
പേവിഷബാധയേറ്റ് കുട്ടികൾ മരിക്കുമ്പോൾ
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യത്തിനു യാതൊരു പരിഹാരവുമില്ല. നായകൾ കടിച്ചുകീറുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അതിനേക്കാൾ വലിയ ആശങ്കയായി വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. എന്തെങ്കിലുമൊക്കെ ന്യായങ്ങൾ പറഞ്ഞ് സമാധാനിക്കാൻ പറ്റുന്നതല്ല ഈ പ്രശ്നം. വളരെ ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് ലോകത്തിനു മാതൃകയാണ് എന്നൊക്കെ അവകാശപ്പെടുമ്പോഴും പേപ്പട്ടി കടിച്ച് ആളുകൾ മരിക്കുന്ന നാടായി കേരളം അറിയപ്പെട്ടു കൂടാ. ഒരു മാസത്തിനിടെ സംസ്ഥാനത്തു പേവിഷബാധയേറ്റു മൂന്നു കുട്ടികളാണു മരിച്ചത്. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ട പുല്ലാട് സ്വദേശിയും പതിമൂന്നുകാരിയുമായ ഭാഗ്യലക്ഷ്മി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി ആറുവയസുള്ള സിയ ഫാരിസ് ഏപ്രിൽ 29നു മരിച്ചു. ഏഴു വയസുകാരിയായ പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിലെ നിയാ ഫൈസൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. തുടർച്ചയായ ഈ സംഭവങ്ങൾ എത്ര മോശമാണ് സാഹചര്യം എന്നു കാണിക്കുന്നുണ്ട്.
ഞരമ്പിൽ നായയുടെ കടിയേറ്റാൽ പെട്ടെന്നു തന്നെ റാബിസ് വൈറസ് വ്യാപിക്കുമെന്നും ഞരമ്പിലൂടെ തലച്ചോറിലേക്കും നട്ടെല്ലിലേക്കും എത്തുന്നതാണ് റാബിസ് വൈറസ് എന്നും എസ്എടി ആശുപത്രി അധികൃതർ വിശദീകരിക്കുകയുണ്ടായി. വാക്സിന്‍റെ ആന്‍റി ബോഡിക്ക് വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്നതിനു മുൻപു തന്നെ വൈറസ് ഞരമ്പിൽ കയറിക്കഴിഞ്ഞാൽ പേവിഷബാധയുണ്ടാവാനുള്ള സാധ്യതയാണ് ഡോക്റ്റർമാർ ചൂണ്ടിക്കാണിക്കുന്നത്. വാക്സിന്‍റെ ഗുണനിലവാരത്തിൽ സംശയം വേണ്ട എന്നു വ്യക്തമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. വാക്സിന്‍റെ ഫലപ്രാപ്തിയിൽ യാതൊരു ആശങ്കയും അവർക്കില്ല. അവർ പറയുന്നതു വാസ്തവമാണ് എന്നു തന്നെ വിശ്വസിക്കാം. അപ്പോഴും ഉയർന്നു നിൽക്കുന്ന യാഥാർഥ്യം വാക്സിൻ എടുത്തിട്ടും ഒരു മാസത്തിനിടെ മൂന്നു കുട്ടികൾ പേവിഷബാധയുണ്ടായി മരിച്ചു എന്നതാണ്. ആഴത്തിൽ കടിക്കരുതെന്നും ഞരമ്പിൽ പല്ലു കൊള്ളരുതെന്നും പേ പിടിച്ച നായയോടു പറഞ്ഞിട്ടു കാര്യമില്ല. നായശല്യത്തിനു പരിഹാരം കാണുക എന്നതാണ് ഇത്തരം സാഹചര്യം ഒഴിവാക്കാനുള്ള മാർഗം. അതിന് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമൊക്കെ എന്തു ചെയ്യുന്നു എന്നതാണു പ്രധാനം.
