മനുഷ്യ ജീവനെടുക്കുന്ന വന്യജീവി ആക്രമണങ്ങൾ | മുഖപ്രസംഗം

മലയോര മേഖലകളിൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള മനുഷ്യ- വന്യജീവി സംഘർഷമാണ് ഉള്ളതെന്നതിൽ യാതൊരു തർക്കത്തിനും അടിസ്ഥാനമില്ല
Wildlife attacks that take human lives
മനുഷ്യ ജീവനെടുക്കുന്ന വന്യജീവി ആക്രമണങ്ങൾ|മുഖപ്രസംഗംrepresentative image
Updated on

വന്യജീവി ആക്രമണം മൂലം ആളുകൾ മരിക്കുന്നതു കൂടിവരുന്നുവെന്ന ആക്ഷേപം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത് എല്ലാ കാലത്തും മലയോര ജനതയ്‌ക്കൊപ്പമാണു സർക്കാർ നിലകൊള്ളുന്നത് എന്നതാണ്. 2021–22ൽ വന്യജീവി ആക്രമണത്തിൽ 114 മരണമുണ്ടായപ്പോൾ തുടർന്നുള്ള വർഷങ്ങളിൽ അതു തൊണ്ണൂറ്റെട്ടും തൊണ്ണൂറ്റഞ്ചുമായി കുറഞ്ഞു എന്നത്രേ മന്ത്രിയുടെ കണക്ക്. എന്നാൽ 2019-20ൽ 92 പേരും 2020-21ൽ 88 പേരും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നൊരു കണക്കുകൂടിയുണ്ട്. അതായത് ഒരു വർഷം നൂറു കടന്ന മരണസംഖ്യ പിന്നീടും അതിനു മുൻപും അതിനടുത്തു നിൽക്കുന്നു എന്നതാണ്. സമീപ വർഷങ്ങളിലെ മൊത്തത്തിലുള്ള കണക്കെടുത്താൽ വലിയ ആശങ്കയുണ്ടാക്കുന്നതാണു മരണസംഖ്യ. വന്യജീവികൾ ആളെ കൊല്ലുന്നതു മാത്രമല്ല കണക്കിലെടുക്കേണ്ടതും. ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർ നിരവധിയുണ്ട്. വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കന്നുകാലികളെ കൊല്ലുന്നുണ്ട്. പലയിടത്തും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്. ഇതൊന്നും ചെറുതായി കാണാനാവില്ല.

മലയോര മേഖലകളിൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള മനുഷ്യ- വന്യജീവി സംഘർഷമാണ് ഉള്ളതെന്നതിൽ യാതൊരു തർക്കത്തിനും അടിസ്ഥാനമില്ല. വന്യജീവികളുടെ ആക്രമണത്തിനെതിരേ ഈ മേഖലകളിലെല്ലാം ശക്തമായ ജനവികാരവുമുണ്ട്. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ സമഗ്രമായ സമീപനം വനം വകുപ്പ്‌ സ്വീകരിച്ചു എന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്‍റെയൊന്നും ഫലം കാണാനില്ല. സംസ്ഥാനത്തെ വനമേഖലയെ 12 ഹോട്ട്‌ സ്‌പോട്ടുകളായി തിരിച്ച്‌ അവിടെ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിച്ചുവെന്നു മന്ത്രി പറയുന്നുണ്ട്. ഈ പദ്ധതികളൊക്കെ എത്രമാത്രം നടപ്പാവുന്നുണ്ടെന്നു സർക്കാർ പരിശോധിക്കേണ്ടിയിരിക്കുന്നു. വനാതിർത്തിയിലെ ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല സമീപത്തുള്ള നഗരങ്ങളിലും ഇന്നു വന്യജീവികൾ ഇറങ്ങുന്നുണ്ട്. കാട്ടാനയും പുലിയും കടുവയും കാട്ടുപോത്തും കാട്ടുപന്നിയും ജനവാസ മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കൃഷിയും മറ്റും നശിപ്പിക്കുകയാണ്. നിരന്തരം പരാതിപ്പെട്ടിട്ടും ഇവയെ തടയാനുള്ള വനം വകുപ്പിന്‍റെ പ്രവർത്തനങ്ങൾ പലയിടത്തും മന്ദഗതിയിലാണു നടക്കുന്നത്. ചിലയിടങ്ങളിൽ നടപ്പാക്കും എന്നു പറയുന്നതല്ലാതെ ഒന്നും നടപ്പാവുന്നുമില്ല. ഇതു സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ സമീപകാലങ്ങളിൽ വാർത്താമാധ്യങ്ങളിൽ വരുന്നുണ്ട്.

