

തുല്യതയുടെ പെൺവസന്തം
ബാറ്റ്സ്മാൻ - ബാറ്റ്സ്‌വുമൺ വേർതിരിവുകൾ ഒഴിവാക്കി, എല്ലാവരെയും ബാറ്റർ എന്നു വിളിക്കുന്നത് ക്രിക്കറ്റ് ലോകത്തെ സ്ത്രീ- പുരുഷ സമത്വത്തിന്‍റെ പ്രതീകം മാത്രമായിരുന്നു, തുടക്കത്തിൽ. എന്നാൽ, വനിതകളുടെ ടീമിനെ "വിമെൻസ് ടീം' എന്നും പുരുഷൻമാരുടെ ടീമിനെ വെറും "ടീം' എന്നും വിളിച്ചിരുന്ന കാലം ഇപ്പോൾ അസ്തമിക്കുകയാണ്. പുരുഷ ടീമിനെ "മെൻസ് ടീം' എന്നു തന്നെ വിളിച്ചില്ലെങ്കിൽ ഇനി സംശയം തോന്നാം, ശുഭ്‌മൻ ഗില്ലിന്‍റെ ടീമോ ഹർമൻപ്രീത് കൗറിന്‍റെ ടീമോ എന്ന്; ശർമയെന്നു പറയുമ്പോൾ ദീപ്തിയോ രോഹിത്തോ എന്നു തിരിച്ചു ചോദിക്കാം; ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്നു പറഞ്ഞാൽ ഋഷഭ് പന്തോ റിച്ച ഘോഷോ എന്നു മറുചോദ്യമുയരാം.
തുല്യത ആരുടെയും ഔദാര്യമല്ല, അതൊരവകാശമാണ്. പക്ഷേ, അവസര സമത്വം ഉറപ്പാക്കുമ്പോൾ മാത്രമാണ് ആ അവകാശം സ്ഥാപിക്കപ്പെടുക. അതു തന്നെയാണ് ഈ ലോക കപ്പ് നേട്ടത്തിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തെളിയിക്കുന്നതും.
2005ലും 2017ലും മിഥാലി രാജ് നയിച്ച ടീം ഫൈനലിൽ യഥാക്രമം ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും മുന്നിൽ കീഴടങ്ങി; ഇക്കുറി ദക്ഷിണാഫ്രിക്കയെ കീഴടക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പൂത്തുലഞ്ഞതൊരു പെൺവസന്തമാണ്. ഒന്നല്ല, ഒരുപാട് തലമുറകളെ പ്രചോദിപ്പിക്കാനുള്ള മിഴിവുണ്ടതിന്. താമസിക്കാൻ ഡോർമിറ്ററികളും പരിശീലനത്തിന് പൊലീസ് ഗ്രൗണ്ടും എതിരാളികളായി ആൺകുട്ടികളുടെ അണ്ടർ-16 ടീമിനെയും മാത്രം കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്. ഒരു ടൂർണമെന്‍റ് മുഴുവൻ കളിച്ചാലും മാച്ച് ഫീസായി ഒരു ലക്ഷം രൂപയും ദിവസ ബത്തയായി 1,500 രൂപയും മാത്രം കിട്ടിയിരുന്ന കാലം. ഇന്നവർക്ക് പുരുഷ ടീമിനു തുല്യമായ മാച്ച് ഫീസ് കിട്ടുന്നു; ലോക ചാംപ്യൻമാർക്ക് ഐസിസി കൊടുത്തതിനെക്കാൾ 10 കോടി രൂപ കൂടുതൽ ബിസിസിഐ കൊടുക്കുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കിയാൽ, അർഹിക്കുന്ന അംഗീകാരങ്ങൾ നൽകിയാൽ, 140 കോടി ജനതയിൽ നിന്ന് ഇനിയുമൊരുപാട് പെൺ ചാംപ്യൻമാർ എല്ലാ മേഖലകളിലും വളർന്നു വരുമെന്നതിനു ജീവിക്കുന്ന തെളിവാണ് ഈ ക്രിക്കറ്റ് ടീം.
