അഭിമാനകരം, ഉയർന്ന പോളിങ്

തമിഴ്നാട്ടിൽ 85.1 ശതമാനവും പശ്ചിമ ബംഗാളിൽ 92.9 ശതമാനവും പേർ വോട്ടു ചെയ്തിട്ടുണ്ടെന്നാണു കണക്കുകൾ
 Proud, high turnout

അഭിമാനകരം, ഉയർന്ന പോളിങ്

file photo

Updated on

കഴിഞ്ഞ ദിവസം ഒരൊറ്റ ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പു നടന്ന തമിഴ്നാട്ടിലും ഒന്നാം ഘട്ടം വോട്ടെടുപ്പു കഴിഞ്ഞ പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്ങാണ് ഉണ്ടായിട്ടുള്ളത്. തമിഴ്നാട്ടിൽ 85.1 ശതമാനവും പശ്ചിമ ബംഗാളിൽ 92.9 ശതമാനവും പേർ വോട്ടു ചെയ്തിട്ടുണ്ടെന്നാണു കണക്കുകൾ. പോസ്റ്റൽ ബാലറ്റുകൾ അടക്കം ചേർക്കുമ്പോൾ ചെറിയ വ്യത്യാസം ഇനിയുമുണ്ടായേക്കാം.

ഇതിനു മുൻപ് ഒരിക്കലും 80 ശതമാനത്തിലെത്തിയിട്ടില്ല തമിഴ്നാട്ടിലെ പോളിങ്. 2011ൽ 78.29 ശതമാനം വോട്ടെടുപ്പുണ്ടായതാണ് ഇതിനു മുൻപുള്ള റെക്കോഡ്. അതിൽ നിന്ന് ആറു ശതമാനത്തിലേറെ മെച്ചപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. 2021ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.6 ശതമാനം പേരാണു വോട്ടുചെയ്തത്. അതുമായുള്ള താരതമ്യത്തിൽ 11 ശതമാനത്തിലേറെയാണു വർധന.

പശ്ചിമ ബംഗാളിൽ 2011ലെ പോളിങ് 84.72 ശതമാനമായിരുന്നു. അതിൽ നിന്ന് എട്ടുശതമാനത്തിലേറെ വർധന എന്നതു വലിയ മാറ്റമാണ്. 2021ൽ 82 ശതമാനത്തോളമായിരുന്നു സംസ്ഥാനത്തെ പോളിങ്. അതിൽ നിന്നു പത്തു ശതമാനത്തിലേറെയാണു വർധന. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആദ്യമായി അധികാരത്തിലെത്തിയ വർഷമാണ് 2011. അന്നു കണ്ടതിലും വലിയ പോളിങ് ഇക്കുറിയുണ്ടാവുമ്പോൾ അത് എന്തിന്‍റെ സൂചനയാണ് എന്ന ചർച്ചകൾ പശ്ചിമ ബംഗാളിൽ ആരംഭിച്ചിട്ടുണ്ട്.

നടൻ വിജയിന്‍റെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ് ഇക്കുറി തമിഴ്നാട്ടിലെ പ്രത്യേകത. വലിയ തോതിലുള്ള ജനക്കൂട്ടത്തെ ആകർഷിക്കാൻ വിജയിനു കഴിഞ്ഞിട്ടുണ്ട്. ഇതു മാറ്റത്തിനുള്ള വോട്ടായി ടിവികെ പക്ഷം കാണുന്നു. ടിവികെ പ്രധാന രാഷ്‌ട്രീയ ശക്തിയായി ഉയർന്നുവരുമെന്ന കണക്കുകൂട്ടലുകൾ തെരഞ്ഞെടുപ്പു വിദഗ്ധർക്കുമുണ്ട്. യുവാക്കൾ വലിയ തോതിൽ വോട്ടുചെയ്യാനെത്തിയതു പലരും എടുത്തു കാണിക്കുന്നുണ്ട്. രണ്ടു സംസ്ഥാനത്തും പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ പോളിങ് ബൂത്തുകളിലെത്തി എന്നതും ശ്രദ്ധേയമാണ്.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. വോട്ടർ പട്ടികയുടെ ശുദ്ധീകരണം പോളിങ് ശതമാനം ഉയർത്തുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്. അതടക്കം പോളിങ് ശതമാനം ഉയർത്താൻ തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ച നടപടികൾ വിജയത്തിലെത്തിയിരിക്കുന്നു. നേരത്തേ കേരളത്തിലും പുതുച്ചേരിയിലും അസമിലും മികച്ച പോളിങ്ങിന് കമ്മിഷന്‍റെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്.

