
പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭ ചേർന്ന ആദ്യ ദിവസം തന്നെ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ ചരിത്ര ദിനത്തെ കൂടുതൽ തിളക്കമുള്ളതാക്കിയിരിക്കുകയാണ്. പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബിൽ നയരൂപവത്കരണത്തിൽ സ്ത്രീകൾക്കു മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ളതാവുകയാണ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ പ്രാതിനിധ്യം 33 ശതമാനമായി മാറുന്നത് സ്ത്രീ ശാക്തീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നതിൽ സംശയമില്ല. കേന്ദ്ര നിയമ മന്ത്രി അർജുൻ രാം മേഘ്വാൾ സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ പ്രകാരം മണ്ഡല പുനർനിർണയത്തിനു ശേഷമാണ് വനിതാ സംവരണം നടപ്പാവുക. അതിനു സമയം വേണ്ടിവരുമെന്നതിനാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ സംവരണം പ്രാബല്യത്തിലുണ്ടാവില്ല. അപ്പോഴും പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വനിതകൾക്കു മത്സരിക്കാനുള്ള അവസരം നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയാറാവുമെന്നു തന്നെയാണു കരുതേണ്ടത്. എത്രയും വേഗം വനിതാ സംവരണം പ്രായോഗികമാക്കാനുള്ള നടപടികൾ തുടർന്നു വരുന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമായിരിക്കും.
ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷത്തുള്ള വിവിധ രാഷ്ട്രീയ കക്ഷികളും വനിതാ സംവരണത്തിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അതിനാൽ ബിൽ അനായാസം പാസാകേണ്ടതാണ്. ഇരു സഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ ബില്ലിനു കഴിയുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. രണ്ടര പതിറ്റാണ്ടിലേറെക്കാലത്തെ പരിശ്രമങ്ങൾക്കു ശേഷമാണ് നിയമ നിർമാണ സഭകളിൽ മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കു നീക്കിവയ്ക്കാനുള്ള നിയമ നിർമാണം യാഥാർഥ്യത്തിന് അടുത്തെത്തിയിരിക്കുന്നത്. സ്ത്രീകളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്താൻ ജനപ്രതിനിധികളിൽ അവരുടെ പ്രാതിനിധ്യം കൂട്ടണമെന്നു ദശകങ്ങൾ മുൻപു തന്നെ വിദഗ്ധാഭിപ്രായം ഉയർന്നതാണ്. അതു നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വ്യക്തമായ തീരുമാനമില്ലാതെ നീണ്ടുപോയി.
വനിതാ സംവരണത്തിന്റെ ആദ്യ പടിയായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സീറ്റ് അവർക്കു മാറ്റിവയ്ക്കുന്നത്. ഇതിനുള്ള ബിൽ ആദ്യമായി അവതരിപ്പിക്കുന്നത് എൺപതുകളുടെ അവസാനം രാജീവ് ഗാന്ധി സർക്കാരാണ്. അതു ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നില്ല. 1992-93ൽ നരസിംഹ റാവു സർക്കാർ ഇതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയെടുത്തു. താഴെത്തട്ടിലെ അധികാര വിനിയോഗത്തിൽ സ്ത്രീകൾക്കു ലഭിച്ച ഉയർന്ന പങ്കാളിത്തം വിപ്ലവകരമായ മാറ്റമായിരുന്നു. ഇന്ന് ലക്ഷക്കണക്കിനു സ്ത്രീകളാണ് പഞ്ചായത്തുരാജ് സംവിധാനത്തിൽ അധികാരത്തിലിരിക്കുന്നത്. വനിതകളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇതു ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് പാർലമെന്റിലും നിയമസഭകളിലും മൂന്നിലൊന്നു സംവരണത്തിനുള്ള പരിശ്രമങ്ങൾ ഊർജിതമാവുന്നത്.1996ൽ ആദ്യമായി വനിതാ സംവരണ ബിൽ അവതരിപ്പിക്കപ്പെട്ടു. ദേവഗൗഡ സർക്കാർ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിടുകയായിരുന്നു. 1998ൽ വാജ്പേയി സർക്കാർ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചെങ്കിലും അന്നും വിവിധ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടായില്ല. പിന്നീടു വന്ന മൻമോഹൻ സിങ്ങിന്റെ യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ വനിതാ സംവരണം ഇടം പിടിച്ചിരുന്നു. 2010ൽ ബിൽ രാജ്യസഭ പാസാക്കുകയും ചെയ്തു. സമാജ് വാദി പാർട്ടിയും ആർജെഡിയും എതിർത്ത ബിൽ പക്ഷേ, നിയമമാവുന്നതിലേക്ക് എത്തിയില്ല. ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നു.
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ സ്പോർട്സ് മുതൽ സ്റ്റാർട്ടപ്പുകൾ വരെ വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവന വലിയ തോതിലുണ്ട്. അതു വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ നിയമ നിർമാണ സഭകളിലെ പങ്കാളിത്തം കുതിച്ചുയരുന്നതോടെ അവസരമാവുകയാണ്. ഇപ്പോൾ ലോക്സഭാംഗങ്ങളുടെ 15 ശതമാനത്തിനടുത്താണു വനിതകളുള്ളത്. പല നിയമസഭകളിലും സ്ത്രീകൾ പത്തു ശതമാനത്തിൽ താഴെയാണ്. കേരളത്തിൽ പോലും പത്തു ശതമാനത്തിൽ താഴെയാണു വനിതാ പ്രാതിനിധ്യം. ലോക്സഭയിൽ ഇപ്പോൾ 82 വനിതകൾ മാത്രമാണുള്ളത്. ഇപ്പോഴത്തെ നിലയിൽ സംവരണം അനുവദിച്ചാൽ വനിതാ എംപിമാർ 181 ആയി ഉയരുമെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കുകയുണ്ടായി. സ്ത്രീശാക്തീകരണത്തിലെ സുപ്രധാന ചുവട് ഫലപ്രദമാവും എന്നു തന്നെ കരുതാം.