ഇതിന്‍റെ ക്രെഡിറ്റ് ക്രിക്കറ്റ് താരങ്ങൾക്കു മാത്രം അവകാശപ്പെട്ടതല്ല; ക്രിക്കറ്റ് ഭരണത്തിലിരിക്കുന്നവരുടെ ദീർഘവീക്ഷണവും സംഘാടന പാടവവും കൂടിയുണ്ട് വിപ്ലവാത്മകമായ ഈ മാറ്റത്തിനു പിന്നിൽ. ഇന്ത്യൻ ഫുട്ബോൾ ടീമുമായി ഇന്ത്യയിൽ കളിക്കാൻ അർജന്‍റീന താത്പര്യമറിയിച്ചപ്പോൾ നിരാകരിച്ച ദേശീയ ഫുട്ബോൾ ഫെഡറേഷനാണ് ഇവിടെയുള്ളത്. മറുവശത്ത്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഡേറ്റിനു വേണ്ടി ലോക ക്രിക്കറ്റിലെ വമ്പൻ രാജ്യങ്ങൾ കാത്തുകെട്ടിക്കിടക്കുന്നു. കായിക ഭരണത്തിലെ സമീപനങ്ങളുടെ വ്യത്യാസങ്ങൾ ഏറ്റവും എളുപ്പത്തിൽ ഉദാഹരിക്കാൻ ഈ രണ്ടു സംഘടനകളെ താരതമ്യം ചെയ്താൽ മതി.
ഒരു കാലത്ത് ലോക കപ്പ് യോഗ്യത പോലും നേടിയ, ഒളിംപിക്സിൽ കളിച്ച, ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഏഷ്യയിൽ പോലും ഒരു വൻശക്തിയല്ല. മറുവശത്ത്, 1983നു മുൻപ് താരമൂല്യമൊന്നും ഇല്ലാതിരുന്ന ഒരു ക്രിക്കറ്റ് ടീമിലെ ഇന്നത്തെ അംഗങ്ങൾ ബോളിവുഡ് താരങ്ങളെക്കാൾ തിളങ്ങിനിൽക്കുന്നു. ബിസിസിഐ ഇന്ന് ലോകത്തെ ഏറ്റവും പ്രബലമായ കായിക സംഘടനകളിലൊന്നാണ്. അതിനു കാരണം പണക്കൊഴുപ്പാണെന്നു പറയാം. പക്ഷേ, ആ പണക്കൊഴുപ്പ് ഗെയിമിന്‍റെ വളർച്ചയിലൂടെ മാത്രം ഉണ്ടാക്കിയെടുത്തതാണ്.
12 വർഷം മുൻപാണ് ഇന്ത്യ ഇതിനു മുൻപ് ഒരു വനിതാ ലോക കപ്പിന് ആതിഥ്യം വഹിക്കുന്നത്. അന്ന് ഗ്യാലറികളിൽ കുറച്ചെങ്കിലും ആളനക്കമുണ്ടാകാൻ അടുത്തുള്ള ഏതെങ്കിലും സ്കൂളുകളിൽ നിന്ന് യൂണിഫോമിട്ട കുട്ടികളെ കൊണ്ടുവന്ന് വെയിലത്തിരുന്നതു പതിവായിരുന്നു. പക്ഷേ, ഇത്തവണ മഴ കാരണം ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ വൈകിയിട്ടും, നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയിൽ 45,000 പേർ തിങ്ങിനിറഞ്ഞിരുന്നു. ഒന്നര ലക്ഷം രൂപയ്ക്കു മുകളിൽ വിലയിട്ടിരുന്ന ഓൺലൈൻ ടിക്കറ്റുകൾ പോലും ക്ഷണനേരത്തിൽ വിറ്റുതീർന്നു. 12 കോടി ആളുകൾ ടെലിവിഷനിലും 30 കോടി പേർ ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും കളി കണ്ടു. ലോക കപ്പ് ട്രോഫി ഏറ്റുവാങ്ങാൻ ഭാംഗ്ര നൃത്തച്ചുവടുകളുമായി വേദിയിലേക്കു കയറിയ ഹർമൻപ്രീത് കൗർ സമപ്രായക്കാരനായ ഐസിസി പ്രസിഡന്‍റ് ജയ് ഷായുടെ കാൽ തൊട്ടു വന്ദിക്കാൻ തുനിഞ്ഞത് പ്രായത്തെ ബഹുമാനിച്ചാവില്ല, ഭരണ കർത്താവ് എന്ന നിലയിൽ വനിതാ ക്രിക്കറ്റിനു നൽകിയ അതുല്യ സംഭാവനകളോടുള്ള ആദരമായിരുന്നിരിക്കണം അത്.
