

നിർഭയ കേസ് പ്രതികൾ
രാജ്യതലസ്ഥാനത്തു പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരും പൊലീസും വേണ്ടത്ര വിജയിക്കുന്നില്ല എന്നതു വളരെയേറെ ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളാണ് ഡൽഹിയിൽ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുകയും ചെയ്തു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കു ഭീഷണി ഉയർത്തിക്കൊണ്ട് ക്രിമിനലുകൾ വിലസുന്ന നഗരമായി ഡൽഹി തുടരുന്നു എന്നതു സർക്കാരിന്‍റെ ഭാഗത്തുനിന്ന് കർശന നടപടികൾ ആവശ്യമാണ് എന്നു തന്നെയാണു തെളിയിക്കുന്നത്. 2012 ഡിസംബർ പതിനാറിനാണ് രാജ്യത്തെയാകെ നടുക്കിയ "നിർഭയ' സംഭവം ഡൽഹിയിലുണ്ടാവുന്നത്. ഓടുന്ന ബസിൽ രാത്രി വിദ്യാർഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് അതിക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ചു റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവൾക്കു വേണ്ടി രാജ്യം മുഴുവൻ പ്രാർഥനയിലായെങ്കിലും ജീവിതം തിരിച്ചുകിട്ടിയില്ല. ഏതാനും ദിവസങ്ങൾക്കകം സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു.
ഈ സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനു കാരണമായി. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനു കർശനമായ നിയമം വേണമെന്ന് ആവശ്യമുയർന്നു. സ്ത്രീ സുരക്ഷയ്ക്കായി പുതിയ നിയമങ്ങളും അതിവേഗ കോടതികളുമെല്ലാം അതിനുശേഷം നിലവിൽ വരുകയുണ്ടായി. എന്നാൽ, നിർഭയ സംഭവവും ഡൽഹിയിൽ അടക്കം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറവു വരുത്തുന്നതിനു കാരണമായിട്ടില്ല എന്നാണ് ഇക്കഴിഞ്ഞ വർഷങ്ങളിലെയെല്ലാം കേസുകളുടെ കണക്കുകൾ കാണിക്കുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ മെട്രൊ നഗരങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നതു ഡൽഹിയിൽ തന്നെയാണ്. ഡൽഹി പൊലീസിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം രണ്ടായിരത്തോളം ബലാത്സംഗ കേസുകളാണ് രാജ്യതലസ്ഥാനത്തു റിപ്പോർട്ടു ചെയ്തത്. അതിനു മുൻപുള്ള വർഷങ്ങളിലും രണ്ടായിരത്തിലേറെ വീതം കേസുകളുണ്ടായിരുന്നു. ഈ കണക്കിൽ കാര്യമായ കുറവുണ്ടാക്കുന്നതിന് പ്രത്യേക ജാഗ്രതയും ശ്രദ്ധയും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഡൽഹി കൽക്കാജി മന്ദിറിനു സമീപം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളായ മൂന്നു പേരിൽ ഒരാളെ പൊലീസ് പിടികൂടിയത് ഏറ്റുമുട്ടലിനു ശേഷമാണ്. പൊലീസ് സംഘത്തിനു നേരേ ഇയാൾ മൂന്നു റൗണ്ട് നിറയൊഴിച്ചു എന്നാണു പറയുന്നത്. തിരിച്ചു വെടിവച്ചപ്പോൾ പ്രതിയുടെ വലതു കാലിൽ വെടിയേറ്റതായി പൊലീസ് പറയുന്നുണ്ട്. ഇതുപോലുള്ള ക്രിമിനലുകളാണ് ഡൽഹിയുടെ തെരുവുകളിൽ ഭീഷണി ഉയർത്തുന്നത്. പെൺകുട്ടിയും ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തും കൽക്കാജി മന്ദിറിൽ പോയ ശേഷം സമീപമുള്ള പാർക്കിൽ എത്തിയപ്പോഴാണ് പൊലീസുകാരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും ആൺ സുഹൃത്തിനെ തടഞ്ഞുവച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. പതിനാറു വയസുള്ള പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിൽ വിജനമായ പറമ്പിൽ ഉപേക്ഷിച്ച സംഭവമുണ്ടായിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന്‍റെ ഒരു കൈ വേർപെട്ട നിലയിലായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നുവെന്നും ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരുൾപ്പെടെ നാലു പ്രതികളെയാണ് അറസ്റ്റു ചെയ്തത്. പ്രതികൾ മദ്യലഹരിയിലായിരുന്നു കുറ്റകൃത്യം ചെയ്തതെന്നു പൊലീസ് പറയുന്നുണ്ട്.
സദർ ബസാറിൽ പഠനോപകരണങ്ങൾ വാങ്ങാൻ പോയ പത്തു വയസുകാരിയെ കടയ്ക്കുള്ളിൽ കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ കടയിലെ ജോലിക്കാരനായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തതും ഏതാനും ദിവസം മുൻപാണ്. കിഷൻഗഞ്ചിൽ ആറു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുപ്പത്തിനാലുകാരനെ പൊലീസ് അറസ്റ്റു ചെയ്തതു തിങ്കളാഴ്ചയായിരുന്നു. ഡൽഹിയിൽ മാത്രമല്ല രാജ്യത്തിന്‍റെ പല ഭാഗത്തും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആശങ്ക ഉയർത്തുന്ന തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകൾക്കു ഭയരഹിതമായി പുറത്തിറങ്ങാനും യാത്ര ചെയ്യാനും കഴിയുന്ന വിധത്തിൽ നമ്മുടെ നഗരങ്ങൾ സുരക്ഷിതമാവേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന അതിശക്തമായ നടപടികൾ രാജ്യതലസ്ഥാനത്തു തന്നെയുണ്ടാവട്ടെ. രാത്രി സമയങ്ങളിലടക്കം പൊതുഇടങ്ങളിൽ ഭയരഹിതമായി സഞ്ചരിക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീ ശാക്തീകരണത്തിന്‍റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണു സുരക്ഷ. നിയമം ശക്തമാക്കുന്നതിനൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമായി നടക്കേണ്ടതുണ്ട്.