വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അടിയന്ത​ര പ്രാധാന്യം

വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണമെന്ന ആവശ്യം കേരളം പലവട്ടം ഉയർത്തിയതാണ്
Wildlife Protection Amendment Bill is of fundamental importance

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അടിയന്ത​ര പ്രാധാന്യം

Updated on

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഒക്റ്റോബർ 10 വരെ നീളുന്ന സമ്മേളനം പ്രധാനമായും നിയമ നിർമാണം ലക്ഷ്യമാക്കിയാണ്. ​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തി എന്നതിനാൽ തന്നെ രാഷ്ട്രീയമായി ഈ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രതിപക്ഷത്തിനും ഭര‍ണപക്ഷത്തിനും ഉന്നയിക്കാൻ പല രാഷ്ട്രീയ വിഷയങ്ങളും സജീവമായുണ്ട്. രാഷ്ട്രീയം ചൂടുപിടിക്കുമ്പോഴും ജനതാത്പര്യം കണക്കിലെടുത്തുള്ള നിയമ നിർമാണത്തിന്‍റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ജനപ്രതിനിധികൾക്കുണ്ടാവേണ്ടതാണ്. ബില്ലുകൾ വിശദമായി പഠിക്കാനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ഏറ്റവും ഫലപ്രദമായ രീതിയിൽ നിയമനിർമാണം ഉറപ്പാക്കാനും അംഗങ്ങൾക്കു കഴിയുമ്പോഴാണ് സഭാ സമ്മേളനങ്ങളുടെ മൂല്യം വർധിക്കുന്നത്.

ആക്രമണകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ അധികാരം നല്‍കുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണു കരുതുന്നത്. ഇതു സംബന്ധിച്ച ക​ര​ടു ബി​ല്ലി​നു കഴിഞ്ഞ ദിവസം മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്ന ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നതാണ് ഇങ്ങനെയൊരു നിയമനിർമാണം. വന്യമൃഗങ്ങളുടെ ആക്രമണം സമീപകാലത്തായി വലിയ തോതിൽ വർധിച്ചിട്ടുണ്ട്. വനങ്ങളിൽ നിന്ന് വളരെ അകലെയുള്ള നഗരങ്ങളിലേക്കു വരെ വന്യമൃഗങ്ങൾ എത്തുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങളെ ഭയന്നു ജീവിക്കേണ്ട അവസ്ഥ പല മേഖലകളിലുമുണ്ട്. വന്യമൃഗങ്ങൾ നിരവധിയാളുകളുടെ ജീവനെടുത്തിട്ടുണ്ട്. ഈ ഭീഷണി ഒഴിവാക്കുന്നതിനു കർശനമായ നിയമനിർമാണം വേണമെന്ന ആവശ്യം ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോരങ്ങളിലടക്കം പ്രതിഷേധവും ശക്തമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ ഇപ്പോഴെങ്കിലും ഈ വിഷയത്തിൽ സർക്കാർ താത്പര്യമെടുക്കുന്നുവെങ്കിൽ അത് ആശ്വാസകരമാണ്.

കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട ഒരു വിഷയമാണിത് എന്നതിനാൽ സംസ്ഥാന നിയമസഭ പാസാക്കിയാലും ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ബില്ലിന്മേൽ കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം രാഷ്ട്രപതി തേടും. ജനങ്ങൾ നേരിടുന്ന ഗുരുതരമായ ഒരു വിഷയം എന്ന നിലയിൽ വന്യമൃഗ ശല്യത്തെ കണ്ട് ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാരും തയാറാവുമെന്നു പ്രതീക്ഷിക്കുക. ജനങ്ങളെക്കാൾ പ്രാധാന്യം ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ വന്യമൃഗങ്ങൾക്കു നൽകരുത്. കണ്ണിൽ കാണുന്ന വന്യമൃഗങ്ങളെയെല്ലാം കൊന്നുകളയണമെന്നു പറയുന്നില്ല. അതേസമയം, മനുഷ്യരെ ആക്രമിച്ചാലും ജീവനെടുത്താലും അവയെ സംരക്ഷിക്കുന്ന നിലപാട് മനുഷ്യ ജീവനു വിലയില്ലാത്തതിനു തുല്യമാണ്. നിലവിലുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ വന്യമൃഗശല്യം നേരിടുന്നതിനു ഫലപ്രദമല്ലെന്നു പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണമെന്ന ആവശ്യം കേരളം പലവട്ടം ഉയർത്തിയതാണ്. ഇതുമായി ബന്ധപ്പെട്ടു പല നിർദേശങ്ങളും സംസ്ഥാനം മുന്നോട്ടു വച്ചിരുന്നു. കേന്ദ്രം ഇക്കാര്യത്തിൽ ഫലപ്രദമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നു സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു കേരളം വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കൊണ്ടുവരുന്നത്. വന്യമൃഗശല്യം നേരിടുന്നതിനു കേന്ദ്ര നിയമപ്രകാരം വേണ്ടിവരുന്ന കാലതാമസം ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ കേരളത്തിന്‍റെ ബിൽ സഹായിക്കുമെന്നാണു വനം മന്ത്രി എ.കെ. ശശീന്ദ്രൻ അവകാശപ്പെടുന്നത്. ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗം ഒ​രാ​ളെ​യെ​ങ്കി​ലും ആക്രമിച്ചു പരുക്കേല്‍പ്പിച്ചാല്‍ അതിനെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണു സംസ്ഥാനം മുന്നോ​ട്ടുവയ്ക്കുന്നത്.

വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരുക്കു പറ്റിയെന്ന് ജില്ലാ കലക്റ്ററോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിനു മറ്റു നടപടിക്രമങ്ങള്‍ക്കു വേണ്ടി സമയം പാഴാക്കാതെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉള്‍പ്പെടെ​ നടപടി സ്വീകരിക്കാം എന്നാണു കരടു ബില്ലിൽ പറയുന്നത്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്കു വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാവുന്നതാണ്. അതിന്‍റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു സംസ്ഥാനം പല തവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ നിവേദനങ്ങള്‍ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും ഉന്നയിച്ച ഈ ആവശ്യത്തോടു കേന്ദ്രം ഇതുവരെ അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. മനുഷ്യജീവനു പോലും അപകടകരമായ വിധത്തിൽ കാട്ടുപന്നികളുടെ സാന്നിധ്യം കേരളത്തിൽ വ്യാപകമായുണ്ട്. കാർഷിക മേഖലയ്ക്കു വലിയ നഷ്ടമാണ് ഇവ വരുത്തിവയ്ക്കുന്നത്. നാട്ടിലിറങ്ങുന്ന മറ്റു വന്യമൃഗങ്ങൾ വരുത്തിവയ്ക്കുന്ന നഷ്ടങ്ങളും വളരെയേറെയാണ്. എന്തായാലും രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ നിയമ ഭേദഗതി കൊണ്ടുവരുന്നത്. ജനങ്ങൾ ഈ നീക്കത്തെ സ്വാഗതം ചെയ്യുമെന്നുറപ്പാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com