
തുരങ്ക പാതയ്ക്ക് തുടക്കമാവുമ്പോൾ
ദേശീയപാത 544ൽ തൃശൂർ- പാലക്കാട് ഭാഗത്ത് അതിവേഗ യാത്രയ്ക്ക് തടസമുണ്ടാക്കിയിരുന്ന ഇടുങ്ങിയ ചുരമായിരുന്നു കുതിരാനിലേത്. കുതിരാൻ കയറ്റം കടന്നുള്ള യാത്ര അനായാസമാക്കിയത് അവിടെ ഇരട്ടത്തുരങ്കം വന്നതോടെയാണ്. വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള ഈ തുരങ്കത്തിന് 970 മീറ്ററാണു നീളം. തുരങ്കങ്ങളിൽ ഓരോന്നിനും 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുണ്ട്. വീതിയുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് കുതിരാനിലേത്.
ഈ തുരങ്കം തുറന്നതിനു ശേഷം അത് എത്രമാത്രം സൗകര്യപ്രദമാണെന്ന് ആ വഴി യാത്രചെയ്യുന്ന ആയിരക്കണക്കിനു യാത്രക്കാർ ഓരോ ദിവസവും അറിയുന്നുണ്ട്. ഇപ്പോഴിതാ വലിയൊരു തുരങ്ക പാത തന്നെ നാം ആസൂത്രണം ചെയ്തു നടപ്പാക്കാൻ പോകുന്നു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടി വരെ എത്തുന്നതാണ് ഈ പാത. 8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്ററും ഇരട്ട ടണല്‍ ആയാണു വിഭാവനം ചെയ്തിരിക്കുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകത. മാസം 31ന് നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമാവുകയാണ്.
സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള ചരിത്രത്തിൽ പ്രത്യേകം എഴുതിച്ചേർക്കാവുന്നതാവും ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയെന്നു നിസംശയം പറയാം. പരിസ്ഥിതിയും സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതടക്കം എല്ലാ ആശങ്കകൾക്കും കൃത്യമായ പരിഹാരം കണ്ട ശേഷമാണു പദ്ധതി നടപ്പാക്കുന്നതെന്ന് സംസ്ഥാന സർക്കാർ ഉറപ്പിക്കുമെന്നു കരുതാം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി 60 ഉപാധികളോടെയാണ് തുരങ്ക പാതയ്ക്ക് അന്തിമ പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളത്.
സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതടക്കം ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതിലോല പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മല തുരക്കുമ്പോൾ സമീപ പ്രദേശങ്ങൾക്കുണ്ടാവുന്ന ആഘാതം പഠിക്കുന്നതടക്കം മുൻകരുതൽ വേണം. ജൈവവൈവിധ്യത്തിനു ദോഷമൊന്നും സംഭവിക്കാതെ തന്നെ വയനാട്ടിലേക്ക് വേഗത്തിലും എളുപ്പത്തിലും എത്താൻ തുരങ്ക പാത സഹായിക്കട്ടെ. തുരങ്ക പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്ന് 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താനാവും.
തുരങ്കപാത യാഥാർഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിനു ഗുണകരമാവുന്ന പദ്ധതി കൂടിയാണിത്. ടൂറിസം മേഖലയ്ക്കും തുരങ്ക പാത വലിയ സഹായമായി മാറും. ഏറെ ടൂറിസം സാധ്യതകളുള്ള ജില്ലയാണു വയനാട്. അവിടേക്കുള്ള യാത്ര എത്രമാത്രം എളുപ്പമാവുന്നോ അത്രയും നല്ലത്. കാർഷിക, വ്യാപാര മേഖലകൾക്കും സഹായകരമാണ് ഈ പാത. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന പാതയുടെ നിര്‍മാണച്ചെലവ് 2,134.5 കോടി രൂപയാണെന്നു സർക്കാർ വ്യക്തമാക്കുന്നുണ്ട്. കൊങ്കണ്‍ റെയ്‌ല്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണു പാതയുടെ നിർവഹണ ഏജന്‍സി.
കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്റ്ററോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുമുണ്ട്. നാലുവരി ഗതാഗതമാണു പദ്ധതിയിലുള്ളത്. ടണല്‍ വെന്‍റിലേഷന്‍, അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്ക പാതയിലുണ്ടാകും.
നിർമാണം തുടങ്ങി മൂന്നു വർഷത്തിനകം പാത പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു യാഥാർഥ്യമാവണമെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങാതെ നോക്കേണ്ടതുണ്ട്. എത്രയും വേഗം പണി പൂർത്തിയാവുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്നുള്ള സഹകരണം അനിവാര്യമാണ്. താമരശേരി ചുരത്തിനു ബദലായുള്ളതാണ് ഈ തുരങ്ക പാത. ചുരം വഴിയുള്ള യാത്രാദുരിതത്തിനു പുതിയ പാത അറുതി വരുത്തും. താമരശേരി ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടാവാറുണ്ട്. മണ്ണിടിച്ചിലും മറ്റും ഗതാഗതം തടസപ്പെടുത്താറുമുണ്ട്. ഈ ദിവസങ്ങളിലും ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. ഇതു ഗതാഗത തടസം സൃഷ്ടിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതു യാത്രക്കാരെ നന്നായി വലയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് വയനാട് യാത്രക്കാരെ മോചിപ്പിക്കുന്നതിനു തുരങ്ക പാത ഉപകരിക്കും.
മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷവും തുരങ്ക പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനെതിരേ ചില ഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതാണ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്തുന്നവരെക്കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിയുമെന്നു കരുതുക.