തല്ലിക്കൊല്ലാൻ എന്തധികാരം? | മുഖപ്രസംഗം

ആൾക്കൂട്ട മർദനങ്ങൾക്കു തുനിയുന്നവർക്കു കർശന ശിക്ഷ ഉറപ്പാക്കിയാലേ ഈ പ്രവണത ആവർത്തിക്കാതിരിക്കൂ.
തല്ലിക്കൊല്ലാൻ എന്തധികാരം? | മുഖപ്രസംഗം

കേരളത്തിൽ വീണ്ടും ഒരാൾക്കൂട്ട കൊലപാതകം നടന്നിരിക്കുന്നു. ജനക്കൂട്ടത്തിന്‍റെ കൈയൂക്കു കൊണ്ട് "നീതി' നടപ്പാക്കാനുള്ള ശ്രമം ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവനെടുത്തിരിക്കുകയാണ്. സാംസ്കാരിക- വിദ്യാഭ്യാസ രംഗങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ആൾക്കൂട്ട വിചാരണയും കൊലപാതകവും ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതു നിരാശാജനകമാണ്. ഏതെങ്കിലും തരത്തിൽ സംശയം തോന്നുന്ന ആളുകളെ എവിടെയെങ്കിലും കണ്ടെത്തിയാൽ അവർക്കു മേൽ തങ്ങളുടെ "വിളയാട്ടം' ആവാം എന്നു തോന്നുന്നത് എന്തുകൊണ്ടാണ്. പൊലീസും നിയമസംവിധാനങ്ങളും ഒന്നും പോരാ, ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം എന്ന തോന്നൽ വളർന്നുവരുന്നത് അപകടകരം തന്നെ. ആൾക്കൂട്ട മർദനങ്ങൾക്കു തുനിയുന്നവർക്കു കർശന ശിക്ഷ ഉറപ്പാക്കിയാലേ ഈ പ്രവണത ആവർത്തിക്കാതിരിക്കൂ.

നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നു പറഞ്ഞതുകൊണ്ടു മാത്രമായില്ല, കൈയിലെടുക്കുന്നവരെ തടയാനും കഴിയണം. പൂക്കോട് വെറ്ററിനറി കോളെജ് ക്യാംപസിൽ അവിടുത്തെ വിദ്യാർഥിയായിരുന്ന സിദ്ധാർഥനെ ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും വിധേയമാക്കിയ ഒരുപറ്റം വിദ്യാർഥികളുടെ കൊടുംക്രൂരത കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. മർദനമേറ്റ് അവശ നിലയിലായ സിദ്ധാർഥനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തങ്ങളുടെ മകനെ തല്ലിക്കൊന്നതാണെന്നു സിദ്ധാർഥന്‍റെ മാതാപിതാക്കൾ ആരോപിച്ചിട്ടുമുണ്ട്. ആൾക്കൂട്ടത്തിന്‍റെ മൃഗീയ വാസന ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെടാനിടയാക്കി എന്നതാണ് ഈ ക്യാംപസ് ക്രൂരതയുടെ അന്തിമ ഫലം.

അതിനു തൊട്ടുപിന്നാലെയാണ് മുതിർന്നവർ മറ്റൊരാൾക്കൂട്ട കൊലപാതകം നടത്തിയിരിക്കുന്നത്. മൂവാറ്റുപുഴ വാളകത്ത് അരുണാചൽ പ്രദേശ് സ്വദേശിയായ ഇരുപത്തിനാലുകാരൻ അശോക് ദാസിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പത്തു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇനിയും ചിലരെ പിടികൂടാനുണ്ടെന്നു പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൈയിൽ നിന്നു രക്തം ഒഴുകുന്ന നിലയിൽ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഓടിവന്ന ഇയാളെ നാട്ടുകാർ കെട്ടിയിട്ടു ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. സുഹൃത്തിന്‍റെ വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് അലമാരയുടെ ചില്ല് ഇടിച്ചുതകർത്തപ്പോഴാണ് കൈ മുറിഞ്ഞ് രക്തം ഒഴുകിയതത്രേ. അശോക് ദാസ് കുറ്റവാളിയാണെന്നു തോന്നിയാൽ അയാളെ പൊലീസിൽ ഏൽപ്പിക്കുക എന്നതല്ലാതെ കെട്ടിയിട്ടു മർദിച്ചു കൊലപ്പെടുത്താൻ ആളുകൾക്ക് എന്തവകാശമാണുള്ളത്. അക്രമിയെ കൈകാര്യം ചെയ്യാനുള്ള വ്യഗ്രതയിൽ അയാളും ഒരു മനുഷ്യനാണെന്നു മറന്നുപോകുകയാണോ?

