
ഡോക്റ്റർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ നാടിനു ചെയ്യുന്ന സംഭാവനകൾ എത്ര വലുതാണെന്ന് ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന, ജീവൻ നിലനിർത്താൻ വേണ്ടി പ്രയത്നിക്കുന്ന അവരെ ആദരവോടെ മാത്രമേ കാണാനാവൂ. ഡോക്റ്ററെ ദൈവതുല്യം കണക്കാക്കുന്ന എത്രയോ ആളുകൾ ഈ നാട്ടിലുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ നിന്നുള്ള തിരിച്ചുവരവിൽ നഴ്സുമാരുടെ പരിചരണം മറക്കാൻ കഴിയാത്ത എത്രയോ പേരുണ്ടാവും. ആശുപത്രികളും അവിടുത്തെ ജീവനക്കാരും ഏർപ്പെട്ടിരിക്കുന്ന സേവന മേഖലയുടെ മഹത്വം ജീവന്റെ മഹത്വവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നാൽ, അവരുടെ ജീവനു സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാതെ വരുന്നത് എത്ര നിന്ദ്യമായ അവസ്ഥയാണ്.
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർ തുടർച്ചയായി ആക്രമണങ്ങൾക്ക് ഇരകളാവേണ്ടിവരുന്നുവെന്നത് ആശങ്കപ്പെടുത്തേണ്ടതു തന്നെയാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി അടക്കം ബന്ധപ്പെട്ടവർ പറയുന്നുണ്ട്. എന്നാൽ, "കർശനം' എന്നതൊക്കെ പറച്ചിലിൽ മാത്രമാവുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്. അത്രയും കർശനമായി നേരിട്ടിട്ടാണോ ആക്രമണങ്ങൾ വർധിച്ചുവരുന്നത്. ഡോക്റ്റർമാർ തന്നെ പറയുന്നതനുസരിച്ചാണെങ്കിൽ സർക്കാർ അവകാശപ്പെടുന്നതു പോലുള്ള കർശന നടപടികളുണ്ടാവുന്നില്ല.
കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരുപ്പുകാരും ബന്ധുക്കളും ചേർന്ന് ഡോക്റ്ററെ മർദിച്ച കേസാണല്ലോ അവസാനത്തേത്. അക്രമികൾ ആശുപത്രിക്കു നാശനഷ്ടങ്ങളും വരുത്തി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഡോക്റ്ററെ മർദിച്ചതെന്നാണ് ഐഎംഎ നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ അത് കൂടുതൽ ഗൗരവമുള്ള വിഷയമാണ്. ആശുപത്രികളും അവിടുത്തെ ജീവനക്കാരും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ട പൊലീസിന് അതു കഴിഞ്ഞില്ല എന്നാണല്ലോ വ്യക്തമാകുക. രോഗിയുടെ ബന്ധുക്കളായ ചിലർക്കെതിരേ ഇപ്പോൾ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണങ്ങൾ ഉണ്ടായ ശേഷം കേസെടുക്കുന്നതിലും എത്രയോ നല്ലതാണ് തങ്ങളുടെ സാന്നിധ്യത്തിൽ ആക്രമണങ്ങൾ ഉണ്ടാവുന്നതു പൊലീസ് തടയുന്നത്. മാസത്തിൽ അഞ്ച് എന്ന കണക്കിൽ ആശുപത്രി ആക്രമണങ്ങൾ ഉണ്ടാവുന്നുണ്ടെന്നാണ് ഐഎംഎ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ തടയാൻ ആശുപത്രി സംരക്ഷണ നിയമം ശക്തിപ്പെടുത്തണമെന്ന ആവശ്യവും അവർ സർക്കാരിനു മുന്നിൽവയ്ക്കുന്നു. പലപ്പോഴും ആശുപത്രി സംരക്ഷണ നിയമം കുറ്റക്കാർക്കു മേൽ ചുമത്താൻ പോലും മടികാണിക്കാറുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള നിയമം നടപ്പാക്കാൻ തന്നെ ആരോഗ്യ പ്രവർത്തകർക്ക് സമരം ചെയ്യേണ്ടിവരുന്നുണ്ട്. ഡോക്റ്ററെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് ഡോക്റ്റർമാർ പണിമുടക്കുകയാണല്ലോ. സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനവും ആചരിക്കുന്നുണ്ട്.