അതിന്‍റെ തുടർച്ചയാണു തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും കാണുന്നത്. ഈയിടെ കേരളത്തിനൊപ്പം വോട്ടെടുപ്പു നടന്ന പുതുച്ചേരിയിലും 91 ശതമാനത്തിലേറെ പോളിങ് ഉണ്ടായി. ഈ കേന്ദ്രഭരണ പ്രദേശത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണിത്. ത്രിപുരയിൽ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 93.6 ശതമാനം പേർ വോട്ടുചെയ്ത ചരിത്രമുണ്ട്. അതിനടുത്താണ് അന്തിമ കണക്കു വരാനിരിക്കെ പശ്ചിമ ബംഗാളിലെ ആദ്യ ഘട്ടത്തിലെ പോളിങ്. രണ്ടാം ഘട്ടത്തിലും 90 ശതമാനം കടക്കുമോ എന്നതാണ് ഇപ്പോൾ സർവരും ഉറ്റുനോക്കുന്നത്.

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതാണ്. മുഖ്യമന്ത്രി മമത ബാനർജിയും തൃണമുൽ കോൺഗ്രസും സംശയത്തോടെയാണ് അതിനെ കണ്ടത്. പരിഷ്കരണം നിർത്തിവയ്ക്കണമെന്നു വരെ മമത ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്‍റെ വോട്ടർ പട്ടിക പുതുക്കലിലൂടെ 91 ലക്ഷം പേരുകളാണു പട്ടികയിൽ നിന്നു പുറത്തായത്. അതോടെ വോട്ടർ പട്ടിക 11 ശതമാനത്തിലേറെ ചുരുങ്ങി.

പട്ടികയിലെ ഇരട്ടിപ്പുകൾ ഒഴിവായി. മരിച്ചവർ, സ്ഥലം മാറിപോയവർ, അർഹതയില്ലാത്തവർ എന്നിങ്ങനെയുള്ള പേരുകളും നീക്കം ചെയ്യപ്പെട്ടു. അതിന്‍റെ ഫലം പോളിങ് ശതമാനം ഉയർന്നതിൽ കാണാനുണ്ടെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പു കമ്മിഷനും സുപ്രീം കോടതിയും സംസ്ഥാനത്തെ ഉയർന്ന പോളിങ് ശതമാനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പൊതുവേ തെരഞ്ഞെടുപ്പ് അക്രമങ്ങൾ കൂടുതലായി കാണാറുള്ള സംസ്ഥാനത്ത് ഇക്കുറി അതുണ്ടായില്ല എന്നതും സന്തോഷകരമാണ്.

വോട്ടർ പട്ടിക തീവ്ര പരിഷ്കരണ "ഗൂഢാലോചന'യ്ക്കെതിരെ ജനങ്ങൾ കൂട്ടത്തോടെ വോട്ടു ചെയ്തുവെന്നാണു മമത ബാനർജി അവകാശപ്പെടുന്നത്. അതേസമയം, തങ്ങൾക്ക് അനുകൂലമായ തരംഗമാണെന്നു ബിജെപിയും വിശ്വസിക്കുന്നുണ്ട്. ഉയർന്ന വോട്ടിങ് ശതമാനമുണ്ടാവുമ്പോൾ അതു ഭരണമാറ്റത്തിനുള്ള സാധ്യതയാണു തെളിയിക്കുന്നതെന്നു ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു. സ്ത്രീ വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തം ഇരുപക്ഷവും അനുകൂലമായി കാണുന്നുണ്ട്. ഏപ്രിൽ 29നാണ് പശ്ചിമ ബംഗാളിൽ 142 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടം വോട്ടെടുപ്പ്. അതിലും ഉയർന്ന പോളിങ് ഉണ്ടാവുമെന്നാണു തൃണമുലും ബിജെപിയും പ്രതീക്ഷിക്കുന്നത്.

തമിഴ്നാട്ടിൽ വോട്ടർ പട്ടിക പരിഷ്കരണത്തോടെ 68 ലക്ഷത്തോളം പേരുകളാണു പുറത്തായത്. അതുവഴി പട്ടിക 10.6 ശതമാനം ചുരുങ്ങി. വോട്ടർ പട്ടികയിൽ കൂടുതൽ പേരുകൾ ഒഴിവായ ജില്ലകളിലാണു പോളിങ് ശതമാനവും കൂടുതലായിട്ടുള്ളത്. പരിഷ്കരണം പോളിങ് ശതമാനം കൂട്ടിയെന്നതിന് ഇതുതന്നെ തെളിവാണ്. തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തുന്നത് ജനാധിപത്യത്തിൽ അഭിമാനകരം തന്നെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com