
കൊച്ചി നഗരത്തിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യാനും ഓടകൾ മൂടാനും ബസുകളുടെ മരണപ്പാച്ചിൽ തടയാനും നടപ്പാതകളിലെ പാർക്കിങ് ഒഴിവാക്കാനും ഹൈക്കോടതി വീണ്ടും ഇടപെട്ടിരിക്കുകയാണ്. ഈ വിഷയങ്ങളിലെല്ലാം പല തവണ കോടതിയുടെ ഇടപെടലുണ്ടായിക്കഴിഞ്ഞു. രൂക്ഷമായി വിമർശനങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. ഉടൻ ശരിയാക്കുമെന്ന ഉറപ്പുകൾ അധികൃതർ കോടതി സമക്ഷം നൽകിയിട്ടുമുണ്ട്. ശരിയാക്കാനുള്ള ചില ശ്രമങ്ങൾ ഉത്തരവുകൾ വന്നതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ നടന്നിട്ടുണ്ടാകാം. പക്ഷേ, അതൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഏതാനും ദിവസങ്ങൾക്കകം എല്ലാം പഴയ സ്ഥിതിയിൽ തന്നെയാവുന്നു എന്നതാണ് അമ്പരപ്പിക്കുന്ന യാഥാർഥ്യം. ആര് എന്ത് ഉത്തരവിട്ടാലും ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നതാണോ അധികൃതരുടെ മനോഭാവം എന്നു സംശയിക്കണം. അതല്ലെങ്കിൽ ആരൊക്കെ മുന്നിട്ടിറങ്ങി നന്നാക്കാൻ നോക്കിയാലും ഒന്നും നന്നാവില്ല എന്നും.
ഇത്തവണ കർശന നിർദേശമാണു കോടതി നൽകിയിരിക്കുന്നത്. കെഎസ്ഇബിയുടേത് ഉൾപ്പെടെയുള്ള തൂണുകളിലെ കേബിളുകൾ ആരുടെയൊക്കെയാണെന്നു തിരിച്ചറിഞ്ഞ് പത്തു ദിവസത്തിനകം ടാഗ് ചെയ്യണം. അല്ലാത്തവ പതിനൊന്നാം ദിവസം മുതൽ നീക്കം ചെയ്യണം. തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നമ്പർ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തുറന്നു കിടക്കുന്ന ഓടകൾ 15 ദിവസത്തിനകം മൂടണമെന്നാണു നിർദേശം. പ്രധാന റോഡുകളിലെ നടപ്പാതകളിൽ അനധികൃത പാർക്കിങ് ഉടൻ അവസാനിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളെക്കുറിച്ചുള്ള പരാതി അറിയിക്കാൻ ബസുകളുടെ മുന്നിലും പിന്നിലും ഹെൽപ്പ് ലൈൻ നമ്പർ സ്ഥിരമായി പ്രദർശിപ്പിക്കണം. ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കാനാണു നിർദേശം. സമയബന്ധിതമായ നടപടികളാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവാദപ്പെട്ടവർ വിഷയങ്ങളുടെ അടിയന്തര സ്വഭാവം മനസിലാക്കി നടപടികൾ സ്വീകരിക്കുമോയെന്ന് നീണ്ട കാത്തിരിപ്പില്ലാതെ അറിയാനാവും.
കൊച്ചിയിൽ തൂങ്ങിക്കിടന്ന കേബിളുകളിൽ കുരുങ്ങി കഴിഞ്ഞ ദിവസങ്ങളിലും അപകടങ്ങളുണ്ടായി. കഴുത്തിൽ കേബിൾ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്കു പരുക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകന് കഴുത്തിൽ കേബിൾ കുരുങ്ങി റോഡിൽ തെറിച്ചുവീണ് പരുക്കേറ്റ സംഭവവുമുണ്ടായി. കേബിളുകളിൽ കുരുങ്ങിയുള്ള അപകടങ്ങൾ നഗരത്തിൽ തുടർക്കഥയാണ്. എന്നിട്ടും അധികൃതർ പ്രശ്നപരിഹാരത്തിനു തയാറാവുന്നില്ല. പരസ്പരം കുറ്റം ആരോപിച്ചു തടി തപ്പാനുള്ള ശ്രമങ്ങൾക്കും കുറവൊന്നുമില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ആവർത്തിച്ചുള്ള ഇടപെടുലുകൾ ഉണ്ടാവുന്നത്. കൊച്ചിയിൽ കേബിളുകളിൽ കുരുങ്ങിയുള്ള അപകടങ്ങളിൽ അടുത്ത മാസം 13ന് വിശദമായ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ആവർത്തിച്ചുള്ള ഇടപെടലും ഉണ്ടായിട്ടുണ്ട്. റോഡുകളിൽ കേബിളുകൾ താഴ്ന്നു കിടക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഏതാണ്ട് പത്തു ദിവസം മുൻപ് എറണാകുളത്ത് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. അപകടകരമായ വിധത്തിലുള്ള കേബിളുകൾ എത്രയും വേഗം മാറ്റാനും അന്നത്തെ യോഗത്തിൽ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ട് അപകടങ്ങളും! അന്നത്തെ യോഗത്തിന്റെ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ റോഡ് സുരക്ഷാ അഥോറിറ്റി ചെയര്മാന് കൂടിയായ മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീഴ്ചകളിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവുന്ന അവസ്ഥയുണ്ടായാൽ അത്രയെങ്കിലും ശ്രദ്ധയും അവരുടെ ഭാഗത്തുനിന്നുണ്ടാവും. ഇതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
ഓടകളുടെ കാര്യത്തിലും ഹൈക്കോടതി ഇടപെടലുകൾ മുൻപും ഉണ്ടായിട്ടുണ്ട്. പനമ്പിള്ളിനഗറിൽ മൂന്നു വയസുകാരൻ അഴുക്കുചാലിൽ വീണ സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ ഓടകൾ മൂടാൻ നിർദേശം നൽകിയത് മൂന്നു മാസം മുൻപാണ്. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി കോടതിയിൽ ഹാജരായി ക്ഷമ ചോദിച്ച കേസാണിത്. ഫുട്പാത്തുകളിലെ കൈയേറ്റങ്ങളും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും മറ്റു നിയമലംഘനങ്ങളും എത്രയോ വട്ടം കോടതിയുടെ വിമർശനത്തിനു വിധേയമായതാണ്. റോഡ് തങ്ങളുടേതു മാത്രമാണെന്ന ചില ഡ്രൈവർമാരുടെ ധാരണയെക്കുറിച്ചും കാൽനടക്കാരുടെ ദുരിതയാത്രയെക്കുറിച്ചും ആവർത്തിച്ച് ഓർമിപ്പിച്ചിട്ടും പലരും സൗകര്യപൂർവം മറന്നുപോകുന്നു എന്നതാണു വാസ്തവം.