വീടിനു സമീപത്തായി മാലിന്യം തള്ളുന്നതു പതിവാണെന്നും അവിടെ വേസ്റ്റ് ഇടരുത് എന്നു പറഞ്ഞിട്ട് ആരും കേട്ടില്ലെന്നും നിയാ ഫൈസലിന്‍റെ അമ്മ പറയുന്നുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായത് ഇത്തരത്തിൽ മാലിന്യം തള്ളിയതുകൊണ്ടാണ്. ഇതേക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും എടുത്തില്ലെന്ന് ആ അമ്മ പറയുകയുണ്ടായി. എല്ലാവരും കൂടി തന്‍റെ കുഞ്ഞിനെ കടിച്ചുകീറി കൊന്നു എന്ന് അമ്മ പരാതിപ്പെടുമ്പോൾ എങ്ങനെയാണ് അവരെ സമാധാനിപ്പിക്കാനാവുക. മാലിന്യമുക്ത നവകേരളത്തെക്കുറിച്ചൊക്കെ നീണ്ട ഉപന്യാസങ്ങൾ എഴുതാനുള്ള സർക്കാർ പദ്ധതികൾ നമുക്കുണ്ട്. അതൊക്കെ പൊക്കിപ്പിടിച്ചു നടക്കുമ്പോഴും മാലിന്യം വലിച്ചെറിയുന്നവർ പതിവു തുടർന്നുകൊണ്ടേയിരിക്കുന്നു!
ഏപ്രിൽ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിയയ്ക്ക് നായയുടെ കടിയേറ്റത്. മൂന്നു ഡോസ് വാക്സിൻ എടുത്തിരുന്നു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെ ഏപ്രിൽ 29ന് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മാർച്ച് 29നാണ് മലപ്പുറത്ത് സിയ ഫാരിസിനെ വീടിനടുത്തുള്ള കടയിൽ പോയി മടങ്ങിവരുമ്പോൾ തെരുവുനായ ആക്രമിച്ചത്. മറ്റ് അഞ്ചു പേരെയും കൂടി അന്ന് തെരുവുനായ കടിച്ചു. വളരെ വേഗം തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകിയതാണ്. തലയ്ക്ക് കടിയേറ്റതാണ് വാക്സിൻ ഫലിക്കാതിരിക്കാൻ കാരണമെന്ന് മെഡിക്കൽ കോളെജ് അധികൃതർ അവകാശപ്പെടുന്നുണ്ട്.
പത്തനംതിട്ടയിൽ ഭാഗ്യലക്ഷ്മിയെ നായ കടിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. രാവിലെ സ്കൂളിലേക്കു പോകാൻ റോഡരികിൽ നിൽക്കുമ്പോൾ മറ്റൊരു വീട്ടിലെ വളർത്തുനായ കടിക്കുകയായിരുന്നു. ഭാഗ്യലക്ഷ്മിക്ക് കൃത്യമായ ഇടവേളകളിൽ അഞ്ചു ഡോസ് വാക്സിനും എടുത്തതാണ്. പക്ഷേ, പേവിഷബാധ തടയാനായില്ല. വളർത്തു നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ, അതു പലരും പാലിക്കുന്നില്ല. അതുകൊണ്ടു തന്നെ വളർത്തുനായ്ക്കളിൽ നിന്ന് പേവിഷബാധയേൽക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ട്. തെരുവു നായകൾ പെരുകാനുള്ള സാഹചര്യം ഒരുക്കുന്നതുപോലെ അപകടകരമാണ് വളർത്തു നായകൾക്ക് കുത്തിവയ്പ്പ് എടുക്കാതിരിക്കുന്നതും.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് നൂറിലേറെ പേർ പേവിഷ ബാധയേറ്റു മരിച്ചിട്ടുണ്ട്. ഇവരിൽ ഇരുപതിലേറെ പേർക്കും ജീവൻ നഷ്ടപ്പെട്ടത് വാക്സിൻ എടുത്ത ശേഷമാണെന്നത് സംഭവത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നതാണ്. വാക്സിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് പ്രതിപക്ഷം നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഗുണനിലവാരത്തിൽ ആരോഗ്യവകുപ്പിനു സംശയങ്ങളൊന്നുമില്ല. എന്തായാലും നായശല്യവും പേവിഷബാധയും അടിയന്തര പ്രാധാന്യത്തോടെ സർക്കാർ പരിഗണിക്കേണ്ട വിഷയങ്ങളാണ്. പേവിഷബാധയേറ്റുള്ള മരണം പൂര്ണമായി ഇല്ലാതാക്കാനുള്ള പ്രവര്ത്തനങ്ങളാണു സര്ക്കാര് നടത്തുന്നതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് അവകാശപ്പെടുകയുണ്ടായി. ഈ അവകാശവാദം പക്ഷേ വിശ്വസനീയമാവുന്നില്ല.