വനിതാ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോട് തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയിരുന്നു ഇന്ത്യൻ ടീം. ആ സമയത്തു പോലും ടീമിന്‍റെ ഡ്രസിങ് റൂം ശാന്തമായിരുന്നു. ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിനു മുൻപ് ടീമംഗങ്ങൾക്കായി കോച്ച് അമോൽ മജുംദാർ വൈറ്റ് ബോർഡിൽ എഴുതിയിട്ട സന്ദേശം അത്രയും ലളിതമായിരുന്നു: "അവരെക്കാൾ ഒരു റൺ കൂടുതലെടുത്താൽ മതി, നമുക്ക് ഫൈനലിലെത്താൻ''. ഓസ്ട്രേലിയൻ റൺ മല കീഴടക്കി ഫൈനലിലെത്തിയ ഇന്ത്യൻ ടീം അവിടെ ദക്ഷിണാഫ്രിക്കയെ ആധികാരികമായി പരാജയപ്പെടുത്തി ലോകകപ്പും സ്വന്തമാക്കി. തോൽവികളിൽ പതറാതെ കൂടുതൽ കരുത്തരായി തിരിച്ചുവരാനുള്ള ശേഷി അവർ ക്രിക്കറ്റ് ലോകത്തിനു മുന്നിൽ തെളിയിക്കുക തന്നെ ചെയ്തു.
ഷഫാലി വർമയെപ്പോലൊരു എക്സ് ഫാക്റ്റർ ക്രിക്കറ്റർക്കു പോലും ഇടമുറപ്പില്ലാത്ത വിധം പ്രതിഭാ സമൃദ്ധമാണ് ഇന്നത്തെ ഇന്ത്യൻ വനിതാ ടീം. ഏജ് ഗ്രൂപ്പ് ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റും മുതൽ ഡബ്ല്യുപിഎൽ വരെയുള്ള ടൂർണമെന്‍റുകളിലൂടെ ക്രിക്കറ്റ് ഭരണാധികാരികൾ ഖനനം ചെയ്തെടുത്ത തലമുറയാണ് രാജ്യത്തിനു വേണ്ടി കളിക്കാൻ തയാറെടുക്കുന്നത്. ലോക ജേതാക്കളായില്ലെങ്കിലും, മിന്നു മണിയും സജന സജീവനും ആശ ശോഭനയുമൊക്കെ ഇതിനകം ഇന്ത്യൻ ജെഴ്സിയണിഞ്ഞു കഴിഞ്ഞു; അതിൽ മലയാളികൾക്കും അഭിമാനിക്കാം.
രാജ്യമെമ്പാടുമുള്ള അസംഖ്യം പെൺകുട്ടികളെ ബാറ്റും പന്തും കൈയിലെടുക്കാൻ പ്രചോദിപ്പിക്കുന്നതാണ് ഈ വിജയം എന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എക്സിൽ കുറിച്ചത്. 1983ലെ പുരുഷ ടീമിന്‍റെ കന്നി ലോകകപ്പ് വിജയം ഒരു തലമുറയെയാകെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ചതിനോട് അദ്ദേഹം ഇതിനെ ഉപമിക്കുന്നു. മിഥാലി രാജും ഝുലൻ ഗോസ്വാമിയും ഒക്കെ ഉൾപ്പെട്ട, ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ "ഒറിജിനൽ ഗ്യാങ്സ്റ്റേഴ്സിന് ' നേടാൻ സാധിക്കാത്തതാണ് ഹർമൻപ്രീത് കൗർ എന്ന പരിചയസമ്പന്നയായ നായികയുടെ കീഴിൽ ഇന്ത്യൻ യുവനിര ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 15 അംഗ ടീമിൽ 10 പേരും മുൻപ് ലോക കപ്പ് കളിച്ചിട്ടില്ലാത്തവർ. അതിൽ തന്നെ പലരും ഈ വർഷം മാത്രം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചവർ. എന്നിട്ടും ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും ന്യൂസിലൻഡിന്‍റെയുമൊന്നും വന്യമായ കരുത്തിനു മുന്നിൽ പതറാതെ അവർ ലോക ക്രിക്കറ്റിന്‍റെ നെറുകയിൽ രാജ്യത്തിന്‍റെ മൂവർണക്കൊടി പാറിച്ചു; ഇന്ത്യക്ക് അഭിമാനത്തിന്‍റെ പെൺതിളക്കങ്ങളായി.