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ജനക്കൂട്ടം മർദിച്ച് അവശരാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ സമീപവർഷങ്ങളിൽ പലതുണ്ടായിട്ടുണ്ട്. ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചി(36)യെ മലപ്പുറം കിഴിശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊന്നത് കഴിഞ്ഞ വർഷമാണ്. നാട്ടുകാരിൽ ഒരാളുടെ വീട്ടുപരിസരത്ത് രാത്രി വൈകി സംശയാസ്പദ സാഹചര്യത്തിൽ കണ്ട രാജേഷിനെ കൈകൾ പുറകോട്ടു കെട്ടി, മാവിൻ കമ്പുകളും പൈപ്പും വടിയും എല്ലാം ഉപയോഗിച്ച് രണ്ടു മണിക്കൂറോളം തുടർച്ചയായി മർദിക്കുകയായിരുന്നു. താൻ മോഷ്ടാവല്ലെന്ന് ഇയാൾ കരഞ്ഞു പറഞ്ഞിട്ടും ആൾക്കൂട്ടം മർദനം അവസാനിപ്പിച്ചില്ല. ഒടുവിൽ അനക്കമില്ലാതായപ്പോൾ ഇയാളെ വലിച്ചിഴച്ച് കുറച്ചകലെ റോഡിൽ കൊണ്ടുപോയിരുത്തി. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം അഞ്ചലിൽ ബംഗാളി തൊഴിലാളി മണിക് റോയിയെ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന കേസുണ്ടായത് അതിനു മുൻപാണ്. കോഴിയെ മോഷ്ടിച്ചതല്ലെന്ന് ഇയാൾ കരഞ്ഞുപറഞ്ഞിട്ടും അതു വിശ്വസിക്കാതെ അക്രമികൾ റോഡിലിട്ടു പൊതിരേ തല്ലുകയായിരുന്നു. തലയ്ക്കേറ്റ പ്രഹരമാണ് മണിക് റോയിയുടെ ജീവനെടുത്തത്. കോട്ടയത്ത് അസം സ്വദേശി കൈലാസ് ജ്യോതി ബെഹ്റയെ ജനക്കൂട്ടം പിടികൂടി കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തിയതും മോഷണക്കുറ്റം ആരോപിച്ചായിരുന്നു. നാട്ടുകാർ വെയിലത്ത് കെട്ടിയിട്ടിരുന്ന ഇയാൾ പരുക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാതെയാണ് രക്തം വാർന്നു മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ മാത്രമല്ല, മധു അടക്കം ഏതാനും പേരെയും ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത് മറക്കാനാവില്ല.

അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധുവിനെ കൈകൾ കൂട്ടിക്കെട്ടി നിർത്തിയാണു ജനക്കൂട്ടം അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ടു മർദിച്ച തുളസി എന്നു വിളിക്കുന്ന ചന്ദ്രൻ കൊല്ലപ്പെട്ടത് 2022 ജൂണിലാണ്. ആൾക്കൂട്ടം നിയമം കൈയിലെടുത്ത് മർദിച്ച് അവശരാക്കുകയും കൊല്ലുകയും ചെയ്യുന്ന പ്രവണത തടയേണ്ടതുണ്ട്. പൊലീസും നിയമവും ഒന്നും വേണ്ട, ഞങ്ങൾ കൈകാര്യം ചെയ്തോളാം എന്നു ആൾക്കൂട്ടങ്ങൾ തീരുമാനിച്ചാൽ എന്താവും ഈ നാട്ടിലെ ക്രമസമാധാനപാലനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com