ആരോഗ്യ പ്രവർത്തകർ സമരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാവുന്ന കാര്യമല്ല. എത്രയോ രോഗികളാണ് അതുമൂലം വലയുക. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു പറഞ്ഞാലും അതു മുഴുവൻ രോഗികൾക്കും ആശ്വാസം നൽകുന്നതല്ല. അതിനാൽ ആരോഗ്യ മേഖലയിലെ സമരങ്ങൾ ഒഴിവാകണം. അതേസമയം തന്നെയാണ് അവരെ സമരത്തിലേക്കു വലിച്ചിഴയ്ക്കുന്ന നടപടികൾ തടയുക എന്നതും പ്രസക്തമാവുന്നത്. ആക്രമണങ്ങൾ തുടർക്കഥയാവുമ്പോൾ ആരോഗ്യ പ്രവർത്തകർക്കു ജോലി ചെയ്യാനാവാത്ത സാഹചര്യമുണ്ടാവുമെന്ന വാദം തള്ളക്കളയേണ്ടതല്ല. ചികിത്സകൊണ്ട് രോഗി രക്ഷപെടാതെ വരുകയോ രോഗശമനത്തിനു കാലതാമസമുണ്ടാവുകയോ ഒക്കെ ചെയ്യുന്നത് ആശുപത്രിയെ ആക്രമിക്കാനുള്ള കാരണമായി വന്നുകഴിഞ്ഞാൽ ഇവിടെ എന്തു ധൈര്യത്തിലാണ് രോഗികളെ ചികിത്സിക്കുക. ആരോഗ്യ പ്രവർത്തകർക്ക് പാളിച്ചകൾ സംഭവിക്കുന്നതായി പരാതി ഉയരാം. ആശുപത്രികൾക്കു പരിമിതികളുണ്ടാവാം. അവഗണന, അശ്രദ്ധ ഒക്കെ ആരോപിക്കപ്പെടാം. അതായത് തൃപ്തികരമല്ലാത്ത സേവനം ലഭിക്കുന്ന അവസരങ്ങൾ ഉണ്ടാവുന്നില്ലെന്നു പറയാനാവില്ല. അതിനെ നിയമ സംവിധാനങ്ങളിലൂടെ നേരിടണം. അതല്ലാതെ ശാരീരികമായി നേരിടുകയല്ല വേണ്ടത്.
തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ജീവൻ സുരക്ഷിതമാക്കാൻ ആശുപത്രികൾക്കും ജീവനക്കാർക്കും കഴിയുന്നില്ലെന്നു വരുമ്പോഴാണ് പലപ്പോഴും ആക്രമണങ്ങൾ ഉണ്ടാവുന്നത്. അക്രമം വൈകാരിക പ്രതികരണമായി മാറുന്നു. പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമാണ് ഡോക്റ്റർ- രോഗി ബന്ധം. അത് ഇത്തരം സന്ദർഭങ്ങളിൽ ഉലയുകയാണ്. ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഒരു മണിക്കൂറിനകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരെ പിടികൂടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് മൂന്നു മാസം മുൻപാണ്. ആരോഗ്യ പ്രവർത്തകർക്കു നേരേയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിൽ അന്നു കടുത്ത ആശങ്കയും കോടതി പ്രകടിപ്പിക്കുകയുണ്ടായി. കോടതി ഉയർത്തുന്ന ആശങ്ക ഇപ്പോഴും അതുപോലെ നിലനിൽക്കുകയാണ്. വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾ അതാണല്ലോ കാണിക്കുന്നത്.