എപ്പോൾ വേണമെങ്കിലും കാട്ടുമൃഗങ്ങൾ ആക്രമിക്കാമെന്ന സ്ഥിതിയാണു നിരവധി പ്രദേശങ്ങളിലുള്ളത്. പകൽ സമയത്തുപോലും പേടിക്കണം. ഏതാനും ദിവസം മുൻപ് സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ അവകാശപ്പെട്ടതും മനുഷ്യ- വന്യജീവി സംഘർഷം കുറയാൻ തുടങ്ങിയെന്നാണ്. വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾ മരിച്ചുവീഴുമ്പോഴും സർക്കാർ തെറ്റായ അവകാശവാദം ഉന്നയിക്കുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്തായാലും ഫലപ്രദമായ നടപടിയെടുക്കുന്നുവെന്ന് സർക്കാർ അവകാശപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പിക്കുരു പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോയ സ്ത്രീയുടെ മൃതദേഹം പാതിഭക്ഷിച്ച നിലയിലാണു പിന്നീടു കണ്ടെത്തിയത്. ഇവിടെ വനത്തോടു ചേർന്ന പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന പരാതിയും ഈ പ്രദേശത്തുകാർ ഉയർത്തുന്നു.

വയനാട്ടിൽ മാത്രം ഒരു മാസത്തിനിടെ ആറു പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുൽപ്പള്ളി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയെ ദിവസങ്ങൾ നീണ്ട തെരച്ചിലിനു ശേഷം പിടികൂടിയത് ഏതാനും ദിവസം മുൻപാണ്. പുൽപ്പള്ളി മേഖലയിലെ ഭീതി ഒഴിഞ്ഞപ്പോഴേക്കും മാനന്തവാടി മേഖലയിലായി ആശങ്ക. മലപ്പുറത്ത് മൂന്നു പേർ വന്യമൃഗങ്ങളുടെ ആക്രമ‍ണത്തിൽ കൊല്ലപ്പെട്ടതും സമീപനാളുകളിലാണ്. കഴിഞ്ഞ ദിവസം മലപ്പുറം ഊർങ്ങാട്ടിരിയിൽ കർഷകർ താമസിക്കുന്ന മേഖലയിലെത്തിയ കാട്ടാന കിണറ്റിൽ വീണതിനെത്തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണു രക്ഷിക്കാനായത്. ഇടുക്കിയിൽ ഇതുവരെയില്ലാത്ത തരത്തിലുള്ള കാട്ടാന ഭീതിയാണു സമീപകാലത്ത്. ജനവാസ മേഖലകളിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ജില്ലയിൽ ഒരു വർഷത്തിനിടെ ഏഴു പേർ കാട്ടാനയാക്രണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവകാശവാദങ്ങൾക്കപ്പുറം വനം വകുപ്പും സർക്കാരും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വന്യമൃഗശല്യം നേരിടുന്നതിന് മുന്തിയ പരിഗണന ലഭിക്കേണ്ടതുണ്ട്. വനം വകുപ്പിന്‍റെ പരിമിതികൾ പറഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് യാതൊരു ഫലവുമില്ല. മനുഷ്യജീവന് സംരക്ഷണം ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് ഓരോ പ്രദേശത്തും ഏർപ്പെടുത്താവുന്നതെന്നു കണ്ടെത്തി എത്രയും പെട്ടെന്നു നടപടിയെടുക്കാൻ തയാറാവണം.

.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com