്. 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക എന്നതാണ് അവരുടെ ആവശ്യം. ഇതിനോടു സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല. ഇപ്പോഴത്തെ 1,000 രൂപ വർധന അവരെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. സമരം തുടരുമെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ചെറിയ വർധന അനുവദിച്ചു എന്നതാണ് സർക്കാർ പക്ഷത്തുനിന്നുള്ള വാദം. സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം, പാചകത്തൊഴിലാളികളുടെ കൂലി, പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഗസ്റ്റ് ലക്ച്ചറർമാരുടെയും പ്രതിമാസ വേതനം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി/ മത്സര പരീക്ഷകൾക്കു തയാറെടുക്കുന്നവരോ ആയ 18 മുതൽ 30 വരെ വയസുള്ള യുവതീ യുവാക്കൾക്കു പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുന്ന കണക്റ്റ് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതി അഞ്ചു ലക്ഷത്തോളം പേർക്കു ഗുണകരമാണ്.

പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം. റബർ ഉത്പാദന ഇൻസെന്‍റീവ് പദ്ധതി പ്രകാരം കർഷകർക്കു നൽകി വരുന്ന താങ്ങുവില കിലോയ്ക്ക് 180 രൂപയിൽ നിന്നും 200 രൂപയാക്കുന്നതും നെല്ലിന്‍റെ സംഭരണ വില 28.20 രൂപയിൽ നിന്ന് 30 രൂപയാക്കുന്നതും കർഷകർക്ക് ആശ്വാസം നൽകുന്ന നടപടികളാണ്. ജനങ്ങൾക്കു പ്രയോജനപ്പെടുന്ന പദ്ധതികൾ ഏതുസമയത്തു പ്രഖ്യാപിച്ചാലും അതു നല്ലതു തന്നെയാണ്. വർധിപ്പിച്ചതിനു മുകളിലുള്ള വർധന മാത്രമാണല്ലോ ഇനി എല്ലാവർക്കും വാഗ്ദാനം ചെയ്യാൻ കഴിയുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com