ഡിജിറ്റൽ അറസ്റ്റുകളും
സിബിഐ അന്വേഷണവും
symbolic
ഡിജിറ്റൽ അറസ്റ്റുകളും സിബിഐ അന്വേഷണവും
ഡിജിറ്റൽ യുഗത്തിലാണു നാം ജീവിക്കുന്നത്. കംപ്യൂട്ടറും ലാപ്ടോപ്പും മൊബൈൽ ഫോണും ഇന്റർനെറ്റും ഇതെല്ലാമായി ബന്ധപ്പെട്ടുള്ള ആധുനിക സാങ്കേതിക വിദ്യകളും ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇന്നു ചിന്തിക്കാനേ കഴിയില്ല. ജീവിതത്തിന്റെ നാനാതലങ്ങളിലും ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പിടിമുറുക്കിയിരിക്കുന്നു. അഥവാ ദൈനംദിന ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വ്യാപനം പുതിയൊരു ലോകം തന്നെയാണു തുറന്നുവച്ചിരിക്കുന്നത്. എന്നു മാത്രമല്ല കൂടുതൽ അതിശയകരമായ മാറ്റങ്ങൾക്കു ഡിജിറ്റൽ മേഖല വിധേയമായിക്കൊണ്ടിരിക്കുകയുമാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങും ഡിജിറ്റൽ ട്രാൻസാക്ഷനുമൊക്കെ ഇന്നു നമുക്കു സുപരിചിതമാണ്. ഓരോ സാധാരണക്കാരനും ഡിജിറ്റൽ മേഖലയിലെ നേട്ടങ്ങൾ അനുഭവിക്കാൻ കഴിയുന്നുണ്ട്.
അതിനൊപ്പം ഈ മേഖലയെ ദുരുപയോഗം ചെയ്യുന്നവരും ഏറുകയാണ്. വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. അതിനു തടയിടാനുള്ള ശ്രമങ്ങളിലാണു കേന്ദ്ര സർക്കാർ സംവിധാനങ്ങൾ. പക്ഷേ, ഒന്നും വിജയത്തിലെത്തിയെന്നു പറയാനാവില്ല. സൈബർ സുരക്ഷ ദേശീയ പ്രാധാന്യമുള്ള വിഷയമായി മാറിയതും അതുകൊണ്ടു തന്നെയാണ്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു രൂപയാണു തട്ടിപ്പു സംഘങ്ങൾ ജനങ്ങളിൽ നിന്നു കവർന്നെടുക്കുന്നത്. 2024ൽ മാത്രം രാജ്യത്ത് 22,800 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണു കണക്ക്. ഈ വർഷത്തെ കണക്കുകളും ആശങ്കപ്പെടുത്തുന്നതു തന്നെയാവും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ കണക്കനുസരിച്ച് 2025ന്റെ ആദ്യ അഞ്ചു മാസങ്ങളിൽ 7,000 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുകളാണു രാജ്യത്തു നടന്നിട്ടുള്ളത്. സൈബർ സുരക്ഷ ഉറപ്പാക്കാൻ എല്ലാ പുതിയ സ്മാർട്ട് ഫോണുകളിലും കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ ആപ് "സഞ്ചാർ സാഥി' പ്രീ-ഇൻസ്റ്റോൾ ചെയ്യണമെന്ന് സ്മാർട്ട് ഫോൺ നിർമാതാക്കളോടു ടെലികോം മന്ത്രാലയം നിർദേശിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്. അതു പക്ഷേ, ഒരു വിവാദത്തിനും ഇട നൽകിയിരിക്കുകയാണ്.
മൊബൈൽ ഫോണുകളിൽ "സഞ്ചാർ സാഥി' ആപ് നിർബന്ധമാക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തുന്നുണ്ട്. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ തന്ത്രം, മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റം എന്നൊക്കെയാണു പ്രതിപക്ഷം പറയുന്നത്. ഡിലീറ്റ് ചെയ്യാൻ കഴിയാത്ത വിധത്തിലുള്ളതാണ് ഈ ആപ് എന്ന ആരോപണം സർക്കാർ നിഷേധിച്ചിട്ടുണ്ട്. ആപ് വേണ്ടാത്തവർക്ക് അതു ഡിലീറ്റ് ചെയ്യാമെന്നു കേന്ദ്ര വാർത്താവിനിമയ വകുപ്പു മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളിലേക്ക് ആപ് എത്തിക്കുക എന്ന കടമയാണു സർക്കാർ ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി അവകാശപ്പെടുന്നു. എന്തായാലും സൈബർ തട്ടിപ്പുകൾ തടയാനുള്ള നടപടികൾ പല വിധത്തിലും സർക്കാർ സ്വീകരിച്ചുവരികയാണ്.
ഇതിനിടെയാണ് ഡിജിറ്റൽ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ചു രാജ്യവ്യാപകമായി ഏകീകൃത അന്വേഷണം നടത്താൻ സിബിഐയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്റർപോളിന്റെ സഹായത്തോടെ രാജ്യത്തിനു പുറത്തേക്കും അന്വേഷണമാവാമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിന് അംഗീകാരം നൽകാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയ സുപ്രീം കോടതി, സൈബർ ക്രിമിനലുകളുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കാൻ എഐ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നു റിസർവ് ബാങ്കിനോട് ആരായുകയും ചെയ്തിരിക്കുന്നു. സൈബർ തട്ടിപ്പുകളിൽ ഇപ്പോൾ പ്രധാനമായും നടക്കുന്നതാണു ഡിജിറ്റൽ അറസ്റ്റുകൾ. ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായി നടക്കുമ്പോഴും കൂടുതൽ ആളുകൾ ഈ തട്ടിപ്പിന് ഇരകളായിക്കൊണ്ടിരിക്കുന്നു.
കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളുടെയോ കോടതിയുടെയോ ഉദ്യോഗസ്ഥരെന്നു നടിച്ച് ഓഡിയൊ, വിഡിയൊ കോളുകളിലൂടെ ഇരകളെ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യമാണു ഡിജിറ്റൽ അറസ്റ്റ്. ഇരകളെ വെർച്വലായി ബന്ദികളാക്കി പണം നൽകാൻ സമ്മർദം ചെലുത്തുകയാണു തട്ടിപ്പുകാർ ചെയ്യുന്നത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേസുകളില്‍ അഴിമതി നിരോധന നിയമപ്രകാരം ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനും സിബിഐക്ക് അധികാരം ഉണ്ടായിരിക്കുമെന്നു കോടതി പറഞ്ഞതു പ്രധാനമാണ്. നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ സിബിഐ അന്വേഷിക്കണമെന്നു കോടതി നിർദേശിക്കുന്നുണ്ട്. ഡിജിറ്റൽ അറസ്റ്റുകളുമായി ബന്ധപ്പെട്ടുള്ള രാജ്യവ്യാപക അന്വേഷണത്തിന് എത്രയും പെട്ടെന്നു സിബിഐ നടപടികൾ ആരംഭിക്കണം. സർക്കാരുകളും ഐടി കേന്ദ്രങ്ങളും എല്ലാം സിബിഐയ്ക്ക് ആവശ്യമായ സഹായം ചെയ്തു കൊടുക്കുകയും വേണം.

